കേരളം മുഴുവന്‍ റോഡില്‍ AI ക്യാമറ വരുമ്പോള്‍ പിഴ അറിഞ്ഞ് വാഹനമോടിക്കാം; കീശ ‘കീറാതെ’ നോക്കാം
സംസ്ഥാനത്ത് എഐ ക്യാമറ കണ്ണുകള്‍ മിഴി തുറക്കുമ്പോള്‍ നിയമലംഘകര്‍ അല്‍പം ഗൗരവമായി ചിന്തിക്കേണ്ടിരിക്കുന്നു. ഏപ്രില്‍ 20 മുതല്‍ സംസ്ഥാനത്തെ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി കാത്തിരിക്കുന്നത്. ഹെല്‍മെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത്, ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, മൊബൈലില്‍ സംസാരിച്ചുള്ള യാത്ര എന്നിവ എഐ ഒപ്പിയെടുക്കും.
വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ക്യാമറകള്‍ വഴി നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള നടപടികളിലേക്ക് എംവിഡി കടന്നത്.
ഒരു ക്യാമറയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ പരമാവധി ആറു മണിക്കൂറിനുള്ളില്‍ വാഹന്‍ സൈറ്റിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് കുറ്റകാര്‍ക്ക് മൊബൈല്‍ ഫോണില്‍ പിഴ സംബന്ധിച്ച സന്ദേശമെത്തും. പിന്നാലെ ദിവസങ്ങള്‍ക്കകം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിലാസത്തിലേക്ക് പിഴയുടെ വിശദാംശങ്ങള്‍ ചിത്രങ്ങള്‍ സഹിതം നോട്ടീസായി എത്തും.
പിഴത്തുക ഈടാക്കുക ഇങ്ങനെ
- അനധികൃത പാര്‍ക്കിംഗ്: 250
- ഹെല്‍മറ്റില്ലാതെയുള്ള യാത്ര: 500 രൂപ
- പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെയുള്ള യാത്ര: 500
- സീറ്റ്‌ബെല്‍റ്റില്ലാതെയുള്ള യാത്ര: 500
- ഇരുചക്രവാഹനത്തില്‍ രണ്ടില്‍ കൂടുതലുള്ളവരുടെ യാത്ര: 1000
- അമിതവേഗത: 1500
- ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ സംസാരം: 2000