സിദ്ദീഖ് എഴുതുന്നു…എന്റെ ഭ്രാന്തൻ ചിന്തകൾ..
Educate your children how to be happy, not to be rich..ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തിയുള്ള ഒന്നാണെന്ന് തോന്നിയ ഒരു മഹത് മൊഴി.. സിംഗപ്പൂരിൽ റിപ്പയറിങ് ഷിപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലം.. വലിയ ഒരു ചരക്ക് കപ്പൽ ചില റിപ്പയറിങ് ജോലിക്കായി ഞങ്ങളുടെ ഷിപ്പിയാർഡിൽ വന്നു.. തൊട്ടടുത്തുള്ള പുതിയ ഒരു കപ്പലിലായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്..
ആ ചരക്ക് കപ്പലിന്റെ മെയിൻ ഡക്കിൽ ഇരുന്ന് ഒരാൾ തേഞ്ഞുപോയ ഒരു ഇരുമ്പ് ദണ്ട് വെൽഡ് ചെയ്ത് അതിന്റെ കട്ടി കൂട്ടിക്കൊണ്ടിരിക്കുന്നു.. മറ്റ് പല ജോലികളിലും ഏർപ്പെട്ടിരുന്ന ആ ഷിപ്പിലെ ജോലിക്കാരോടും ഞങ്ങളുടെ കമ്പനിയിലെ ജീവനക്കാരോടും വളരെ സൗമ്യനായി സന്തോഷത്തോടും ചിരിച്ചും കുശലം പറയുന്ന അദ്ദേഹത്തെ എനിക്ക് തൊട്ടടുത്തുള്ള ഷിപ്പിൽ നിന്നും കാണാമായിരുന്നു.. രാവിലെ എട്ടുമണിക്ക് ഞാനെന്റെ ഷിപ്പിലേക്ക് പോകുമ്പോൾ അയാൾ ആ ജോലി തുടങ്ങിയിരുന്നു.. പത്തുമണിക്ക് ടീ ബ്രേക്കിന് പോകുമ്പോഴും അയാൾ അത് തുടർന്നുകൊണ്ടിരുന്നു..വെൽഡ് ചെയ്യുന്നു. ഗ്രൈൻഡർ ഉപയോഗിച്ച് മിനസപ്പെടുത്തുന്നു.. ലഞ്ചിന് പോകുമ്പോഴും അയാൾ ആ ജോലിയിൽ വ്യാവൃതനായിരുന്നു.. ആ കപ്പൽ മൂന്ന് ദിവസം കഴിഞ്ഞാണ് ഞങ്ങളുടെ യാർഡ് വിട്ട് പോയത്.. ആ മൂന്ന് ദിവസങ്ങളിലും അയാൾ ആ ജോലിയും മറ്റ് പല ജോലികളും ചെയ്യുന്നത് ഞാൻ അലക്ഷ്യമായി ശ്രദ്ധിച്ചിരുന്നു.. കപ്പൽ പോകാൻ നേരമാണ് ഞാൻ അറിയുന്നത്, ആ ജപ്പാൻ കാരനാണ് ആ കപ്പലിന്റെ ക്യാപ്റ്റൻ എന്ന്.. അദ്ദേഹത്തിന് ആ ജോലി ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.. ആ ജോലി ചെയ്തു എന്നു വെച്ച് കൂടുതൽ ശമ്പളം കിട്ടുകയുമില്ല..
എന്നിട്ടും സന്തോഷത്തോടെ അദ്ദേഹം ആ ജോലി ചെയ്യുന്നു.. ജോലി ചെയ്യുന്നതും സന്തോഷത്തിനു വേണ്ടിയാണ് എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.. ജപ്പാൻകാരുടെ വിദ്യാഭ്യാസ രീതി ( മറ്റു പല സമ്പന്ന രാജ്യങ്ങളിലേയും) സമ്പാദിക്കാൻ പഠിപ്പിക്കുന്നതോടൊപ്പം സന്തോഷമായിരിക്കാനും പഠിപ്പിക്കുന്നു.. സന്തോഷമായെങ്കിൽ മാത്രമേ അവരുടെ കഴിവ് ഏറ്റവും ഭംഗിയായി ഉപയോഗിക്കാൻ കഴിയൂ എന്ന് അവർക്കറിയാം.. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ജപ്പാൻ കാണികൾ കളി കഴിഞ്ഞു സ്റ്റേഡിയം വിടുന്നതിനു മുമ്പ് അവര് തമ്പടിച്ചിരുന്ന ഏരിയ മുഴുവൻ വൃത്തിയാക്കുന്നത് ലോകം മുഴുവൻ കണ്ടതാണ്.. രണ്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന അവരുടെ കുട്ടികളെ അവരുടെ രക്ഷിതാക്കൾ ചെയ്യുന്ന ജോലിയും ജോലിയുടെ കാഠിന്യവും വീഡിയോ ക്ലിപ്പിലൂടെ കാണിച്ചു കൊടുക്കുന്നു.. തങ്ങളുടെ രക്ഷിതാക്കൾ തങ്ങൾക്കുവേണ്ടി കഷ്ടപ്പെടുന്നത് ആ കുഞ്ഞു വയസ്സിലെ ആ കുട്ടികൾ മനസ്സിലാക്കുന്നു.. അവരവരുടെ രക്ഷിതാക്കളെ സ്നേഹിക്കുന്നു..സ്നേഹം തന്നെയാണ് സന്തോഷം.. മറ്റൊരു രാജ്യത്ത് പോയി ആരും ചോദിക്കാനോ പറയാനോ ഇല്ലെന്നറിഞ്ഞിട്ടും ആ പരിസരം വൃത്തിയാക്കിയ അവർ അവരുടെ വീടും പരിസരവും പ്രകൃതിയും എത്രകണ്ട് പരിപാലിക്കുമെന്ന് പറയേണ്ടതില്ലല്ലോ.. ഈ പ്രക്രിയകളൊക്കെ തന്നെയാണ് ഓരോരുത്തർക്കും സന്തോഷം നൽകുന്നത്.. രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജപ്പാൻ ഇപ്പോൾ ഈ നിലയിലെത്തിയതിന് പിന്നിൽ അവർ ശീലിച്ചടുത്ത ജീവിത രീതിയാണ്.. ജപ്പാനിലെ ആളുകൾക്കാണ് ഏറ്റവും കൂടുതൽ ആയുർദൈർഘ്യം ഉള്ളതെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.. സിംഗപ്പൂരിൽ തന്നെ കമ്മീഷണിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നപ്പോൾ കപ്പലിന്റെ ജപ്പാൻ നിർമ്മിത എൻജിൻ നിഗാട്ടാ കമ്മീഷണിംഗ് ചെയ്യാൻ വരുന്ന ജപ്പാൻ എൻജിനീയർമാരെയും ഞാൻ പരിചയപ്പെട്ടിട്ടുണ്ട്.. അവരുടെ പെരുമാറ്റവും ജോലിയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.. കഠിനാധ്വാനത്തിന്റെ പര്യായമായി ജപ്പാൻകാരെ പറയാം..ഇംഗ്ലീഷ് വളരെ കുറച്ച് മാത്രം അറിയാവുന്ന അവർ എൻജിന്റെ കാറ്റലോഗുകളും മറ്റും ജപ്പാനിസിൽ ഉള്ളത് തന്നെയായിരുന്നു ഉപയോഗിച്ചത്.. ഒരു പ്രത്യേക ഭാഷ ഒരറിവിന്‍റെയും മാനദണ്ഡമല്ല എന്നവർ മനസ്സിലാക്കിയിരുന്നു..
നമ്മളെല്ലാവരും നമ്മുടെ മക്കളെ എങ്ങിനെ പണക്കാരനാകാം എന്ന് പഠിപ്പിക്കുന്നു.. നിർഭാഗ്യവശാൽ എങ്ങിനെ സന്തോഷവാനായിരിക്കാം എന്ന് നമ്മൾ എവിടെയും പഠിക്കുന്നില്ല.. എത്ര അധികം സമ്പത്ത് വാരിക്കൂട്ടിയാലും സന്തോഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതുകൊണ്ട് എന്ത് ഗുണമാണുള്ളത്?..അവർ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്?.. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും പഠിച്ച് നേടുന്ന ഡിഗ്രിക്ക് അനുസരിച്ചുള്ള തൊഴിലുകൾ ഇന്ന് വളരെ പരിമിതമാണ്.. പ്ലസ് ടു കഴിഞ്ഞ് പുറത്തിറങ്ങുന്ന കുട്ടികളിൽ ബഹുഭൂരിപക്ഷം പേരും തുടർന്ന് പഠിച്ച് ഒരു ഡിഗ്രി സ്വായത്തമാക്കുന്നു.. ഒരു ജോലിയും അതിലൂടെ നേടുന്ന സമ്പത്തും ജീവിതസൗകര്യങ്ങളും മാത്രം ലക്ഷ്യം വെച്ച് അവർ പഠിക്കുന്നു. ഡിഗ്രി നേടുന്നു.. ചിലർക്ക് അവർ ആഗ്രഹിച്ചത് പോലെ ഉന്നത ജോലിയും ( വിദേശത്തോ സ്വദേശത്തോ ) മറ്റു സൗകര്യങ്ങളും ലഭിക്കുന്നു. അവർ സമ്പാദിക്കുന്നു. ആവശ്യത്തിനും അതിൽ കൂടുതലും. വീണ്ടും വീണ്ടും സമ്പാദിക്കാനുള്ള അവരുടെ ത്വര അവരറിയാതെ തന്നെ അവരുടെ സന്തോഷത്തെ കൊല്ലുന്നു.. ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ അവർക്ക് കഴിയാതെ വരുന്നു.. ജീവിതത്തിൽ ഒന്നോ രണ്ടോ തവണ സംഭവിക്കുന്ന വലിയ വലിയ കാര്യങ്ങൾ മാത്രമാണ് സന്തോഷത്തിന് നിദാനം എന്നവർ കരുതുന്നു.. തന്റെ രണ്ടു വയസ്സുകാരൻ കുഞ്ഞിനെ കളിപ്പിക്കാനോ പ്രായമായ അമ്മയെ സ്നേഹത്തോടെ ഒന്ന് പരിചരിക്കാനോ അവർക്ക് സമയമില്ല. സ്വന്തം ഇണയോട് ഒന്നു സല്ലപിക്കാനോ പരസ്പരം ഇഷ്ടങ്ങൾ മനസ്സിലാക്കാനോ പണ സമ്പാദനത്തിന് മാത്രമുള്ളതാണ് ജീവിതം എന്ന് ചിന്തിക്കുന്ന, അവർ മറന്നു പോകുന്നു.. പണവും പേരും പ്രശസ്തിയും അധികാരവും നേടിയെടുക്കുന്നതിൽ അവർ ജാഗരൂകരാകുന്നു.. മറ്റുള്ളവരുടെ മുമ്പിൽ പത്രാസ് കാണിക്കലാണ് ജീവിതത്തിലെ ധന്യ മൂർത്തം എന്നവർ കരുതുന്നു.. പഠനം കഴിഞ്ഞ് , അവരുടെ ഡിഗ്രിക്ക് അനുസരിച്ചുള്ള ജോലി ലഭിക്കാത്തവരാണ് ബഹുഭൂരിപക്ഷം പേരും.. അല്ലെങ്കിലും ഇത്രയും പേർക്ക് കൊടുക്കാൻ ജോലി എവിടെ?.. അവർ നിരാശരാകുന്നു. മറ്റെന്തെങ്കിലും ജോലിക്ക് പോകുന്നത് ഒരു കുറവായി കാണുന്നു. ജോലിയോ വരുമാനമോ ഇല്ലാത്ത അവർക്ക് മറ്റെന്തിലെങ്കിലും സന്തോഷം കണ്ടെത്താനാകുന്നില്ല.. പിന്നീട് എന്തെങ്കിലും ജോലി കഷ്ടപ്പെട്ട്, ഇഷ്ടപ്പെട്ടല്ലാതെ ചെയ്ത് ജീവിതം മുന്നോട്ടു നയിക്കുന്നു.. നിർഭാഗ്യവശാൽ, നമ്മളും നമ്മുടെ അധ്യാപകരും അറിഞ്ഞോ അറിയാതെയോ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നതും അവരറിയാതെ പഠിക്കുന്നതും ഈ ലോകം പണ്ടേ എഴുതിത്തള്ളിയ ആന്റി ക്രൈസ്റ്റ് നീഷോയുടെ സിദ്ധാന്തമായ “സുഖിക്കുക, രമിക്കുക, മരിക്കുക” എന്നതാണ്..Sidhique Patta..