
30 നോമ്പുകൾ പിന്നിട്ട് പരിശുദ്ധ റമളാൻ ഇന്നത്തോടെ പരിസമാപ്തി. കൊടും വേനലിനെയും കടുത്ത ചൂടിനെയും തരണം ചെയ്ത് ശരീരത്തെയും ആത്മാവിനെയും വിശുദ്ധമാക്കിയാണ് ഓരോ വിശ്വാസിയും റമളാൻ പൂർത്തിയാക്കുന്നത്. റമളാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് പള്ളികൾ മനമുരുകിയുള്ള പ്രാർഥനകൾക്ക് സാക്ഷിയായി. ഇന്നത്തേത് അടക്കം 5 വെള്ളിയാഴ്ചകൾ ലഭിച്ചു എന്നതു വിശ്വാസികൾക്ക് സന്തോഷകരമാണ്.
മനസ്സിനെയും ശരീരത്തെയും വ്രതശുദ്ധി കൊണ്ട് പവിത്രമാക്കിയ ആത്മീയ നിർവൃതിയിൽ വിശ്വാസികൾക്ക് നാളെ പെരുന്നാൾ സന്തോഷം. സക്കാത്ത്, ഫിത്റ് സക്കാത്ത് വിതരണം പൂർത്തിയാക്കി റമളാൻ വിട പറയുമ്പോൾ പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കങ്ങളും വിശ്വാസികൾ തുടങ്ങിക്കഴിഞ്ഞു. പെരുന്നാളിനോടനുബന്ധിച്ചു പുതുവസ്ത്രം വാങ്ങാനും മറ്റും ഇന്നലെയും ഇന്നുമായി കടകളിൽ വൻ തിരക്കാണ്.സ്ത്രീകളും പെൺകുട്ടികളും മൈലാഞ്ചി അണിയുന്നതും പ്രധാനമായും ചെറിയ പെരുന്നാൾ എന്നു വിളിക്കുന്ന ഈദുൽ ഫിത്ർ ദിനത്തിലാണ്. ഈദ് നമസ്കാരമാണ് പെരുന്നാൾ ദിനത്തിലെ പ്രധാന ചടങ്ങ്. പള്ളികളിലും കൂട്ടമായി നമസ്കരിക്കുന്ന ഈദ് ഗാഹുകളിലും വിശ്വാസികൾ എത്തും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആശംസകൾ കൈമാറുകയും ബന്ധു വീടുകൾ സന്ദർശിക്കുകയും ചെയ്യും. അതിരില്ലാത്ത സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി കടന്നുവരുന്ന ഈദിനെ ഹൃദയം നിറഞ്ഞ് സ്വീകരിക്കാൻ തയാറെടുക്കുകയാണ് വിശ്വാസികൾ



