എം.ഇ.എസ് മമ്പാടും വനിതകളിൽ ചേർത്തല സെൻ ഹീറോസും ചാമ്പ്യന്മാർ.

മുക്കം: മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് മുക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില കേരള കബഡി ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ എം.ഇ.എസ് മമ്പാടും വനിതാ വിഭാഗത്തിൽ ചേർത്തല സെൻ ഹീറോസും കിരീടം ചൂടി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഡി.എസ്.എ പൊന്നാനിയെയാണ് മമ്പാട് പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തിൽ കാസർകോഡ് കുബന്നൂർ കബഡി അക്കാദമി രണ്ടാമതായി.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി പ്രമുഖരായ നിരവധി ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കാനായെത്തിയത്. കായികപ്രേമികൾക്ക് ആവേശവും പുത്തൻ അനുഭവവും സമ്മാനിച്ച മത്സരങ്ങളിൽ കടുത്ത പോരാട്ടമാണ് കളിക്കളത്തിൽ അരങ്ങേറിയത്. മലബാർ റിവർ ഫെസ്റ്റിവലിന് കൂടുതൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മുക്കം നഗരസഭ കബഡി ടൂർണമെന്റ് സംഘടിപ്പിച്ചത്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കായികപ്രേമികളാണ് മത്സരങ്ങൾ കാണാനായി ഒഴുകിയെത്തിയത്.
വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസുകളും സമാപന ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി സമ്മാനിച്ചു. മികച്ച അനിമേഷൻ സംവിധായകനുള്ള ദേശീയ അവാർഡിനർഹനായ ജോഷി ബനഡിക്ട്, മുക്കത്തുനിന്ന് സ്ഥലം മാറിപ്പോകുന്ന ഫയർസ്റ്റേഷൻ ഓഫീസർ ഗഫൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, ബിന്ദു.കെപി, ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, കൗൺസിലർമാരായ ഷെരീഫ് വെണ്ണക്കോട്, ഗിരിജ. വി, മുഹമ്മദ് നസീം, ബബിത മനോജ്, കെ. ബാബു മലബാർ റിവർ ഫെസ്റ്റിവൽ സംഘാടകസമിതി ഭാരവാഹികളായ ബോസ് ജോക്ക്ബ്, അജു ഇമ്മാനുവൽ തുടങ്ങിയവർ സംബന്ധിച്ചു.



