
കോടഞ്ചേരി: സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ 2025 – പ്ലസ്ടു പരീക്ഷയിൽ Full A+, Five A+ ഉന്നത വിജയം കരസ്ഥമാക്കിയവരെയും,
മെഡിക്കൽ – എഞ്ചിനീയറിംഗ് എൻട്രൻസ്(MBBS,BVSC,JEE Advanced) യോഗ്യത നേടിയവരെയും,കായിക രംഗത്ത് ദേശീയ – അന്തർദേശീയ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം വാങ്ങിയ വിദ്യാർത്ഥികളെയും മെമൻ്റോ,എൻഡോവ്മെൻ്റ്,ക്യാഷ് അവാർഡ് എന്നിവ നൽകി അനുമോദിച്ചു.
ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത പരിപാടിയിൽ സ്കൂൾ മാനേജർ റവ.ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷത വഹിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ‘വിജയോത്സവം 2025’ പരിപാടി ദീപം തെളിയിച്ച് ഉത്ഘാടന കർമ്മം നിർവ്വഹിച്ചു.
പ്ലസ്ടു പരീക്ഷയിൽ Full A+,Five A+ നേടിയ വിദ്യാർത്ഥികൾക്ക് മെമൻ്റോയും,സ്കൂൾ ടോപ്പർ,വിഷയാടിസ്ഥാനത്തിൽ മുഴുവൻ മാർക്കും നേടിയവർ,ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾ,ഐ.ഐ.ടി മദ്രാസ് യൂണിവേഴ്സിറ്റിയുടെ കണക്ട് പ്രോഗ്രാം സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ എന്നിവർക്കാണ് പ്രത്യേകം എൻഡോവ്മെൻ്റുകളും,ക്യാഷ് അവാർഡുകളും,സർട്ടിഫിക്കറ്റുകളും നൽകിയത്.മുൻ പ്രിൻസിപ്പൽമാരായ സി.കെ.ദേവസ്യ,ഷിവിച്ചൻ മാത്യു,വിൽസൺ ജോർജ് തുടങ്ങിയവരാണ് എൻഡോവ്മെൻ്റുകൾ ഏർപ്പെടുത്തിയത്.അധ്യാപക രക്ഷാകർത്തൃ സംഘടന,കെമിസ്ട്രി – അക്കൗണ്ടൻസി ടീച്ചേഴ്സ് എന്നിവർ ചേർന്നാണ് ക്യാഷ് അവാർഡുകൾ നൽകിയത്.
കോടഞ്ചേരി വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ,പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത്,മുൻ പ്രിൻസിപ്പൽമാരായ സി.കെ ദേവസ്യ,ഷിവിച്ചൻ മാത്യു,വിൽസൺ ജോർജ്,പ്ലസ് വൺ വിദ്യാർത്ഥി പ്രതിനിധി അലീന മരിയ സാൻജോ തുടങ്ങിയവർ ആശംസയറിയിച്ച് സംസാരിച്ചു.ഉന്നത വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയ അദ്ധ്യാപകർ,മാനേജ്മെൻ്റ്,പി.ടി.എ എന്നിവർക്ക് നന്ദിയും,കടപ്പാടുമറിയിച്ച് രക്ഷാകർത്തൃ പ്രതിനിധി റെയ്മോൾ പി ദാസ്,കുമാരി എയ്ഞ്ചൽ മേരി ജോസ് എന്നിവർ മറുപടി പ്രസംഗം നടത്തി.അദ്ധ്യാപക പ്രതിനിധി സജീഷ് കെ.എം ചടങ്ങിന് ഔദ്യോഗികമായി നന്ദിയറിയിച്ച് സംസാരിച്ചു.
അദ്ധ്യാപകരായ ലീന സക്കറിയാസ്,മേരി ഷൈല,സ്റ്റാഫ് സെക്രട്ടറി ജീന തോമസ്,സ്കൂളിലെ മുഴുവൻ അദ്ധ്യാപക – അനദ്ധ്യാപകർ,സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



