LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മണാശേരിയില്‍ ഗതാഗതം നിലച്ചു, വാഹനം കുടുങ്ങി; നേരിട്ട്‌ ഇറങ്ങി വന്നു ഗതാഗതം നിയന്ത്രിച്ച്‌ എം.എല്‍.എ.

മുക്കം : മണാശേരി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ എം.എല്‍.എ സി.കെ കാസിമിന്റ്‌ വാഹനം കുടുങ്ങി. എം.എല്‍.എ ഇറങ്ങി നേരിട്ട്‌ വന്ന്‌ ഗതാഗതം നിയന്ത്രിച്ചു.പിന്നാലെ നാലോളം പോലിസുകാരുമെത്തി ശാന്തമാക്കി. മണാശേരി അങ്ങാടിയില്‍ രാവിലെയും വൈകുന്നേരവും ഗതാഗതകുരുക്കില്‍ കുടുങ്ങി യാത്രക്കാരെയും വാഹനയാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാഴ്‌ത്തുന്ന പതിവ്‌ കാഴ്‌ച്ചയാണ്‌.മുക്കം ഭാഗത്തുനിന്നും, കോഴിക്കോട്‌ ഭാഗത്തുനിന്നുമുള്ള ബസുകള്‍ക്ക്‌ മുഖാമുഖം ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം അനുവദിച്ചിരിക്കുന്നതാണ്‌ പ്രധാനമായും ഗതാഗതക്കുരുക്കിന്‌ കാരണമെന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം.നാല്‌ ഭാഗങ്ങളിലേക്ക്‌ നൂറ്‌ കണക്കിന്‌ വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാന അങ്ങാടിയാണ്‌ മണാശേരി.

സമീപത്തെ നിരവധി സ്‌ക്കൂളുകള്‍, കോളേജുകള്‍ തുടങ്ങി നിരവധി വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന മുഖ്യമായ കേന്ദ്രവും കൂടിയാണ്‌ മണാശേരി നഗരം. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളില്‍ ഇരുഭാഗത്തുനിന്നും ബസുകള്‍, മറ്റു ചെറുതും വലുതുമായ വാഹനങ്ങള്‍ ഒരേസമയം മുഖാമുഖം ബസ്‌ സ്‌റ്റോപ്പുകളില്‍ എത്തുമ്പോള്‍ റോഡില്‍ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നു. ഇതോടെ നാല്‌ ദിശകളിലേക്ക്‌ സഞ്ചരിക്കേണ്ട വാഹനങ്ങള്‍ക്ക്‌ കടന്ന്‌ പോകാനാതെ ഗതാഗത കുരുക്കില്‍പ്പെട്ട്‌ വലയുകയാണ്‌.ദിവസവും വാഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍ കഴിയാതെ ഗതാഗതം പലപ്പോഴും പൂര്‍ണമായും സ്‌തംഭിക്കുന്ന സാഹചര്യമാണുള്ളത്‌.

യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതുമൂലം വലിയ പ്രയാസമാണ്‌ നേരിടുന്നത്‌. അതേ സമയം സമീപത്തെ മെഡിക്കല്‍ കോളജ്‌ ആശുപത്രി, മുക്കം നഗരത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്റര്‍, മറ്റു സ്വകാര്യ ആശുപത്രികളിലേക്ക്‌ അത്യാഹിത വിഭാഗങ്ങളിലേക്ക്‌ കൊണ്ട്‌ പോകുന്ന രോഗികള്‍ പോലും മണാശേരി അങ്ങാടിയിലെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട്‌ കഷ്‌ടപ്പെടുന്ന സാഹചര്യമാണുള്ളത്‌. ചൊവ്വാഴ്‌ച്ച രാവിലെ 9 മണിക്കുണ്ടായ ഗതാഗതക്കുരുക്കില്‍ തിരുവമ്പാടി എം.എല്‍.എ സി.കെ കാസിമിന്റ വാഹനവും കുടുങ്ങി.പ്രധാനപ്പെട്ട ചടങ്ങില്‍ പങ്കെടുക്കേണ്ട എം.എല്‍.എ ഏറെ നേരം കാത്തുനിന്നിട്ടും ഗതാഗതം സാധാരണ നിലയിലാകാത്തതിനെ തുടര്‍ന്ന്‌ എം.എല്‍.എ വാഹനത്തില്‍ നിന്നിറങ്ങി നേരിട്ട്‌ ഗതാഗതം നിയന്ത്രിക്കാന്‍ രംഗത്തിറങ്ങിയത്‌.

പിന്നീട്‌ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ്‌ നാല്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി വാഹനഗതാഗതം ക്രമീകരിച്ച്‌ സ്‌ഥിതി നിയന്ത്രണവിധേയമാക്കിയത്‌.മണാശേരിയിലെ ഗതാഗതക്കുരുക്കിന്‌ ശാശ്വത പരിഹാരം കാണാന്‍ ബസ്‌ സ്‌റ്റോപ്പുകളുടെ പുനഃക്രമീകരണവും ആവശ്യമായ ട്രാഫിക്‌ നിയന്ത്രണ സംവിധാനങ്ങളും അടിയന്തരമായി ഒരുക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.നിലവില്‍ കോഴിക്കോട്‌ ഭാഗത്തേക്കുള്ള ബസുകള്‍ മണാശേരി അങ്ങാടിയില്‍ നിന്ന്‌ അല്‍പ്പം മുന്നോട്ടേക്ക്‌ മാറ്റുക. മുക്കം ഭാഗത്തേക്കുള്ള സ്‌റ്റോപ്പ്‌ നിലവിലുള്ള ഭാഗത്ത്‌ നിര്‍ത്തിയാല്‍ ഗതാഗത കുരുക്കിന്‌ അല്‍പ്പമെങ്കിലും ആശ്വാസമാകുമെന്നാണ്‌ വിലയിരുത്തുന്നത്‌.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com