ഹരിതകർമ്മ സേനയുടെ യൂസർ ഫീസ് അമ്പത് രൂപയിൽ നിന്നും നൂറു രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങി മുക്കത്തെ വ്യാപാരികൾ.

മുക്കം : നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കിയിരുന്ന ഹരിത കർമ്മ സേനയുടെയുടെ യൂസർ ഫീസ് 50 രൂപയിൽ നിന്നും 100 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങി വ്യാപാരികൾ. വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൺ അഡ്വക്കറ്റ് കെ.പി ചാന്ദിനി, നഗരസഭ സെക്രട്ടറി എന്നിവർക്ക് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി നിവേദനം നൽകി.നിലവിൽ ലൈസൻസ് ഫീസ് വർദ്ധനവ് , തൊഴിൽ നികുതി വർദ്ധനവ്, വാടക വർദ്ധനവ്, വൈദ്യുതി ചാർജ് വർദ്ധനവ്, ഓൺലൈൻ വ്യാപാരം സൃഷ്ടിക്കുന്ന പ്രതിസന്ധി എല്ലാത്തിനും പുറമെ മുക്കം ടൗൺ രണ്ടാംഘട്ട സൗന്ദര്യവൽക്കരണത്തിന്റെ കാരണത്താൽ നിരവധി പ്രയാസങ്ങളും പ്രതിസന്ധികളുമാണ് ചെറുകിട വ്യാപാരികൾ നേരിട്ടുക്കൊണ്ടിരിക്കുന്നത്. ഒരു വർഷത്തോളമായി പുതിയ ബസ്റ്റാൻ്റിൽ ഉൾപ്പെടെ ബസ് ഗതാഗതം നിർത്തലാക്കിയിരിക്കുകയാണ്. ഇനിയും പ്രവൃത്തി പൂർണ്ണമായും പൂർത്തീകരിക്കാൻ സാധിച്ചിട്ടുമില്ല.eനിർമ്മാണ പ്രവർത്തി ഇഴഞ്ഞു നിങ്ങുന്നതുമൂലം വലിയ സാമ്പത്തിക ബാധ്യതയാണ് വ്യാപാരികൾക്ക് ഉണ്ടായിട്ടുള്ളത് .
സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ഹരിത കർമ്മ സേനയുടെ ഫീസ് 100% വർദ്ധിപ്പിക്കാൻ ആണ് കഴിഞ്ഞ ഭരണ സമിതി യോഗത്തിൽ തീരുമാനിച്ചത്. ഈ തീരുമാനത്തിനെതിരെയാണ് ഇപ്പോൾ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. വ്യാപാര ദ്രോഹ നടപടിയിൽ നിന്ന് നഗരസഭ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് സംഘടന നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് റഫീക്ക് മാളിക പി.പ്രേമൻ, പി. അലി അക്ബർ, ജിൽസ് പെരിഞ്ചേരി, പി.പി. അബ്ദുൽ മജീദ് .എം.ടി അസ്ലം, വി.പി അനീസുദ്ധീൻ , കെ. പുരശോത്തമൻ , ചാലിയാർ അബ്ദുസ്സലാം . കെ.വി ഹരി, ഹരിദാസൻ , സുരേഷ് കുമാർ , സുബ്രഹ്മണ്യൻ ,കെ.ടി ഷരീഫ് എം.കെ ഫൈസൽ , സലീം അലങ്കാർ, പി.എ ഫൈസൽ, അഖിൽ , ബഷീർ എന്നിവർ സംബന്ധിച്ചു.



