
മുക്കം : പുതിയ അധ്യയന വർഷത്തിൽ മണാശ്ശേരി ഗവ.യു.പി. സ്കൂളിലെ വിദ്യാർഥികൾ പുതിയക്ലാസ് മുറികളിൽ ഇരുന്ന് പഠിക്കും. കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച ഒരുകോടി രൂപ ചെലവിൽ മണാശ്ശേരി ഗവ.യു.പി.സ്കൂളിൽ നിർമിച്ച പതിനൊന്ന് ക്ലാസ് മുറികൾ മന്ത്രി വി. ശിവൻകുട്ടി ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്ന് മണിക്കുള്ള ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനാകും. മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു, ജോർജ് എം. തോമസ് തുടങ്ങിയവർ സംബന്ധിക്കും.
നിലവിൽ സ്കൂളിലുള്ള പുതിയ രണ്ടുകെട്ടിടങ്ങളുടെ മുകളിലാണ് പതിനൊന്ന് ക്ലാസ് മുറികൾ നിർമിച്ചിരിക്കുന്നത്. ക്ലാസ് മുറികളിലേക്ക് ആവശ്യമായ പ്രോജക്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ വൈകാതെ യാഥാർഥ്യമാക്കും. മലയോര മേഖലയിലെ മികച്ച പൊതു വിദ്യാലയങ്ങളിലൊന്നാണ് മണാശ്ശേരി ഗവ.യു.പി. സ്കൂൾ. 2016-ൽ ആകെ 671 വിദ്യാർഥികൾ മാത്രമുണ്ടായിരുന്ന സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷം 1,314 വിദ്യാർഥികളുണ്ടായിരുന്നു. എൽ.കെ.ജി., യു.കെ.ജി. ക്ലാസുകളിലെ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാൽ ആയിരത്തി അഞ്ഞൂറിലെത്തും.
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ വികസനകുതിപ്പ് തുടരുന്ന മണാശ്ശേരി ഗവ. യു.പി. സ്കൂളിൽ ഓപ്പൺ ഓഡിറ്റോറിയം നിർമിക്കാൻ 65 ലക്ഷം രൂപ കൂടി അനുവദിച്ചു. ലിന്റോ ജോസഫ് എം.എൽ.എ. യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്



