LOCAL NEWSPUTHUPPADY

കായികരംഗത്തിന് മുൻഗണന നൽകി പുതുപ്പാടിയിൽ ബജറ്റ് അവതരിപ്പിച്ചു .

പുതുപ്പാടി:കായിക രംഗത്തിനും ,ഉൽപാദന മേഖലക്കും പ്രാധാന്യം നൽകി കൊണ്ട് 380893000 രൂപ വരവും,378227937 രൂപ ചിലവും 4603465 രൂപ മിച്ചവും വരുന്ന 2023-24 വർഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ പോത്താറ്റിൽ അവതരിപ്പിച്ചു. ഉൽപാദന മേഖലയിൽ കാർഷിക മേഖലക്ക് വലിയ പ്രാധാന്യം ആണ് ബജറ്റിൽ നൽകിയിരിക്കുന്നത്.നെല്ല്, തെങ്ങ് കൃഷികൾക്കും,കൂടാതെ തരിശു നിലം കൃഷിയോഗ്യമാക്കി ജൈവപച്ചക്കറി പ്രോൽസാഹിപ്പിക്കുന്നതിനും വിപണനത്തിനുമായി 34 ലക്ഷം രൂപയും, മൃഗസംരക്ഷണത്തിനും ക്ഷീരമേഖലക്കും പ്രാധാന്യം നൽകി കൊണ്ട് കാലിത്തീറ്റക്കും പാലിനും സബ്സിഡിയും പശു,ആട്,പോത്ത്, കോഴി വളർത്തൽ പദ്ധതികൾക്കും,മറ്റു മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കുമായി 82 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയിലൂടെ മണ്ണ് ജലസംരക്ഷണ പദ്ധതികൾക്ക് 67 ലക്ഷം രൂപയും ഉൾപ്പെടെ 7 കോടി 84 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.യുവജനങ്ങളുടെ അഭിരുചിക്കനുസരിച്ച് കായിക മേഖലക്ക് പ്രാധാന്യം നൽകി പഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ കളിസ്ഥലങ്ങൾ നിർമ്മിക്കും എന്നത് യുഡിഎഫിൻ്റെ പ്രകടനപത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനമാണ്.അത് പ്രാവർത്തികമാക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം കണ്ണപ്പൻകുണ്ട്,അടിവാരം എന്നിവിടങ്ങളിൽ ഒന്നേകാൽ കോടി രൂപയോളം മുടക്കി ഗ്രൗണ്ടിന് സ്ഥലങ്ങൾ വിലക്കെടുത്തിരുന്നു.അതിന്റെ തുടർച്ചയെന്നോണം കൊട്ടാരക്കോത്ത് കളിസ്ഥലത്തിനായി 50 ലക്ഷം രൂപയും കലാകായിക പ്രവർത്തനങ്ങൾക്ക് ആറര ലക്ഷം രൂപയും കൂടി നൽകി 57 ലക്ഷം വകയിരുത്തിയിട്ടുണ്ട്.കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ആവശ്യമായ നടത്തിപ്പിനും അത്യാവശ്യ ഘട്ടങ്ങളിൽ കുടിവെള്ള വിതരണത്തിനുമായി ഫണ്ട് വകയിരുത്തിയിട്ടുണ്ട്.ശിശുക്ഷേമത്തിന് ഏഴര ലക്ഷം രൂപയും, പോഷകഹാരത്തിന് 65 ലക്ഷം രൂപയും, വയോജനങ്ങൾക്ക് 16 ലക്ഷം രൂപയും, വനിതാ വികസനത്തിന് 31 ലക്ഷം രൂപയും ഭിനെനശേഷി വിഭാഗങ്ങൾക്ക് 54 ലക്ഷം രൂപയും, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് 65 ലക്ഷം രൂപയും, ആരോഗ്യ മേഖലക്ക് 43.5ലക്ഷം രൂപയും ശുചിത്വ മേഖലക്ക് 33.5 ലക്ഷം രൂപയും അംഗനവാടികൾക്ക് 23 ലക്ഷം രൂപയും, പാർപ്പിട മേഖലക്ക് 4.53 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.പഞ്ചായത്തിൻ്റെ ചുമതലയിൽ വരുന്ന എല്ലാ മേഖലകൾക്കും ലഭ്യമായ വിഭവങ്ങൾ പരമാവധി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുകകൾ വകയിരുത്തിയിട്ടുള്ളത്.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ആയിഷബീവി,എം.കെ.ജാസിൽ,അഡ്വ. ആയിഷക്കുട്ടി സുൽത്താൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിജു ഐസക്, ഷംസു കുനിയിൽ, ഷിൻജോ തൈക്കൽ,കെ.ജി.ഗീത,ഐബി റെജി, സെക്രട്ടറി ഷാനവാസ് എന്നിവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com