
കൊടിയത്തൂർ: തകർന്ന് തരിപ്പണമായി കാൽ നടയാത്ര പോലും ദുസഹമായ കൊടിയത്തൂർ – ചെറുവാടി റോഡിന്റെ ശോച്യവസ്ഥയ്ക്ക് പരിഹാരം തേടി വ്യാപാരികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.

റോഡിന്റെ ദുരവസ്ഥ കാരണം ഈ പ്രദേശങ്ങളിലെ കച്ചവടക്കാർ അടച്ചുപൂട്ടലിന്റെ വക്കിലാണ്. മഴക്കാലത്തിനു മുമ്പേ റോഡ് പണി പൂർത്തീകരിച്ചില്ലെങ്കിൽ വാഹന ഗതാഗതം തടസ്സപ്പെടും.
കൊടിയത്തൂർ – തെയ്യത്തും കടവ് റോഡ് നവീകരണവും കടലാസിലോതുങ്ങുകയാണ്. രോഗികളുമായുള്ള ആംബുലൻസുകളും, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങളും ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ കടന്നുപോകുന്നത്. രൂക്ഷമായ പൊടി ശല്യവും, ഭീമൻ പൈപ്പുകൾ റോഡിൽ കൊണ്ടിട്ടത് കാൽനട യാത്രക്കാരെയും വാഹനങ്ങളെയും വീർപ്പു മുട്ടിക്കുകയും ചെയ്യുന്നു.
റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ, വ്യാപാരികളുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് യോഗം തീരുമാനിച്ചു.
മണ്ഡലം സെക്രട്ടറി മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. അനീഫ ടി.കെ അധ്യക്ഷത വഹിച്ചു. സി.പി മുഹമ്മദ്, കുയ്യിൽ കരീം, ടൈലർ ഷഫീഖ്, കെ.ടി മജീദ്, ഉബൈദ് യൂണിവേഴ്സൽ, ഫൈസൽ പി.പി, ത്വഹൂര്‍ ആലിക്കുട്ടി, ബാസിത് പി, എച്ച്.എസ്.ടി അബ്ദുറഹിമാൻ, പി.പി ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.



