മുഖ്യമന്ത്രിയെത്തും, വൻ സുരക്ഷയിൽ കോഴിക്കോടും; 500 ലേറെ പൊലീസുകാരെ വിന്യസിച്ചു
കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ടും കർശന സുരക്ഷ. മലപ്പുറത്തെ രണ്ട് പരിപാടികൾക്കും ശേഷം ഉച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് എത്തുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയുളള അമിത സുരക്ഷാ ക്രമീകരണത്തിനെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും പൊലീസ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. 700 ലേറെ പൊലീസുകാരെ വിന്യസിച്ചാണ് മലപ്പുറത്ത് കേരളാ പൊലീസ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയതെങ്കിൽ 500 ലേറെ പൊലീസുകാരെയാണ് കോഴിക്കോട് വിന്യസിക്കുക. വാഹനങ്ങൾ മണിക്കൂറുകൾക്ക് മുമ്പ് തടഞ്ഞും ജനങ്ങളുടെ കറുത്ത് മാസ്ക് അടക്കം മാറ്റിച്ചുമാണ് മുഖ്യമന്ത്രിക്ക് മലപ്പുറത്ത് സുരക്ഷയൊരുക്കിയത്. സമാനമായ രീതിയിലാകും കോഴിക്കോട്ടും പൊലീസ് വിന്യാസവും സുരക്ഷാ ക്രമീകരണവും.
മലപ്പുറത്തെ പരിപാടിക്ക് ശേഷം ഉച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി കോഴിക്കോട്ടെത്തുക. ജില്ലയിൽ 500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 11 ഡിവൈഎസ്പി മാരും 30 എസ് ഐമാരും സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കും. രാമനാട്ടുകര മുതൽ മാഹി വരെ പൊലീസിനെ വിന്യസിക്കും. ഉച്ചമുതൽ വേദികളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കും. ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്‍റ ഹോട്ടലിൽ നടക്കുന്ന പുസ്തക പ്രകാശനമാണ് മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യപരിപാടി. തുടർന്ന് നാലുമണിക്ക് ജില്ല സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം നടക്കും. 5.30ന് കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. പരിപാടികൾക്ക് ഒരു മണിക്കൂർ മുമ്പേ എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം. മാധ്യമ പ്രവർത്തകർക്കുൾപ്പെടെ ഈ നിയന്ത്രണം ബാധകമാണ്.
സ്വപ്ന സുരേഷ്, സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്നത്. ഈ സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ അതീ സുരക്ഷാ വിന്യാസമാണ് പൊലീസ് ഉറപ്പ് വരുത്തുന്നത്. എന്നിരുന്നാലും യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പലയിടത്തും പ്രതിഷേധമുയര്‍ത്തി. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ട് പലയിടത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. മലപ്പുറത്ത് പൊതുജനങ്ങൾ ധരിച്ച കറുത്ത മാസ്ക്കുകൾ അഴിപ്പിച്ചു.