ലോറി ബൈക്കിലിടിച്ചു, പിന്നാലെ ഇലക്ട്രിക് പോസ്റ്റിലും; തീപ്പിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

താനൂർ: ലോറി ബൈക്കിലും ഇലക്ട്രിക്‌പോസ്റ്റിലും ഇടിച്ച് തീപ്പിടിത്തമുണ്ടായി ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി നവാസ് (25) ആണ് മരിച്ചത്. താനൂര്‍ സ്‌കൂള്‍പടിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്ന് നിയന്ത്രണംവിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിക്കടിയില്‍പ്പെട്ടു.
തൊട്ടുപിന്നാലെ സമീപത്തെ വൈദ്യുതിപോസ്റ്റിലും ലോറിയിടിച്ചു. ഇതോടെ ലോറിക്കടിയില്‍പ്പെട്ട ബൈക്കിന് തീപ്പിടിക്കുകയും ബൈക്ക് യാത്രികന്‍ വെന്തുമരിക്കുകയുമായിരുന്നു.ഓടിക്കൂടിയ നാട്ടുകാരും താനൂര്‍ അഗ്നിരക്ഷാസേന അംഗങ്ങളും ചേര്‍ന്നാണ് തീയണച്ചത്. ഒരുകിലോമീറ്ററിനുള്ളില്‍ തന്നെ അഗ്നിരക്ഷാനിലയമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി. ലോറിയുടെ ഡീസല്‍ടാങ്കിലേക്ക് തീ പടരുന്നതിന് മുന്‍പേ തീയണക്കുകയും ചെയ്തു. എന്നാല്‍ ഇതിനകം നവാസിന് മാരകമായി പൊള്ളലേല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്തിരുന്നു.നവാസിന്‍റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് തിരൂര്‍-കടലുണ്ടി റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു



