
വീട്ടമ്മ..ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് അര മുക്കാൽ മണിക്കൂർ മയങ്ങുന്ന ശീലം എനിക്ക് വർഷങ്ങളായി ഉള്ളതാണ്.. മക്കൾ രണ്ടുപേർക്കും കോളേജ് ഉള്ള ദിവസങ്ങളിൽ അതിരാവിലെ നാലുമണിക്ക് അലാറം വെച്ച് എണീറ്റ് കുളിയും തേവാരവും കഴിഞ്ഞ് നാലേമുക്കാൽ അഞ്ച് മണിയോടുകൂടി ഞാൻ കട തുറക്കും.. പന്ത്രണ്ടര ഒരുമണിയോടുകൂടി ഭാര്യ കടയിൽ വന്നതിന് ശേഷം ഞാൻ വീട്ടിലേക്ക് പോകും.. ഉച്ച സമയമായതുകൊണ്ട് കടയിൽ തിരക്ക് കുറവായിരിക്കും..
ഊണും ഉറക്കവും കഴിഞ്ഞ് മൂന്ന് മൂന്നേക്കാലോട് കൂടി വീട്ടിൽ നിന്ന് മുക്കാൽ കിലോമീറ്ററോളം നടന്ന് ഞാൻ കടയിൽ തിരിച്ചെത്തും.. വെയിലിന്റെ ചൂട് കൊണ്ട് കടയിൽ എത്തുമ്പോഴേക്ക് ഞാൻ നന്നായി വിയർത്തിരിക്കും.. കടയിൽ വന്ന ഉടനെ എന്തെങ്കിലും സോഫ്റ്റ് ഡ്രിങ്സോ വെള്ളമോ കുടിക്കുന്നത് ഒരു ശീലമാണ്.. കഴിഞ്ഞ ദിവസം കടയിലെത്തി വെള്ളം കുടിച്ച് ഫാൻ സ്പീഡ് കൂട്ടി ഇരിക്കുമ്പോൾ ഒരു കുട്ടി വന്ന് ഒരു സിപ്പപ്പ് ചോദിച്ചു.. ഫ്രിഡ്ജിൽ നിന്ന് രണ്ട് സിപ്പപ്പ് എടുത്ത് ഒരെണ്ണം അവന് കൊടുത്ത് മറ്റേത് ഞാൻ തിന്നുകൊണ്ടിരിക്കുമ്പോഴാണ് രണ്ട് തരുണീമണികൾ കടയിലേക്ക് വന്നത്.. ചപ്പി വലിച്ചുകൊണ്ടിരുന്ന സിപ്പപ്പ് ഒരു പെട്ടിയിൽ ചാരി വെച്ച് ഞാൻ അവർക്ക് വേണ്ട സാധനങ്ങൾ കൊടുത്തു.. ഞാൻ സിപ്പപ്പ് തിന്നുന്നത് കണ്ടിട്ട് ചിരിച്ചു കൊണ്ടായിരുന്നു അവർ കടയിലേക്ക് വന്നിരുന്നത്.. അവർക്ക് സാധനം കൊടുത്ത് പൈസ വാങ്ങി മേശയിൽ ഇട്ട ഉടനെ ഞാൻ ആ സിപ്പപ്പ് എടുത്ത് അടിഭാഗം മുകളിലേക്ക് ഉയർത്തി അത്രയും സമയം കൊണ്ട് ഉരുകിയ ആ മധുര വെള്ളം വലിച്ചുകുടിച്ചു..
എന്റെ ആ പ്രവർത്തി കണ്ട യുവതികൾ പരസ്പരം ചിരിച്ച് എന്തോ പറഞ്ഞുകൊണ്ട് അവർക്ക് പോകേണ്ട ഇടത്തേക്ക് പോയി.. താടിയും മുടിയും ( മുടി ഡൈ ചെയ്തിട്ടുണ്ടായിരുന്നു) പകുതിയിൽ കൂടുതലും നരച്ച ഞാൻ ആഴ്ചയിൽ അല്ലെങ്കിൽ രണ്ടാഴ്ചയിൽ ഒരിക്കലൊക്കെയേ ഷേവ് ചെയ്യാറുള്ളൂ..”ഇത്രയും പ്രായമായ ആൾ കുട്ടികളെപ്പോലെ സിപ്പപ്പ് തിന്നുന്നു. നാണമില്ലാത്ത മനുഷ്യൻ”.. ഏകദേശം ഇങ്ങനെയായിരിക്കും പോകാൻ നേരം ആ യുവതികൾ പരസ്പരം പറഞ്ഞിട്ടുണ്ടാവുക..
ചില സമയങ്ങളിൽ പ്രായമായ നമ്മളുടെ ഇതുപോലെയുള്ള പ്രവർത്തി ആരെങ്കിലുമൊക്കെ അലോരസപ്പെടുത്തുമെങ്കിലും ഞാൻ കൂടുതലും കുട്ടികളെപ്പോലെ ഇടയ്ക്ക് തേൻ മിഠായിയും സിപ്പപ്പും ഐസ്ക്രീമും അതുപോലെ മധുരമുള്ള എന്തെങ്കിലും തിന്നും.. ഞാനൊരു മധുര പ്രിയനാണ്.. അത്തരം സമയങ്ങളിൽ ഞാൻ ഒരു കുട്ടിയെ പോലെ ആകുന്നതുകൊണ്ടാവാം മറ്റാരോ നോക്കുന്നുണ്ടോ കാണുന്നുണ്ടോ എന്നൊന്നും ഞാൻ ചിന്തിക്കാറേയില്ല..
ഞങ്ങൾ പുരുഷ കേസരികൾ അച്ഛനായാലും മുത്തച്ഛനായാലും വഴിവക്കിൽ നിന്നോ കടകളിൽ നിന്നോ അവർക്ക് വേണ്ടത് അവർ വാങ്ങി കഴിക്കും.. പക്ഷേ വീട്ടമ്മമാർ, പലരും അവൾക്ക് ജോലിയൊന്നുമില്ല ഹൗസ് വൈഫ് ആണ് എന്ന് പറയാറുണ്ടെങ്കിലും, പകലന്തിയോളം വിശ്രമമില്ലാതെ ജോലിചെയ്യുന്ന അവർക്ക് ഞങ്ങൾ പുരുഷന്മാർ കഴിക്കുന്നതുപോലെ വഴിവക്കിൽ നിന്നൊന്നും അവർക്ക് ഇഷ്ടപ്പെട്ടതാണെങ്കിൽ കൂടി കഴിക്കാൻ കഴിയാറില്ല.. അത് ഒരു മോശം കാര്യമാണ് എന്ന് അവർ എവിടെ നിന്നോ ശീലിച്ചിരിക്കുന്നു.. മറ്റെന്തെങ്കിലും വരുമാനമുള്ളവരോ പുറത്ത് ജോലിക്ക് പോകുന്നവരോ ആയ സ്ത്രീകളിൽ പലരും അവർക്ക് വേണ്ടത് വാങ്ങി തിന്നാൻ സാധാരണ വീട്ടമ്മമാരെ പോലെ മടി കാണിക്കാറില്ല.. ബേക്കറിയിൽ കയറി മറ്റെന്തെങ്കിലും സാധനം വാങ്ങുമ്പോൾ തനിക്ക് ഇഷ്ടപ്പെട്ട ഒരു ലഡു വാങ്ങി തിന്നാൻ അവർക്ക് കഴിയാറില്ല.. തേൻ മിഠായിയും സിപ്പപ്പും ഉള്ളിവടയും പരിപ്പുവടയും തിന്നാൻ അവർക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല, ആരെങ്കിലും കണ്ടാൽ മോശമാണ് എന്ന് കരുതി അവരത് ഒഴിവാക്കുന്നു.. മക്കള് വലുതായി, മക്കളുടെ കല്യാണം കഴിഞ്ഞു, മക്കൾക്ക് കുട്ടികളായി എന്നൊക്കെയുള്ള കാരണങ്ങൾ കൊണ്ട് കടത്തിണ്ണയിൽ നിന്നും വഴിവക്കിൽ നിന്നും ഒന്നും വാങ്ങിത്തിന്നാൻ പാടില്ല എന്ന് സമൂഹം വിലക്ക് ചാർത്തി കൊടുത്തിരിക്കുന്നു.. പരിഹാരമായി വീട്ടിലുള്ള ആണുങ്ങൾക്ക് ചെയ്യാനുള്ളത്, അവർക്ക് ഇഷ്ടപ്പെട്ടത് വീട്ടിലേക്ക് വാങ്ങിക്കൊണ്ടു പോകുക എന്നതാണ്.. നിർഭാഗ്യവശാൽ ഞങ്ങൾ പുരുഷ കേസരികളിൽ ഭൂരിഭാഗവും വീട്ടിലേക്ക് ഐസ്ക്രീമും സിപ്പപ്പും അതുപോലെയുള്ള പലതും വാങ്ങിക്കൊണ്ടു പോകുമെങ്കിലും അതെല്ലാം കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആയിരിക്കും.. ആ അമ്മയെ, ഭാര്യയെ, സഹോദരിയെ മറന്നുപോകുന്നു..അത് ഞങ്ങൾ പുരുഷന്മാർ മോശമായിട്ടല്ല.. ഞങ്ങളും നേരത്തെ പറഞ്ഞ ആ സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് അവർക്ക് അതൊന്നും വേണ്ടി വരില്ല, പ്രായമായവരല്ലേ എന്നൊക്കെ ചിന്തിക്കുന്നത് കൊണ്ട് അത് കാര്യമായി എടുക്കാറില്ല എന്നതാണ് വാസ്തവം.. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്റെ അനിയൻ കടയിൽ വന്ന് മൂന്ന് ഐസ്ക്രീം വാങ്ങിച്ചു.. അവന് മൂന്ന് കുട്ടികളാണ്.. ഞാനവനോട് പറഞ്ഞു..
“നിന്റെ ഭാര്യക്കും ചേർത്ത് നാലെണ്ണം വാങ്ങിച്ചോ , മക്കൾ ഇടയ്ക്കിടയ്ക്ക് എവിടെ നിന്നെങ്കിലുമൊക്കെ തിന്നുന്നതാണ്. അവരുടെ അമ്മമാര് നമ്മൾ വീട്ടിൽ കൊണ്ടുപോയാൽ മാത്രമാണ് തിന്നുന്നത്”..അതിന് അവന്റെ മറുപടി ഏറെ സന്തോഷിപ്പിച്ചു..”മൂന്നാളും ഓരോ കഷ്ണം വീതം ഉമ്മാക്ക് കൊടുക്കും”.. നമ്മൾ കുട്ടികൾക്ക് വാങ്ങുന്നതിന്റെ കൂടെ അവർക്കും വാങ്ങുന്നതിനേക്കാൾ മനോഹരമായി തോന്നി മക്കൾ ഒരു വിഹിതം അമ്മയ്ക്ക് കൊടുക്കുന്നത്.. മക്കൾക്ക് വാങ്ങിയത് പോലെ ഒരെണ്ണം അവരുടെ അമ്മയ്ക്ക് വാങ്ങിയാലോ, അതിന്റെ പകുതിയും മക്കൾക്ക് തന്നെ ആ അമ്മ കൊടുക്കും.. ആ ഒരു മാതൃസ്നേഹം ആ അമ്മയ്ക്ക് ലഭിക്കാനും അനുഭവിക്കാനും രണ്ടു കുട്ടികൾക്ക് 10 രൂപയുടെ രണ്ട് ഐസ്ക്രീം വാങ്ങുമ്പോൾ ഒരു പത്തു രൂപയും കൂടെ കൂട്ടി അവരുടെ അമ്മയ്ക്കും ഒന്ന് വാങ്ങുക..ഒരു ജോലിയും ഇല്ലാത്തവരല്ല അവർ, ഒരുപാട് ജോലികൾ ഉള്ളവരാണ്..Sidhique Patta..



