KERALA NEWSLOCAL NEWS

വിഷുവിന് വർണവിസ്‌മയം തീർക്കാൻ വൈവിധ്യമായ ന്യൂജൻ പടക്കങ്ങളും

കോഴിക്കോട്: വിഷുവിന് വർണ വിസ്‌മയം തീർക്കാൻ വൈവിധ്യമായ ന്യൂജൻ പടക്കങ്ങളും. പൊട്ടിക്കുമ്പോൾ മയിൽ പീലി വിടർത്തും പോലെ നിറങ്ങൾ വിടരുകയും ശബ്‌ദത്തോടെ കത്തി തീരുകയും ചെയ്യുന്ന മെഗാ പീക്കോക്ക്, ആകാശത്ത് പോയി വൃത്താകൃതിയിൽ വിരിയുന്ന മാജിക് റിങ്, കുടപോലെ വിടർന്ന് കറങ്ങുന്ന അംബ്രല്ല കമ്പി തിരികൾ എന്നിവയാണ് ഇത്തവണ വിപണിയിലെ പുതിയ താരങ്ങൾ. മെഗാ പീക്കോക്ക് 700, മാജിക് റിങ് 650, അംബ്രല്ല കമ്പിത്തിരി 200 രൂപ എന്നിങ്ങനെയാണ് വില.

ശബ്ദ‌ം കൂടുതലുള്ള പടക്കങ്ങളേക്കാൾ വർണ വിസ്‌മയം തീർക്കുന്ന പടക്കങ്ങൾക്കാണ് ആവശ്യക്കാരേറെ. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ് പുതുതലമുറ പടക്കങ്ങൾ. കുട്ടികളുടെ പ്രിയപ്പെട്ട പൂത്തിരിയും കമ്പി തിരിയും വിവിധ ഇനങ്ങളിൽ വിപണിയിലുണ്ട്. 20 രൂപ മുതൽ 500 രൂപ വരെ വിലയുള്ള പൂത്തിരികളുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങളും പടക്കങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. പുക കുറഞ്ഞതും കുട്ടികളുടെ കൈ പൊള്ളാത്തതുമായ പടക്കങ്ങളുമുണ്ട്. യുവാക്കൾക്ക് പ്രിയം ആകാശത്ത് വിരിയുന്ന ഷോട്ടുകളോടാണ്. ആകാശത്ത് വർണങ്ങൾ വാരി വിതറുന്ന ഒരു ഷോട്ട് മുതൽ 1000 ഷോട്ടു വരെയുള്ള പടക്കങ്ങളുണ്ട്. 15 ഷോട്ടിന് 350, 60ന് 1200, 120 ഷോട്ടിന് 2400 എന്നിങ്ങനെയാണ് വില. 60 മുതൽ 700 രൂപ വരെയാണ് പൂക്കുറ്റികളുടെ വില. ഒരു മിനിറ്റോളം കത്തുന്ന മഷ്റൂം പൂക്കുറ്റിക്ക് ഒന്നിന് 200 രൂപയാണ്. നിലച്ചക്ര ത്തിന് 100 രൂപ മുതലാണ് വില. 100 രൂപ മുതലാണ് മാലപ്പടക്കത്തിൻ്റെ വില. 5000 എണ്ണത്തിൻ്റെ മാല പടക്കത്തിന് 1300 രൂപയാണ്. നാടൻ ഓലപ്പടക്കങ്ങളും വിപണിയിലുണ്ട്. ചൈനീസ് സാങ്കേതിക വിദ്യയിൽ ശിവകാശിയിൽ നിർമിക്കുന്ന പടക്കങ്ങളാണ് മാർക്കറ്റിൽ കൂടുതലുള്ളത്. പടക്കങ്ങൾക്ക് കഴിഞ്ഞ വർഷത്തേക്കാൾ കാര്യമായി വില വർധിച്ചിട്ടില്ല. ഓൺലൈൻ വഴിയുള്ള പടക്ക വിൽപന സാധാരണ കച്ചവടത്തെ ചെറിയ തോതിൽ ബാധിച്ചതായി വ്യാപാരികൾ പറയുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com