
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും കാഞ്ഞങ്ങാട് അഗ്രോ പ്രൊഡ്യൂസർ കമ്പനി അംഗങ്ങളായ കർഷകർ കോഴിക്കോട് അഗ്രോ ഫാം ടൂറിസ സർക്യൂട്ടിലെ കൃഷിയിടങ്ങൾ സന്ദർശിക്കുവാനായി പഠന യാത്രയായി വന്നു. കമ്പനി ചെയർമാൻ തൈവളപ്പിൽ രാമകൃഷ്ണൻ, സിഇഒ ധന്യ രാജേഷ്, ഡയറക്ടർ തങ്കരാജ് മാണിക്കോത്ത്, ഇസാഫ് ഫൗണ്ടേഷൻ ക്ലസ്റ്റർ കോഓർഡിനേറ്റർ അധീന വിക്ടർ എന്നിവർ പഠന യാത്രക്ക് നേതൃത്വം നൽകി.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫാം ടൂറിസ കോഓർഡിനേറ്റർ അജു എമ്മാനുവൽ സന്ദർശക സംഘത്തെ സ്വീകരിക്കുകയും വിവിധ ഫാമുകൾ പരിചയപ്പെടുത്തുകയും ചെയ്തു. തിരുവമ്പാടി പഞ്ചായത്തിലെ ഏഴോളം ഫാമുകൾ സന്ദർശിച്ച് പഠനം നടത്തിയ സംഘം ഇരവഞ്ഞിപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാനും സമയം കണ്ടെത്തി.
തുടർന്ന് കൃഷി വകുപ്പ് കോടഞ്ചേരി പഞ്ചായത്തിലെ കണ്ണോത്ത് ആരംഭിച്ചിരിക്കുന്ന തേൻ സംസ്കരണ കേന്ദ്രവും സന്ദർശിച്ച് സംസ്കരണ രീതികളിൽ പ്രാഥമിക പരിജ്ഞാനം നേടി. തേൻ കർഷക സംഘം ഭാരവാഹി തോമസ് പെരുമാട്ടിക്കുന്നേൽ മെഷിനറി പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി.
സംസ്ഥാനത്ത് കൃഷിവകുപ്പ് ആദ്യമായി ആരംഭിച്ച തേൻ സംസ്കരണ വിപണന കേന്ദ്രമാണ് കോടഞ്ചേരി കണ്ണോത്ത് സ്ഥാപിച്ചിരിക്കുന്നത്. ടൂറിസവുമായി ഈ കേന്ദ്രത്തെ ബന്ധിപ്പിക്കുന്നതിലൂടെ പ്രാദേശിക തേൻ കർഷകരുടെ ഉത്പന്നങ്ങൾ നല്ല രീതിയിൽ വിറ്റഴിക്കപ്പെടാനുള്ള സാധ്യതകൾ ഏറെ വർദ്ധിക്കുന്നതാണ്. അതോടൊപ്പം ജനങ്ങൾക്ക് ശുദ്ധമായ ഉത്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി വിശ്വസിച്ച് വാങ്ങുവാനും സാധിക്കും.
കാർഷിക ടൂറിസ വികസനത്തോടൊപ്പം കാർഷിക ഉത്പന്ന വിപണനത്തിനും പദ്ധതികൾ ഒരുക്കി കോഴിക്കോട് ജില്ലാ പഞ്ചായത്തും കൊടുവള്ളി ബ്ലോക്കും കൃഷി വകുപ്പും കേരളത്തിന് മുഴുവൻ മാതൃകയായിരിക്കുകയാണ്.



