
പുല്ലൂരാംപാറ :സെൻറ് ജോസഫ് ഹൈസ്കൂൾ പുല്ലൂരാംപാറയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ‘യുവ’ ‘തിരികെ 2025’ എന്ന പേരിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം ഒരുക്കുന്നു.
ഡിസംബർ 26 ന് സ്കൂൾ കോമ്പൗണ്ടിൽ വച്ചാണ് സംഗമത്തിന്റെ ഭാഗമായ വിവിധ പരിപാടികൾ നടത്തപ്പെടുന്നത്.
ബാച്ച് സംഗമം, ഗുരു വന്ദനം, പ്രതിഭകളെ ആദരിക്കൽ, പൂർവ്വ വിദ്യാർത്ഥികളായ ജനപ്രതിനിധികളെ ആദരിക്കൽ, പൊതു സമ്മേളനം, പൂർവ്വ വിദ്യാർത്ഥികൾ നയിക്കുന്ന ഗാന വിരുന്ന് എന്നിവയെല്ലാം ‘തിരികെ 2025’ ന്റെ ഭാഗമാണ്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ-കലാ-കായിക രംഗങ്ങളിൽ മികവുറ്റ നേട്ടങ്ങൾ കൈവരിച്ചു കൊണ്ട് അമ്പത് വിജയ വർഷങ്ങൾ പിന്നിടുന്ന പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി പ്രമാണിച്ച് വിവിധ പ്രോഗ്രാമുകൾ ഉൾക്കൊള്ളുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് നടന്നുവരുന്നത്. ഇതിൽ ഏറെ ശ്രദ്ധേയമായ ഒരു പ്രോഗ്രാമായാണ് ‘യുവ’ യുടെ നേതൃത്വത്തിൽ ‘തിരികെ 2025’ വിഭാവനം ചെയ്ത് സംഘടിപ്പിക്കുന്നത്.



