LOCAL NEWS

സിദ്ദീഖ് എഴുതുന്നു എന്റെ ഭ്രാന്തൻ ചിന്തകൾ…32

ലിവിങ് ടുഗതർ…6. പത്ത് ദിവസത്തിനും പതിനഞ്ച് ദിവസത്തിനും ലീവിന് വരുന്ന റോസിലിൻ ഒരു മാസമായിട്ടും തിരിച്ചു പോകാത്തത് കണ്ട് രാജു തെല്ലോന്നമ്പരന്നു.. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥയായത് കൊണ്ടും വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയുന്നതുകൊണ്ടും അവളുടെ ലീവ് കൃത്യമായി പരിമിതപ്പെടുത്തേണ്ടതില്ല എന്ന് രാജുവിന് അറിയാം.. അമേരിക്കയിൽ പോയതിന് ശേഷം മൂന്നുതവണ ഒരാഴ്ചയും പത്ത് ദിവസവും രണ്ടാഴ്ചയും വീതം ലീവിന് മകൾക്കും വീട്ടുകാർക്കും രാജുവിനും വിലകൂടിയ സമ്മാനങ്ങളും മറ്റും കൊണ്ടുവന്നിരുന്ന റോസിലിൻ അവളുടെ തനതായ ശൈലിയിൽ അടിച്ചുപൊളിച്ച് ജീവിച്ച് തിരിച്ചു പോകുകയാണ് പതിവ്.. ഇപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു.. എന്നാണ് തിരിച്ചു പോകേണ്ടത് എന്ന് അവൾ പറഞ്ഞില്ല. രാജു അവളോട് ചോദിച്ചതുമില്ല.. രാജു അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..കഴിഞ്ഞ ഒരുമാസമായുള്ള അവളുടെ ജീവിതരീതി മരിച്ചുപോയ തന്റെ ആദ്യ ഭാര്യ മോളിയുടെതിന് സമമായിരുന്നുവെന്ന് രാജുവിന് പലപ്പോഴും തോന്നി.. തന്നോടും മകളോടും തന്റെ അച്ഛനുമമ്മയോടും പെങ്ങന്മാരോടും അയൽക്കാരോടും ജോലിക്കാരി ത്രേസ്യമ്മയോടും അവളുടെ പെരുമാറ്റം വളരെ വ്യത്യസ്തമായും വിചിത്രമായും രാജുവിന് തോന്നി..

കല്യാണത്തിനും കുഞ്ഞിന്റെ ആദ്യകുർബാനയ്ക്കും മാത്രം പള്ളിയിൽ പോയിരുന്ന അവൾ കഴിഞ്ഞ എല്ലാ ഞായറാഴ്ചകളിലും ചില ശനിയാഴ്ചകളിലും പള്ളിയിൽ പോയി.. പല സമയങ്ങളിലും അവൾ അച്ഛനോട് കുമ്പസാരിക്കാറുണ്ടെന്ന് മറ്റുള്ളവർ മുഖേനെ രാജു മനസ്സിലാക്കിയിരുന്നു.. കഴിഞ്ഞയാഴ്ച അവളുടെ വീട്ടിൽ രാജുവും കുഞ്ഞും അവളും വിരുന്നിന് പോയപ്പോൾ രാജു മുണ്ടുടുത്തതിൽ അവൾ ഒരു പരിഭവവും കാണിച്ചില്ല.. രാജുവിന് അടുത്ത ദിവസത്തേക്ക് ഉടുക്കാനുള്ള മുണ്ട് ബാഗിൽ മടക്കി വെച്ചത് അവളായിരുന്നു.. ഒരു മനുഷ്യന് ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു മാറ്റം സാധ്യമാകുമോ എന്ന് രാജു ചിന്തിച്ചു.. അവൾ അഭിനയിക്കുകയാണോ?..തന്റെ പൊന്നു മകളെ തന്നിൽ നിന്ന് അടർത്താൻ വേണ്ടിയാണോ അവൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്?.. തന്റെ കുഞ്ഞിനെ നഷ്ടപ്പെടുന്നത് രാജുവിന് മരണസമാനമായിരുന്നു.. അവൾക്ക് വിവാഹമോചനം നൽകാനും മറ്റൊരുത്തനെ കണ്ടുപിടിച്ച് അവളുടെ വിവാഹം നടത്തിക്കൊടുക്കാനും രാജു മാനസികമായി തയ്യാറായിരുന്നു.. പക്ഷേ അലീനയെ വിട്ടുകൊടുക്കാൻ അവൻ തയ്യാറായിരുന്നില്ല. അതവന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.. രാജുവും റോസിലിനും ഒരേ ബെഡിൽ തന്നെയായിരുന്നു കിടന്നിരുന്നതെങ്കിലും രാജു അറിഞ്ഞുകൊണ്ട് അവളെ ഒരു തവണ പോലും സ്പർശിച്ചില്ല..

ദിവസങ്ങൾ ആഴ്ചകൾക്ക് വഴിമാറി.. വീട്ടിൽ എല്ലാവർക്കും അയൽക്കാർക്കും റോസിലിൻ പ്രിയപ്പെട്ടവളായി മാറുന്നതും തന്നെ മനസ്സിലാക്കി തന്നോട് അടുക്കാൻ അവൾ ശ്രമിക്കുന്നതും രാജു ശ്രദ്ധിക്കുന്നുണ്ടായിരുന്നു..അലീന മോൾക്ക് അവൾ നല്ല ഒരു അമ്മയാകുന്നതും രാജു ശ്രദ്ധിച്ചിരുന്നു.. രാജു പതുക്കെ പതുക്കെ അവളെ സ്നേഹിക്കാൻ തുടങ്ങി.. അവർ പരസ്പരം തുറന്ന് സംസാരിക്കാമെന്നായി.. ഒരു ദിവസം കിടപ്പറയിൽ രാജു അവളെ ചേർത്തുപിടിച്ച് ലൈംഗിക വേഴ്ചയ്ക്ക് തയ്യാറെടുത്തപ്പോൾ അത് തടഞ്ഞുകൊണ്ട് അവൾ പറഞ്ഞു.. “അച്ചായാ, ഞാൻ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്. അതെല്ലാം എനിക്ക് അച്ചായനോട് തുറന്നു പറയണം”.. കുറച്ചൊക്കെ അറിയാവുന്ന രാജു “അതൊക്കെ പോട്ടെ. കഴിഞ്ഞത് കഴിഞ്ഞില്ലേ?”.. എന്ന് പറഞ്ഞ് അവളെ വീണ്ടും ചേർത്തു പിടിക്കാൻ ശ്രമിച്ചു.. അവൾ രാജുവിന്റെ പിടി വിടിയിപ്പിച്ച് ബെഡിൽ എഴുന്നേറ്റിരുന്ന് അവളുടെ കഥകൾ പറയാൻ തുടങ്ങി.. അവൾ എല്ലാം പറഞ്ഞു.. അവളോട് ചേർന്ന് അവൾ പറയുന്നത് കേട്ടുകൊണ്ടിരുന്ന രാജു, അവൾ പറഞ്ഞതെല്ലാം കേട്ട് അറപ്പോടെ ബെഡിന്റെ വശത്തോട്ട് മാറിക്കിടന്നു…

നൂറിനും ഇരുനൂറിനും ശരീരം വിൽക്കുന്ന തെരുവ് വേശ്യകളെക്കാൾ എത്രയോ താഴെയാണ് തന്റെ ഭാര്യയെന്ന് രാജു ചിന്തിച്ചു.. കാമം ശമിപ്പിക്കാനായി മാത്രം ദിവസവും ആഴ്ചയിലും മാസത്തിലും മാറിമാറി പല പുരുഷന്മാരെയും സമീപിക്കാൻ ഇവൾക്കല്ലാതെ മറ്റൊരു സ്ത്രീക്ക് സാധ്യമാകുമോ?..അവന് അവളോട് വെറുപ്പിനെക്കാളും അറപ്പാണ് തോന്നിയത്.. രാജു അവളോട് ഒരക്ഷരം മിണ്ടിയില്ല.. താൻ പറയുന്നത് കേട്ട് രാജു കോപപ്പെടുമെന്നോ തന്നെ ആ നിമിഷം ഇറക്കി വിടുമെന്നോ പേടിച്ചിരുന്ന റോസിലിന് ആശ്വാസമായിരുന്നു രാജുവിന്റെ ആ മൗനം.. കുറേ ദിവസങ്ങളായി തന്റെ മനസ്സിൽ പേറിയ ആ ഭാരം ഇറക്കിവച്ചപ്പോൾ റോസിലിന് ആശ്വാസം തോന്നി.. ഒച്ചയിട്ട് വീട്ടുകാരെ അറിയിക്കുകയോ തന്നെ ഇറക്കി വിടുകയോ ചെയ്തില്ലല്ലോ..! എന്തിനും തയ്യാറായി തന്നെയായിരുന്നു അവൾ അവനോട് എല്ലാം തുറന്ന് പറഞ്ഞത്.. ഒന്ന് രണ്ടാഴ്ച കടന്നുപോയി.. രാജുവും റോസിലിനും ഒരേ ബെഡിൽ തന്നെ കിടന്നുറങ്ങിയെങ്കിലും രാജു അവളെ സ്പർശിക്കാനോ അധികം സംസാരിക്കാനോ നിന്നില്ല.. ആഴ്ചയിൽ ഒന്നും രണ്ടും പ്രാവശ്യം ബ്യൂട്ടിപാർലറിൽ പോയിരുന്ന റോസിലിൻ അമേരിക്കയിൽ നിന്ന് വന്നതിനു ശേഷം ഒരിക്കൽപോലും ബ്യൂട്ടി പാർലറിൽ പോയില്ല.. റോസിലിന്റെ സ്വഭാവവും ജീവിതരീതിയും രാജുവിന്റെ മാതാപിതാക്കളെയും പെങ്ങന്മാരെയും അലോരസപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ അവർ അതെല്ലാം മറന്ന് റോസിലിനെ സ്നേഹിക്കാൻ തുടങ്ങി.. അവൾ അവളുടെ തെറ്റുകൾ ഏറ്റു പറയുന്നതിന് മുമ്പ് തന്നെ സ്ഥിരമായി അമ്മയുടെ കൂടെ കിടന്നിരുന്ന അലീന മോൾ അമ്മയുടെ കൂടെ തന്നെ കിടന്നാൽ മതി എന്നൊരു ആവശ്യം മാത്രമേ രാജു റോസിലിനോട് പറഞ്ഞിരുന്നുള്ളൂ.. റോസിലിൻ രാജുവിന്റെ സ്നേഹം നേടിയെടുക്കാനായി പലതും ചെയ്യുന്നത് രാജു അറിയുന്നുണ്ടായിരുന്നു.. മകൾക്ക് അമ്മയായും അച്ഛനും അമ്മയ്ക്കും മരുമകളായും പെങ്ങന്മാർക്ക് നാത്തൂനായും അവൾ ജീവിച്ചോട്ടെ.. തനിക്കിനി അവളെ തന്റെ ഭാര്യയായി ഒരിക്കലും കാണാൻ കഴിയില്ല.. രാജു മരിച്ചുപോയ തന്റെ ആദ്യ ഭാര്യ മോളിയുടെ ഓർമ്മകളുമായി ജീവിക്കാൻ തീരുമാനിച്ചു.. അല്ലെങ്കിലും അവളുടെ ഓർമ്മകളിൽ ആയിരുന്നല്ലോ രാജു ജീവിച്ചത്..

കിടപ്പറയിൽ തങ്ങൾ തമ്മിലുള്ള പ്രശ്നം മറ്റുള്ളവർ അറിയാതിരിക്കാനായി രാജുവും റോസിലിനും ശ്രദ്ധിച്ചു.. റോസിലിൻ മറ്റുള്ളവരിൽ നിന്നെല്ലാം സ്നേഹത്തിന്റെയും കരുതലിന്റെയും ചേർത്ത് നിർത്തലിന്റെയും മനോഹാരിത ജീവിതത്തിൽ ആദ്യമായി അനുഭവിക്കുകയായിരുന്നു.. അവൾ അമേരിക്കയിലെ ജോലി റിസൈൻ ചെയ്യാൻ തീരുമാനിച്ചു.. രാജു സമ്മതം മൂളുകയാണെങ്കിൽ രാജുവും അവളും അലീനയും ഒരിക്കൽ കൂടി അമേരിക്കയിൽ പോയി ഒന്ന് രണ്ടാഴ്ച അവിടെ ചുറ്റിക്കറങ്ങി ജോലി ഉപേക്ഷിച്ച് പോരാം എന്നായിരുന്നു റോസിലിൻ കരുതിയിരുന്നത്.. അങ്ങനെ ഒരു സാധ്യത ഇനി ഉണ്ടാവാൻ വഴിയില്ല.. അവൾ അവളുടെ റിസൈൻ ലെറ്റർ കമ്പനി സി ഇ ഓ യ്ക്ക്‌ മെയിൽ ചെയ്തു.. ദിവസങ്ങളും ആഴ്ചകളും വീണ്ടും കടന്നു പോയി.. രാജുവിൽ ഒരു മാറ്റവും പ്രകടമായില്ല.. റോസിലിൻ നാൾക്ക് നാൾ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയിക്കൊണ്ടിരുന്നു..

ഒരു ദിവസം കുളിച്ചു കൊണ്ടിരിക്കുമ്പോഴോ മറ്റോ റോസിലിൻ തന്റെ വലത്തെ മുലയിൽ സ്പർശിച്ചപ്പോൾ മാറിടത്തിന് ചുറ്റും വേദനിക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു.. ദിവസങ്ങൾ കഴിയുംതോറും ആ വേദന കൂടിക്കൂടി വന്നു.. സ്തനത്തിന്റെ ചില ഭാഗങ്ങളിൽ ചുവപ്പ് നിറം പ്രത്യക്ഷപ്പെട്ടു.. റോസിലിൻ മരിച്ചുപോയ തന്റെ അമ്മയുടെ പ്രായമുള്ള രാജുവിന്റെ മൂത്ത സഹോദരിയോട് കാര്യം പറഞ്ഞു.. അടുത്ത ദിവസം അവർ നാട്ടിലെ ഒരു സ്കിൻ സ്പെഷ്യലിറ്റിനെ കൊണ്ട് കാണിച്ചു.. അദ്ദേഹത്തിന് കാര്യം മനസ്സിലായത് കൊണ്ടാവാം അവിടെ അടുത്തുള്ള ഒരു ക്യാൻസർ സെന്ററിലെ ഡോക്ടറെ പോയി കാണാൻ പറഞ്ഞു.. അവർ ഡോക്ടറെ കണ്ടു.. പല ടെസ്റ്റുകൾക്കും നിർദേശിച്ചു.. റിസൽട്ട് പരിശോധിച്ച ഡോക്ടർ റോസിലിന് സ്തനാർബുദം സ്ഥിരീകരിച്ചു..

കീമോതെറാപ്പിയും ഹോർമോൺ തെറാപ്പിയും റേഡിയേഷൻ തെറാപ്പിയും ചികിത്സയായി ഉണ്ടെങ്കിലും അവളുടെ വലത്തെ മുല മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ വിധിയെഴുതി.. തുടരും…കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com