
ലിവിങ് ടുഗതർ…3. റോസിലിൻ ആഗ്രഹിച്ചതും ജീവിച്ചതുമായ ജീവിതവും രാജുവിന്റെ കൂടെ രാജുവിന്റെ വീട്ടിൽ ജീവിക്കുന്ന ജീവിതവും രാവും പകലും എന്നപോലെ വ്യത്യാസമുണ്ടായിരുന്നു.. റോസിലിന് സഹിക്കുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.. അവളുടെ അച്ഛനും അമ്മാച്ചന്മാരും ( അമ്മയുടെ ആങ്ങളമാർ ) മറ്റ് ബന്ധുക്കളും ഇനി എന്തെങ്കിലും സംഭവിച്ചാൽ അവളെ തല്ലിക്കൊല്ലുമെന്ന് വരെ അവൾ പേടിച്ചിരുന്നു..
വിവാഹത്തിന് മുമ്പ് അവളെ പഠിക്കാൻ (M C A ) വിടാമെന്ന ഒരു ഉറപ്പ് അവൾ രാജുവിനോട് വാങ്ങിയിരുന്നു.. അധ്യായനവർഷം കഴിയാൻ പോകുന്നതുകൊണ്ട് മൂന്നാലു മാസങ്ങൾക്ക് ശേഷം പുതിയ അധ്യായന വർഷത്തിലാണ് ബാംഗ്ലൂരിൽ കോളേജിൽ പോവാൻ കഴിയുമായിരുന്നുള്ളൂ.. അതിനായി അവൾ എല്ലാ ആഗ്രഹങ്ങളും അടക്കിപ്പിടിച്ച് കാത്തിരുന്നു.. രാവിലെ എണീറ്റ് റബർ വെട്ടാനും പറമ്പിലെയും വയലിലെയും ജോലികൾ ചെയ്തും അമ്മയ്ക്കും അച്ഛനും പെങ്ങന്മാർക്കും കുഞ്ഞായും കുഞ്ഞനിയനായും നടക്കുന്ന രാജുവിന്റെ ജീവിതരീതിയും വസ്ത്രധാരണവും ശരീരഭാഷയും റോസിലിന് അസഹനീയമായി തോന്നി.. അവൾ രാജുവിനെ പലതിനും നിർബന്ധിച്ചു.. ചെറിയ ഒരു ആവശ്യത്തിന് പോലും അങ്ങാടിയിലേക്ക് പോകാൻ രാജു പാന്റ് ധരിച്ച് തുടങ്ങി..
ബ്യൂട്ടിപാർലറിൽ പോയി മുടിയും മുഖവും ഭംഗിയാക്കിയിരുന്ന റോസിലിൻ രാജുവിന്റെ കൂടെ പുറത്തുപോകാൻ ഉണ്ടെങ്കിൽ അവനെയും കൊണ്ടുവന്ന് മുടിയും മുഖവും മിനുക്കി.. അവളുടെ വീട്ടിൽ വിരുന്നിനു പോയ രാജു അവൾ അവിടെയും തനിച്ചിരിക്കുന്നത് കണ്ട് അമ്പരന്നുപോയി.. ഞായറാഴ്ചകളിലും ഒഴിവു ദിവസങ്ങളിലും അവൾ രാജുവിനെ നിർബന്ധിച്ച് ബീച്ചിലും പാർക്കിലും ഷോപ്പിങ്ങിനും സിനിമയ്ക്കും പോയി..വന്ന് ഒരാഴ്ച്ച തികയുന്നതിന് മുമ്പ് തന്നെ രാജുവിനോട് പറഞ്ഞ് വീട്ടിൽ ഒരു ജോലിക്കാരിയെ ഏർപ്പെടുത്തി.. രാജുവും അച്ഛനും അമ്മയും മാത്രമായതുകൊണ്ട് ഒരു ജോലിക്കാരിയെ വെക്കാൻ രാജുവിന്റെ പെങ്ങന്മാർ കുറേക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ്.. എന്നിരുന്നാലും വന്ന് ഒരാഴ്ച തികയും മുമ്പ് ജോലിക്കാരിയെ വെച്ചത് രാജുവിന്റെ പെങ്ങന്മാർക്കും മറ്റു ബന്ധുക്കൾക്കും റോസിലിനോട് ചെറുതായെങ്കിലും ഒരു നീരസം തോന്നി.. അയൽക്കാരോടോ ബന്ധുക്കളോടോ അവൾ അധികം സംസാരിച്ചില്ലെങ്കിലും അവരുടെ ചോദ്യങ്ങൾക്കെല്ലാം ഒരു പുഞ്ചിരി മുഖത്ത് ഒട്ടിച്ചുവെച്ച് മറുപടി പറഞ്ഞു..
പുതിയ വീടും ആളുകളും ആയതുകൊണ്ടോ ആദ്യ വിവാഹത്തിന്റെ മോശം അനുഭവങ്ങളും ഓർമ്മകളും മറക്കാൻ കഴിയാത്തത് കൊണ്ടോ ഒക്കെയാവാം അവൾ തനിയെ ഇരിക്കാൻ ആഗ്രഹിക്കുന്നത് എന്ന് വീട്ടുകാരും ബന്ധുക്കളും അയൽക്കാരും കരുതി..രാജുവിന് അവളുടെ പെരുമാറ്റം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. മരിച്ചുപോയ തന്റെ ഭാര്യ മോളിയുടെ മഹത്വം എത്രത്തോളമെന്ന് രാജു പൂർണ്ണമായും മനസ്സിലാക്കിയത് റോസിലിന്റെ വരവോടുകൂടിയാണ്.. രാജുവിന്റെ എല്ലാ ദിനചര്യകളും താളം തെറ്റിത്തുടങ്ങി.. ബെഡ്റൂമിൽ കയറുന്നതിനു വരെ നിബന്ധനകളായി..കുളിച്ച് കുട്ടപ്പനായി സ്പ്രേ അടിച്ച് നൈറ്റ് ഡ്രസ്സ് ധരിച്ചേ വരാവൂ..സ്പ്രേ അടിക്കുന്നത് രാജുവിന് ഒരു ബുദ്ധിമുട്ടായി തോന്നിയില്ലെങ്കിലും നൈറ്റ് ഡ്രസ്സ് അണിയുന്നത് അസഹനീയമായി തോന്നി.. ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ മുൻകൂട്ടി തീരുമാനിക്കണം..
രാജുവിന്റെ ഇഷ്ടഭക്ഷണങ്ങളെല്ലാം അവന്റെ മെനുവിൽ നിന്ന് അപ്രത്യക്ഷമായി. പകരം പേര് പോലും അറിയാത്ത, ജീവിതത്തിൽ കണ്ടിട്ട് പോലും ഇല്ലാത്ത പല പുതിയ വിഭവങ്ങളും അവന്റെ മെനുവിൽ ഉൾപ്പെടുത്തി.. രാജുവിനെക്കാൾ പലമടങ്ങ് സമ്പന്നയായ അവളെ എതിർക്കാനോ അനുസരിപ്പിക്കാനോ തന്റെ അനിഷ്ടങ്ങൾ അവളോട് പറഞ്ഞ് ബോധ്യപ്പെടുത്താനോ ഉള്ള കഴിവ് വെറും പ്ലസ് ടു ക്കാരനായ രാജുവിന് ഉണ്ടായിരുന്നില്ല.. നാളെയെല്ലാം ശരിയാകും എന്ന ചിന്തയോടെ ഒരു അഡ്ജസ്റ്റ്മെന്റിൽ ജീവിക്കാൻ രാജു ശീലിച്ചു തുടങ്ങി.. റോസിലിനെ കോളേജിൽ അയക്കാൻ രാജുവും വെമ്പൽ കൊണ്ടു.. അവൾ വീട്ടിൽ നിൽക്കുന്നതിലും നല്ലത് കോളേജിൽ പോകുന്നതാണെന്ന് രാജുവിന് തോന്നിത്തുടങ്ങി. ഒന്നോ രണ്ടോ മാസത്തിലൊരിക്കൽ വരുമ്പോൾ മാത്രം അവളെ സഹിച്ചാൽ മതിയല്ലോ എന്ന് അവൻ കരുതി..ദിവസങ്ങൾ ആഴ്ചകൾക്ക് വഴിമാറി.. എങ്ങിനെയെങ്കിലും ആ വീട്ടിൽ നിന്ന് പുറത്ത് ചാടണം എന്ന ഒരു ആഗ്രഹം മാത്രം വെച്ച് റോസിലിൻ അവളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കി അവസരം കാത്തു നിന്നു..
രാജു തന്റെ സങ്കടങ്ങൾ ആരോടും പറഞ്ഞില്ല..നഗര ജീവിതം ഗ്രാമത്തിൽ നയിക്കുന്നത് കണ്ട് രാജുവിന്റെ ബന്ധുക്കൾക്ക് തെല്ല് നീരസം തോന്നിയെങ്കിലും, സമ്പന്ന കുടുംബത്തിൽ ജനിച്ചതുകൊണ്ടും മോഡേണായി ജീവിച്ചു ശീലിച്ചത് കൊണ്ടും, കാലങ്ങളായി ശീലിച്ചതല്ലേ, മാറാൻ കുറച്ച് സമയമെടുക്കും എന്നവർ ചിന്തിച്ചു.. അവൾക്കാരെയും സ്നേഹിക്കാൻ അറിയില്ല. ആരും അവളെ ആത്മാർത്ഥതയോടെ സ്നേഹിച്ചിട്ടില്ല. അങ്ങനെയൊരു വികാരം അവൾ ഇതുവരെ അനുഭവിച്ചിട്ടില്ല. അതുകൊണ്ട് അവൾക്ക് ആരോടുമായും ഒരു വൈകാരിക ബന്ധവുമില്ല.. അവളുടെ ശരികൾക്ക് എതിരെ നിൽക്കുന്ന ദൈവത്തെ പോലും അവൾ വെറുത്തു.. കോളേജിൽ പോയിക്കൊണ്ട് ബാംഗ്ലൂർ ജീവിതം ആസ്വദിക്കുന്നതും , ഡിഗ്രി കഴിഞ്ഞ് ഇംഗ്ലണ്ടിലോ അമേരിക്കയിലോ പോയി ജീവിതം അടിച്ചുപൊളിക്കുന്നതും, രാജുവിനെ കൂടുതലും നാട്ടിൽ തന്നെ നിർത്തുന്നതും, വല്ലപ്പോഴും ഒന്നോ രണ്ടോ മാസം വിസിറ്റിന് കൊണ്ടുപോകുന്നതും എങ്ങനെയൊക്കെ ആയിരിക്കണമെന്ന് റോസിലിൻ ഓരോ ദിവസവും പ്ലാൻ ചെയ്തു കൊണ്ടിരുന്നു..
ആദ്യം എംസിഎ കമ്പ്ലീറ്റ് ചെയ്യുക.. ആ മേഖലയോട് വളരെയധികം താല്പര്യമുള്ള അവൾക്ക് ഡിഗ്രിയെടുക്കാനും വിദേശത്ത് ജോലി നേടാനും കഴിയുമെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു.. അവളുടെ ബന്ധത്തിൽപ്പെട്ട പലരും അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമൊക്കെ ഉണ്ടുതാനും.. അവരുടെയൊന്നും ഒരു സഹായവും തേടാതെയും അവരാരും ഇല്ലാത്ത ഒരു ഒരിടത്തും ആയിരിക്കണമെന്ന് മാത്രം അവൾ ആഗ്രഹിച്ചു.. രാജുവും റോസിലിനും ബാംഗ്ലൂരിൽ പോയി, രണ്ടുദിവസം അവിടെ കറങ്ങി, കോളേജിൽ ചേരേണ്ടതിന് ആവശ്യമായ കാര്യങ്ങളും താമസിക്കാനും മറ്റുമുള്ള സൗകര്യങ്ങളും ഏർപ്പാട് ചെയ്തു.. കോളേജ് തുറക്കാൻ രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ.. റോസിലിൻ അതിന്റെ ആവേശത്തിലായിരുന്നു.. കാര്യം എന്താണെന്ന് അറിയാതെയെങ്കിലും പതിവിലും പ്രസന്നവതിയും ഉന്മേഷവതിയുമായ റോസിലിനെ കണ്ട് രാജുവും വീട്ടുകാരും സന്തോഷിച്ചു.. എല്ലാ മാസവും കൃത്യമായി ആർത്തവം ഉണ്ടാകാത്ത റോസിലിൻ , അവളുടെ കണക്കുപ്രകാരം ആർത്തവം തെറ്റി ഒരാഴ്ച കഴിഞ്ഞ് സംശയം തീർക്കാനായി ഒരു പ്രഗ്നൻസി ടെസ്റ്റ് സ്കെയിൽ വാങ്ങി ടെസ്റ്റ് ചെയ്ത് നോക്കി.. അവൾക്ക് അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കഴിഞ്ഞില്ല.. അവൾ ഗർഭിണിയായിരിക്കുന്നു.. അവളുടെ ചിന്തകൾ കാടുകയറി. ആ കുഞ്ഞ് തന്റെ ശത്രുവാണെന്ന് അവൾ പ്രഖ്യാപിച്ചു.. രാജുപോലും അറിയാതെ അവൾ ആ കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചു.. തുടരും.
കഥയും പേരുകളും മരിച്ചവരുമായോ ജീവിച്ചിരിക്കുന്നവരുമായോ ഒരു ബന്ധവുമില്ല തികച്ചും സാങ്കൽപ്പികം മാത്രം തുടരും..Sidhique Patta..



