
മനുഷ്യനെ അറിയുക അതിലൂടെ പ്രകൃതിയെയും..കൊറോണ ലോകത്തിന് സമ്മാനിച്ച ആരോഗ്യപരവും സാമ്പത്തികവുമായ നഷ്ടം എത്രത്തോളമെന്ന് നമുക്ക് നിചപ്പെടുത്താൻ കഴിയുന്നതിലും അപ്പുറത്താണ്.. രാജ്യങ്ങളുടെ ആഭ്യന്തര ഉൽപാദനവും വരുമാനവും നിലച്ചു. രാജ്യങ്ങളും സ്റ്റേറ്റുകളും ജില്ലകളും പഞ്ചായത്തുകളും വാർഡുകളും പരസ്പരം സഞ്ചാര വിലക്ക് ഏർപ്പെടുത്തി.. ഇത്രയും നഷ്ടത്തിന്റെ കൂടെയാണ് ആരോഗ്യവും ആരോഗ്യ മേഖലയും സംരക്ഷിക്കാൻ കണക്കാക്കാൻ കഴിയാത്തത്ത്ര സമ്പത്ത് വിനിയോഗിക്കേണ്ടി വന്നത്.. മനുഷ്യകുലത്തിന് ഇത്രത്തോളം നഷ്ടങ്ങൾ വരുത്തിയ കൊറോണ കാരണം നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന വ്യക്തമായി വ്യാപ്തി നിർണയിക്കാൻ കഴിയാത്ത ഒരു നഷ്ടത്തിന്റെ കാര്യമാണ് എനിക്ക് പറയാനുള്ളത്.. രാഹുൽ യുകെജി യിൽ പഠിച്ചുകൊണ്ടിരുന്നപ്പോളാണ് കൊറോണ വന്നു കോളേജും സ്കൂളുകളും തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു പൂട്ടിയത്.. ആഴ്ചകൾ മാസങ്ങളായി.. കൊറോണ പെട്ടെന്ന് നിയന്ത്രണത്തിലാവില്ല എന്ന് ശാസ്ത്രീയമായ വിധിയെഴുത്തുമുണ്ടായി.. വിദ്യാഭ്യാസം ഓൺലൈനിലൂടെ തുടങ്ങാൻ തീരുമാനിച്ചു..
മൊബൈൽ ഫോണും ഇന്റർനെറ്റ് ഉപയോഗവും മനുഷ്യർ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കി തുടങ്ങിയിരുന്ന സമയമായിരുന്നു അത്.. ഒമ്പതാം ക്ലാസുകാരനായ രാഹുലിനും മൊബൈൽ ഫോൺ കിട്ടി.. അതുവരെ വല്ലപ്പോഴും മാത്രം മൊബൈൽ ലഭിച്ചിരുന്ന രാഹുൽ ഒമ്പതാം ക്ലാസ് കഴിഞ്ഞ് പത്താം ക്ലാസിൽ എത്തിയപ്പോഴേക്കും മൊബൈലും ഇന്റർനെറ്റും ഏതെല്ലാം രീതിയിൽ ഉപയോഗിക്കാമെന്ന് നമ്മൾ രക്ഷിതാക്കളെക്കാൾ കൂടുതൽ മനസ്സിലാക്കി.. ഓൺലൈനിൽ ക്ലാസ്സ് ഇല്ലാത്ത സമയത്തും രാഹുലിന്റെ കയ്യിൽ മൊബൈൽ ഫോൺ കിട്ടിത്തുടങ്ങി.. അവൻ ഇഷ്ടപ്പെട്ടത് കാണാൻ തുടങ്ങി..പലതരം ഗെയിമുകളും വീഡിയോകളിലും അവൻ ആകൃഷ്ടനായി.. ഒഴിവുസമയങ്ങളെല്ലാം രക്ഷിതാക്കളുടെ അറിവോടെയും അവരുടെ കണ്ണു വെട്ടിച്ചും അവൻ വീഡിയോയും ഗെയിമുകൾ ആസ്വദിച്ചു.. കൊറോണയ്ക്ക് ശേഷം സ്കൂൾ തുറന്നു.. സ്കൂൾ വിട്ട് വീട്ടിലെത്തിയ അവൻ ആദ്യം തിരയുന്നത് അച്ഛന്റെയോ അമ്മയുടെയോ ആരുടെയെങ്കിലും മൊബൈൽ ഫോൺ ആണ്.. ഓരോ പ്രായത്തിലുള്ളവരുടെയും ഓരോ സ്വഭാവക്കാരുടെയും അഭിരുചിക്കനുസരിച്ച് വീഡിയോസും ഗെയിമുകളും പെരുകിക്കൊണ്ടിരുന്നു.. നമ്മൾ ഉയർന്ന ജോലിക്കാരാവാം വിദ്യാസമ്പന്നരാവാം മറ്റ് പലതരത്തിലുള്ള അറിവുകളും ഉള്ളവരാകാം എന്നാലും നമ്മളിൽ ഭൂരിപക്ഷവും നമ്മുടെ ഓമന മക്കൾക്ക് ആവശ്യത്തിനും ആവശ്യത്തിൽ കൂടുതലും മൊബൈൽ ഫോൺ കൊടുക്കും.. കൂട്ടുകാരോടൊത്ത് കളിക്കാനോ വയലിലും പറമ്പിലും ഓടി നടക്കാനോ മാവിലും ചാമ്പയിലും പേരയിലും കയറി മാങ്ങയും പേരയും പറിക്കാനോ രാഹുലിന് സമയമുണ്ടായിരുന്നില്ല.. മുത്തച്ഛനെയും മുത്തശ്ശിയെയും പോയി കാണാനോ അവരുടെ കൂടെ ചിലവഴിക്കാനോ അച്ഛനുമമ്മയെയും അറിയാനോ അവരുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും മനസ്സിലാക്കാനോ രാഹുലിന് കഴിഞ്ഞില്ല.. രാഹുൽ എസ്എസ്എൽസിക്ക് നല്ല മാർക്കോടെ പാസായി പ്ലസ്ടുവിന് ചേർന്നു.. അവന് സ്വന്തമായി മൊബൈൽ ഫോണായി.. മുത്തശ്ശിയുടെ നാൽപതിയൊന്നിന് വീട്ടിൽ ബന്ധുക്കളും അയൽക്കാറും മതമേലാളന്മാരും പ്രാർത്ഥനാ കർമ്മങ്ങളും മറ്റും ചെയ്യുന്നു.. വരുന്നവർക്കെല്ലാം കുടിക്കാൻ വെള്ളം കൊണ്ട് കൊടുത്തിരുന്ന രാഹുൽ ഓരോ മിനിറ്റും ഇടവിട്ട് മൊബൈലിൽ തോണ്ടുന്നു.. തന്റെ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങാണ് എന്നോ മറ്റുള്ളവർ തന്നെ ശ്രദ്ധിക്കുമെന്നോ ചിന്തിക്കാതെ ഏതെങ്കിലും സുഹൃത്തുക്കളോടോ മറ്റോ ഓൺലൈനിൽ കളിച്ചുകൊണ്ടിരിക്കുന്നു.. സാധാരണ ആളുകൾക്ക് എന്നപോലെ രാഹുലിന്റെയും സുഹൃത്തുക്കൾ സമാന സ്വഭാവക്കാരായിരുന്നു.. അവന് ഇഷ്ടപ്പെട്ടത് ഇഷ്ടപ്പെടുന്നവരായിരുന്നു അവന്റെ സുഹൃത്തുക്കൾ.. അവിടെ ഒരു തിരുത്തലിന് സാധ്യത കുറവാണ്.. അതുകൊണ്ടാണ് നമ്മളെല്ലാം സമാന സ്വഭാവക്കാരെ സുഹൃത്തുക്കളാക്കുന്നത്.. അവര് അവരുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും ആഗ്രഹങ്ങളും പറയുകയും അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യും.. ഈ ഒരു പരിപാടിക്ക് ഈ സുഹൃത്താണ് നല്ലത്. ആ പരിപാടിക്ക് അവനാണ് നല്ലത്..
ഓരോരോ ആവശ്യങ്ങൾക്കും ആ ആവശ്യത്തിന് കൂടെ കൂട്ടാൻ യോജിച്ചവരെ കൂട്ടുപിടിച്ച് അവൻ അവന്റെ സുഖം നിലനിർത്തി.. അവൻ ഓട്ടത്തിലാണ്. തന്റെ സുഖങ്ങൾക്കും ഇഷ്ടങ്ങൾക്കും പിന്നാലെയുള്ള ഓട്ടം..അവന്റെ അച്ഛനുമമ്മയും അനിയത്തിയും മറ്റു ബന്ധുക്കളും അവന്റെ ചുറ്റിലും ഉണ്ടായിട്ടും അവരെയൊന്നും ശ്രദ്ധിക്കാതെ അവൻ ഓടുകയാണ്. അവന്റെ കടമയും ബാധ്യതയും ഉത്തരവാദിത്വവും, അവന്റെ ദാരിദ്ര്യവും പ്രശ്നങ്ങളും അവന്റെ കൂടെ തന്നെ ഉണ്ടെങ്കിലും ഓട്ടത്തിന്റെ വേഗത കൊണ്ട് അവനതൊന്നും കാണാൻ കഴിയുന്നില്ല.. ഭക്ഷണം കഴിക്കുമ്പോഴും ബാത്റൂമിൽ പോകുമ്പോഴും അവന് മൊബൈൽ കൂടെ വേണം.. പോൺ സൈറ്റിൽ കയറി അവന്റെ അഭിരുചിക്ക് അനുസരിച്ചുള്ള വീഡിയോ തിരഞ്ഞെടുക്കാൻ അവൻ എന്നേ പ്രാപ്തനായിരിക്കുന്നു.. രക്ഷിതാക്കളോട് കളവ് പറയുന്നത് അവൻ ശീലമാക്കി..രക്ഷിതാക്കൾ അത് വിശ്വസിക്കുകയും ചെയ്തു.. ഇൻസ്റ്റഗ്രാമാണ് ഇപ്പോൾ രാഹുലിന്റെ എല്ലാം.. എവിടെ നിന്നെങ്കിലും തപ്പിയെടുത്ത ഒരു ഫോട്ടോയോ വീഡിയോയോ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുക. അല്ലെങ്കിൽ സ്വന്തം ഫോട്ടോ ഏതെല്ലാം രീതിയിൽ അപ്‌ലോഡ് ചെയ്യാൻ പറ്റുമോ ആ രീതിയിലെല്ലാം അത് ചെയ്യുക. എന്നിട്ട് ആളുകൾ ലൈക്കുന്നുണ്ടോ കമന്റ്റുന്നുണ്ടോ എന്ന് ആകാംക്ഷ ഭരിതനായി കാത്തുനിൽക്കുക.. നിങ്ങൾ നിങ്ങളുടെ കൗമാരക്കാരായ മക്കളോട് ചോദിച്ചു നോക്കൂ, നിങ്ങളുടെ ഫോണിൽ ഫേസ്ബുക്കോ ട്വിറ്ററോ വാട്സപ്പോ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്ന്.. ഇതൊന്നും ചെയ്തില്ലെങ്കിലും അവർ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തിരിക്കും.. രാത്രി ഒരു മണിയും രണ്ടു മണിയും വരെ മൊബൈലിൽ കളിച്ച് രാവിലെ എട്ടു മണിയോടുകൂടി സ്കൂളിൽ പോകേണ്ട അവൻ തട്ടി പിടഞ്ഞ് എഴുന്നേറ്റ് ശരിക്ക് പല്ല് തേക്കാനോ ടോയ്‌ലറ്റിൽ പോകാനോ സമയമില്ലാതെ ഷവർ തുറന്ന് തലയിലൂടെ വെള്ളമൊഴിച്ച് ഒരുതരം കുളിയും കഴിഞ്ഞ് സ്കൂളിൽ എത്തുമ്പോഴേക്കും ആദ്യത്തെ പീരീഡ് പകുതിയോളം അവന് നഷ്ടമായിരിക്കും..
രാഹുലെന്താ ക്ലാസിൽ വന്ന് ഉറങ്ങുന്നതെന്ന് പലതവണ അധ്യാപകർ അവന്റെ രക്ഷിതാക്കളോട് ചോദിച്ചിട്ടുണ്ട്.. ശരാശരി ഒരു എട്ടു മണിക്കൂറെങ്കിലും ഉറങ്ങേണ്ട ഒരു പയ്യൻ നാലോ അഞ്ചോ മണിക്കൂർ മാത്രം ഉറങ്ങിയാൽ എങ്ങനെയാ ക്ലാസ്സിൽ ഉറങ്ങാതിരിക്കുന്നത്?.. അവൻ വല്ല മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോ എന്നുവരെ അധ്യാപകർ സംശയിച്ചു..അവർ അതിനെപ്പറ്റി അവന്റെ രക്ഷിതാക്കളോട് സംസാരിക്കുകയും ചെയ്തു.. ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും അവൻ അവന്റെ മാതാപിതാക്കളോട് വഴക്കിട്ടു.. തന്റെ മകന്റെ നല്ല ഭാവിക്കുവേണ്ടി ആ രക്ഷിതാക്കൾ അവൻ പറഞ്ഞ വിലകൂടിയ വസ്ത്രങ്ങളും മറ്റു വസ്തുവകകളും അവന് വാങ്ങിക്കൊടുത്തു.. ഓൺലൈനിൽ വന്ന രാഹുലിന്റെ ഒരു കൊറിയർ വെറുതെ ഒന്ന് നോക്കിയപ്പോൾ അതിൽ കണ്ട പേപ്പർ, പുകയില ഇട്ട് ചുരുട്ടി വലിക്കുന്നതാണ് എന്ന് അവന്റെ അച്ഛന് മനസ്സിലായി.. തുടർന്നുള്ള അന്വേഷണത്തിൽ അവൻ കഞ്ചാവും എംഡി എം എയും തുടങ്ങിയ പല ലഹരി മരുന്നുകളും ഉപയോഗിക്കുന്നുണ്ട് എന്ന് അവർ മനസ്സിലാക്കി.. പ്ലസ്ടുവണ്ണിന് ഭേദപ്പെട്ട മാർക്ക് വാങ്ങിയ രാഹുൽ പ്ലസ്ടുവിന് പകുതിയിൽ കൂടുതൽ വിഷയത്തിനും തോറ്റു.. അവനിപ്പോൾ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ്.. അവൻ തിരിച്ചുവരും.. പക്ഷേ അവന്റെ അക്കാദമിക്കൽ ക്യാരിയർ ഏറെക്കുറെ അവസാനിച്ചു.. സങ്കടത്തോടെ അവന്റെ വലിയച്ഛൻ പറഞ്ഞു,”ആ മൊബൈൽ ഫോൺ ആണ് എന്റെ കുട്ടിയെ ചീത്തയാക്കിയത്” എന്ന്..
ഞാനിവിടെ ഒരു കുട്ടിയുടെ കാര്യം മാത്രം പറഞ്ഞു എന്നേയുള്ളൂ..നമ്മുടെ രണ്ടു വയസ്സായ കുട്ടികൾ മുതൽ ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികളിൽ വരെ ബഹുഭൂരിപക്ഷം പേരും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും തെറ്റായ ഉപയോഗം മൂലം നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നവരാണ്.. മനുഷ്യനെ അറിയാൻ മനുഷ്യബന്ധങ്ങളെ അറിയാൻ, പ്രകൃതിയെ അറിയാൻ പ്രകൃതി നിയമങ്ങളെ അറിയാൻ, നമ്മുടെ കുട്ടികൾ അമിതമായുള്ള ഇന്റർനെറ്റ് ഉപയോഗം കുറച്ചേ മതിയാകൂ..Sidhique Patta..



