KODANECHERYLOCAL NEWS

മലയോര മേഖലയെ അടുത്തറിയാം; പുലിക്കയത്ത് മൗണ്ടൻ ബൈക്ക് സൈക്ലിങ്ങിനു തുടക്കം

കോടഞ്ചേരി: സാഹസിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോടഞ്ചേരി രാജ്യാന്തര കയാക്കിങ് സെന്ററിൽ  മൗണ്ടൻ ബൈക്ക് സൈക്ലിങ്ങിനു തുടക്കമായി. സഞ്ചാരികൾക്ക് ഇനി സൈക്കിൾ വാടകയ്‌ക്കെടുത്ത് കോടഞ്ചേരി, പുലിക്കയം, തുഷാരഗിരി മേഖലകളിലെ നാട്ടുപ്രദേശങ്ങളിലൂടെ സഞ്ചരിക്കാം. കാഴ്ചകളിലും സംസ്‌കാരത്തിലും വ്യത്യസ്തത പുലർത്തുന്ന ഈ കുടിയേറ്റ മേഖലയിലെ നാട്ടുകാഴ്ചകൾ കാണാനും നാടൻ ഭക്ഷണങ്ങൾ കഴിക്കാനും അവസമുണ്ട്. പ്രദേശത്തെ കാർഷിക ജനതയുടെ ജീവിതശൈലിയും കൃഷിരീതികളും നേരിട്ട് കണ്ടറിയാം.

ടൂറിസം വകുപ്പും ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് ക്ലബ്ബുമാണ് കോടഞ്ചേരി പഞ്ചായത്തിൽ പുലിക്കയത്ത് ചാലിപ്പുഴയുടെ തീരത്തുള്ള കയാക്കിങ് സെന്ററിന്റെ പ്രവർത്തനം നടത്തുന്നത്. കോടഞ്ചേരി പഞ്ചായത്തിനെ സാഹസിക വിനോദങ്ങളുടെ ഹബ്ബായി മാറ്റുക, ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മൗണ്ടൻ ബൈക്ക് സൈക്ലിങ് ആരംഭിച്ചതെന്ന് ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക പറഞ്ഞു. താൽപര്യമുള്ളവർക്ക് മൗണ്ടൻ ബൈക്ക് സൈക്ലിങ്ങിൽ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ പരിശീലനം നൽകുമെന്നും പറഞ്ഞു. സെന്ററിൽ അടുത്തമാസം രാജ്യാന്തര വൈറ്റ്‌വാട്ടർ കയാക്കിങ്ങ് വരാനിരിക്കുകയാണ്. ഇവിടെ വൈറ്റ് വാട്ടർ കയാക്കിങ്, പാക്ക് റാഫ്റ്റിങ് എന്നിവയിലും പരിശീലനം നൽകുന്നുണ്ട്.

ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷനായിരുന്നു. ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക, മാനേജർ പ്രസാദ് തുമ്പാണി, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം റോയ് കുന്നപ്പള്ളി, കോടഞ്ചേരി പഞ്ചായത്ത് അംഗം ചാൾസ് പോൾ, തുഷാരഗിരി ഡിടിപിസി സെന്റർ മാനേജർ ഷെല്ലി മാത്യു, മലബാർ റിവർ ഫെസ്റ്റിവൽ കോഓർഡിനേറ്റർ പോൾസൺ അറക്കൽ, പരിശീലകൻ വി.കെ.അക്ഷയ് അശോക്, ബെനീറ്റോ ചാക്കോ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com