മുക്കം നഗരസഭയുടെ 2024-25 വര്‍ഷത്തേക്കുള്ള ബജറ്റ് ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ. കെ.പി. ചാന്ദ്നി അവതരിപ്പിച്ചു.

മുക്കം : മുക്കം നഗരസഭയുടെ 2024-25 വര്‍ഷത്തേക്കുള്ള ബജറ്റ് ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ. കെ.പി. ചാന്ദ്നി അവതരിപ്പിച്ചു. മാലിന്യനിര്‍മാര്‍ജനത്തിനും പശ്ചാത്തല മേഖലക്കും ടൂറിസം മേഖലക്കും അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനും പ്രാധാന്യം നല്‍കുന്നതാണ് ബജറ്റ്. 61.27 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് ഈ വര്‍ഷം രൂപം കൊടുത്തിട്ടുള്ളത്.
കാര്‍ഷിക മേഖലക്ക് 1.4 കോടി രൂപയും വിവിധ ഭവനപദ്ധതികള്‍ക്കായി 1.25 കോടി രൂപയും മാലിന്യ സംസ്കരണത്തിനായി 3 കോടി രൂപയും പശ്ചാത്തല വികസനങ്ങള്‍ക്കായി 10.64 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക ഘടക പദ്ധതിക്കായി 2.3 കോടി രൂപയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 5 കോടി രൂപയും മൃഗസംരക്ഷണ പദ്ധതികള്‍ക്കായി 72 ലക്ഷം രൂപയും വകയിരുത്തി. ആരോഗ്യ മേഖലക്കായി 1.45 കോടി രൂപയും വിദ്യാഭ്യാസ മേഖലക്കായി 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വനിതകള്‍ക്ക് ഇ-ഓട്ടോ, സ്കൂട്ടര്‍, പിക്കപ്പ് വാഹനങ്ങള്‍ നല്‍കുന്ന പദ്ധതികള്‍ക്ക് ഉള്‍പ്പെടെ പണം നീക്കിവെച്ചിട്ടുണ്ട്.
ഭവനരഹിതരായ അതിദരിദ്രര്‍ക്ക് വീടു നിര്‍മാണം, ഭൂരഹിതരായ ഭവന രഹിതര്‍ക്ക് വീടുനിര്‍മാണത്തിനുള്ള പദ്ധതി, വൃദ്ധജന പരിപാലനം, കെയര്‍ ഗിവര്‍ പരിശീലനം, ബി.പി. മൊയ്തീന്‍ പാര്‍ക്ക് നവീകരണം, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരകം, ഹാപ്പിനസ് പാര്‍ക്കുകള്‍, പൈതൃക പാർക്ക്, ഓപ്പണ്‍ ജിം, അഡ്വഞ്ചര്‍ ടൂറിസം, ആര്‍ട് ഗ്യാലറി, ഫ്രീഡം ഗലേറിയ, വനിതാ കായികമേള തുടങ്ങിയവ ഈ വര്‍ഷം നടപ്പാക്കുന്ന പദ്ധതികളില്‍ ചിലതാണ്.



