
കുന്ദമംഗലം : കുന്ദമംഗലത്ത് ഞായറാഴ്ചമുതൽ സ്വകാര്യബസുകൾക്ക് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുന്നു. കോഴിക്കോട്ടുനിന്നും മലയോരമേഖലകളിലേക്ക് കുന്ദമംഗലം വഴി പോകുന്ന ബസുകൾക്കാണ് സിറ്റി ട്രാഫിക് പോലീസ് പഞ്ചിങ് ഏർപ്പെടുത്തുന്നത്. ഇതിനായി പുതിയ ബസ് സ്റ്റാൻഡിൽ ക്രമീകരണങ്ങളൊരുക്കും. ഇവിടെയുള്ള പോലീസ് എയ്ഡ് പോസ്റ്റിനുള്ളിൽവെച്ചിട്ടുള്ള പുസ്തകത്തിൽ ബസിന്റെ പേരും സമയവും രേഖപ്പെടുത്തണം.ഒരു ബസ് ഒരു തവണയാണ് പഞ്ചിങ് നടത്തേണ്ടത്. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് കുന്ദമംഗലത്ത് പഞ്ചിങ് ഏർപ്പെടുത്തുന്നത്. തുടർന്ന് ടോക്കൺ സമ്പ്രദായം കൊണ്ടുവരുമെന്ന് ട്രാഫിക് പോലീസ് ഇൻസ്പെക്ടർ സുരേഷ് ബാബു അറിയിച്ചു



