താമരശ്ശേരി ചുരം ബൈപ്പാസ് ജനകീയ സംഗമം നടത്തി
പുതുപ്പാടി : ചുരം ബൈപ്പാസ് പാതയായ ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ് യാഥാർഥ്യമാക്കി താമരശ്ശേരി ചുരത്തിലെ യാത്രാദുരിതം പരിഹരിക്കണമെന്നാ വശ്യപ്പെട്ട് ചുരം ബൈപ്പാസ് ആക്‌ഷൻ കമ്മിറ്റി ബൈപ്പാസ് നിർമാണ ജനകീയ സംഗമം സംഘടിപ്പിച്ചു. അടിവാരം അങ്ങാടിയിൽ നടന്ന സംഗമം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ചുരം ബൈപ്പാസ് റോഡിന്റെ സാധ്യതാ പഠനത്തിന് കഴിഞ്ഞ ബജറ്റിൽ ടോക്കൺ പ്രൊവിഷൻ അനുവദിച്ചതായും ദേശീയപാത വികസനക്കരാർ ഏറ്റെടുത്ത എൽ ആൻഡ് ടി കമ്പനി മുഖേന സാധ്യതാപഠനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും എം.എൽ.എ. അറിയിച്ചു.ആക്‌ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻകുട്ടി അധ്യക്ഷനായി. കൺവീനർ ടി.ആർ.ഒ. കുട്ടൻ, ടി.എം. പൗലോസ്, ഗിരീഷ് തേവള്ളി, നജ്മുന്നിസ ഷെരീഫ്, ഷിജു ഐസക്, അംബിക മംഗലത്ത്, ജോണി പാറ്റാനി, ബുഷ്റ ഷാഫി, ബിജു താന്നിക്കാകുഴി, ഷാൻ കട്ടിപ്പാറ, ഷാഫി വളഞ്ഞപാറ, എം.വൈ. മുഹമ്മദ് റാഷി തുടങ്ങിയവർ സംസാരിച്ചു.
നിവേദനം നൽകിപുതുപ്പാടി : കോടഞ്ചേരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലേക്കുള്ള യാത്രാമധ്യെ അടിവാരത്ത് ഇറങ്ങിയ പ്രിയങ്കാഗാന്ധിയ്ക്ക് ചുരംബൈപ്പാസ് ആക്‌ഷൻ കമ്മിറ്റി നിവേദനം നൽകി. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ബൈപ്പാസ് പാത നിർദേശത്തിന് പ്രധാന പരിഗണന നൽകുമെന്ന് പ്രിയങ്കാ ഗാന്ധി ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.