LOCAL NEWS

സണ്ണി കല്ലൂർ എൻഡോവ്മെന്റ് സമ്മാനിച്ചു

തിരുവമ്പാടി:മുൻ കോട്ടയം നഗരസഭ ചെയർമാനും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച സണ്ണി കല്ലൂർ ന്റെ സ്മരണാർത്ഥം സണ്ണി കല്ലൂർ ഫാമിലി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എൻഡോവ്മെന്റിന് ഈ വർഷം കോഴിക്കോട് ജില്ലയിലെ രണ്ട് വിദ്യാർഥികൾ അർഹരായി. അക്കാദമിക് രംഗത്തെ മികവിന് കെവിൻ റോയി, സ്പോർട്സ് രംഗത്തെ ഉജ്ജ്വല പ്രകടനത്തിന് അദ്വൈത് ഗിരീഷ് എന്നിവരെയാണ് അവരുടെ തുടർ വിദ്യാഭ്യാസത്തിനായി ഇരുപത്തി അയ്യായിരം രൂപ വീതമുള്ള എൻഡോവ്മെന്റിനായി തിരഞ്ഞെടുത്തത്.

കേരളത്തിലെ പൊതുപ്രവർത്തന രംഗത്ത് ശ്രദ്ധേയനായ നേതാവായിരുന്നു സണ്ണി കല്ലൂർ (കെ. എ. ജോസഫ്). കോട്ടയം മുനിസിപ്പൽ കൗൺസിലിന്റെ ചെയർമാനായും കർഷക കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.

നാല് തവണ കോട്ടയം മുനിസിപ്പൽ കൗൺസിലറും 2000 ത്തിലും 2010- ലും  മുനിസിപ്പൽ ചെയർമാനുമായിരുന്ന  അദ്ദേഹം തൻ്റെ ഭരണ കാലയളവിൽ മികച്ച ഭരണ നൈപുണ്യം കാഴ്ചവെച്ചു. ജില്ലാതല മാലിന്യ സംസ്കരണ പദ്ധതികൾക്കും പരിസ്ഥിതി സൗഹൃദ നഗര വികസന പ്രവർത്തനങ്ങൾക്കും അദ്ദേഹം പ്രത്യേക പ്രാധാന്യം നൽകി. ശുചിത്വവും സുസ്ഥിര വികസനവും മുൻനിർത്തിയുള്ള പദ്ധതികൾ അദ്ദേഹത്തിന്റെ ഭരണകാലത്തിന്റെ മുഖമുദ്രയായിരുന്നു. 100 ദിവസത്തെ ‘ക്ലീൻ കോട്ടയം’ എന്ന ആശയം അവതരിപ്പിക്കുകയും ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു.

കർഷക കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയെന്ന നിലയിൽ കർഷകരുടെ അവകാശങ്ങൾക്കായും ഗ്രാമീണ വികസനത്തിനായും അദ്ദേഹം ശക്തമായി ശബ്ദമുയർത്തി. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും കർഷകരുടെ ജീവിത നിലവാരം ഉയർത്താനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്.

സണ്ണി കല്ലൂർ ഫാമിലി ഫൗണ്ടേഷന് വേണ്ടി പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (നിപ്മർ) എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. അബ്ബാസ് അലി എൻഡോവ്മെന്റ് സമ്മാനിച്ചു. എൻഡോവ്മെന്റ് നിർണ്ണയ കമ്മിറ്റി ചെയർമാനും വള്ളിക്കാപ്പറ്റ കേരള സ്കൂൾ ഫോർ ബ്ലൈൻഡ് പ്രിൻസിപ്പലുമായ യാസിർ എ.കെ, കമ്മിറ്റി അംഗങ്ങളായ സോണിയ മൈക്കിൾ, ഗോകുലൻ കെ, അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com