
കുന്ദമംഗലം: അടിസ്ഥാന സൗകര്യ വികസനത്തിലെ സമീപകാല മുന്നേറ്റങ്ങള്‍ എന്ന വിഷയത്തിലുള്ള ദ്വിദിന അന്താരാഷ്ട്ര സമ്മേളനം എൻ.ഐ.ടിസിയില്‍ സമാപിച്ചു.അടിസ്ഥാന സൗകര്യ വികസനത്തിന്റെ വിവിധ വശങ്ങള്‍ സമ്മേളനം ചർച്ചചെയ്തു.
ന്യൂഡല്‍ഹിയിലെ സി.എസ്‌ഐ.ആർ-സി.ആർ.ആർ.ഐ ഡയറക്ടർ പ്രൊഫ. മനോരഞ്ജൻപരിദ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിലവില്‍ സ്വകാര്യ ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന 75 ശതമാനം ആളുകളെയും പൊതുഗതാഗത സംവിധാനത്തിലേക്ക് മാറാൻ പ്രേരിപ്പിക്കുക എന്നതാണ് പൊതുഗതാഗത മേഖല നേരിടുന്ന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.
എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ഡല്‍ഹി ഐഐടിയിലെ പ്രൊഫ. സുരേഷ് ഭല്ല ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. സിവില്‍ എൻജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. ടി എം മാധവൻ പിള്ള, പ്രൊഫ. പ്രവീണ്‍ നാഗരാജൻ, ഡോ. പ്രതീക് നേഗി, ഡോ.എം യോഗേഷ് കുമാർ, ഡോ. ഹില്‍ലോല്‍ ചക്രവർത്തി എന്നിവർ പ്രസംഗിച്ചു.
സിവില്‍ എൻജിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച കോണ്‍ഫറൻസില്‍ അക്കാദമിക രംഗത്തെയും വ്യവസായ രംഗത്തെയും വിദഗ്ദ്ധരാണ് പങ്കെടുത്തത്. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള ഗവേഷകരെയും അക്കാദമിക് വിദഗ്ദ്ധരെയും ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്.



