പകർച്ചവ്യാധി പ്രതിരോധം; കോഴിക്കോട് ഐസ് ഉരതിക്ക് നിരോധനം

കോഴിക്കോട് : പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഐസ് ഉരതി പോലുള്ള പാനീയങ്ങൾ നഗരത്തിൽ കോർപ്പറേഷൻ താത്‌കാലികമായി നിരോധിച്ചു. അനധികൃതമായി റോഡരികിൽ നടത്തുന്ന ഭക്ഷണ-പാനീയ വിൽപ്പനയ്ക്കെതിരേ നടപടിയെടുക്കും. ജൂൺ ഒന്നുവരെയാണ് ഇത്തരം നിരോധനം. മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നത് തടയുന്നതിനായി ഹോട്ടലുകളിലെ കുടിവെള്ളം സർക്കാർ ലാബുകളിൽനിന്ന് പരിശോധിച്ച് ഉപയോഗയോഗ്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് നിർദേശം നൽകും.മേയർ ഡോ. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിൽ റോഡരികിൽ പലഭാഗത്തും തോന്നുംപടി കരിമ്പ് ജ്യൂസ്, മുന്തിരികൊണ്ടുള്ള പാനീയം എന്നിവയെല്ലാം വിൽക്കുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ തട്ടുകടകളും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം കച്ചവടങ്ങൾക്കെതിരേ പൊതുജനാരോഗ്യനിയമപ്രകാരം കർശനനടപടിയെടുക്കും.ജില്ലയിൽ ഈവർഷം ഏപ്രിൽവരെ 132 പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. കഴിഞ്ഞമാസം രണ്ടുപേർ മരിച്ചു. കോർപ്പറേഷനിലും പലഭാഗങ്ങളിലും പകർച്ചവ്യാധികളുണ്ട്
ജാഗ്രത കർശനമാക്കുംകോർപ്പറേഷൻ പരിധിയിൽ മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധി വ്യാപനത്തിനെതിരേ ജാഗ്രതാനടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ചുരണ്ടിയ ഐസ് പോലുള്ളവ നിരോധിച്ചത്. ഐസ് ഉണ്ടാക്കുന്ന വെള്ളം നല്ലതല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ ബോധവത്കരിക്കുന്നതിനായി 14-ന് ജൂബിലിഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ കൗൺസിലർമാർ, കോർപ്പറേഷൻ ആരോഗ്യവിഭാഗം ജീവനക്കാർ, ആശാവർക്കർമാർ, കുടുംബശ്രീ എ.ഡി.എസ്. പ്രതിനിധി തുടങ്ങിയവരെ പങ്കെടുപ്പിച്ച് ബോധവത്കരണ ക്ലാസ് നടത്തും.