
തിരുവമ്പാടി:തൊണ്ടിമ്മൽ ഗേറ്റുംപടി റോഡിൽ ഇരുട്ടിന്റെ മറവിൽ അറവു മാലിന്യങ്ങൾ, അതുപോലെ വിവാഹം, മറ്റ് ആഘോഷവേളകളിൽ നിന്നും ഒഴിവാക്കുന്ന നിരോധിത ഡിസ്പോസബിൾ ഐറ്റംസ്, ഭക്ഷണാവശിഷ്ടങ്ങൾ, കുട്ടികളുടേയും, മുതിർന്നവരുടേയും ഡയപേഴ്സ് (Diapers) തുടങ്ങിയ മാലിന്യങ്ങൾ തള്ളുന്നത് ഒരു നിത്യസംഭവമായി മാറി.പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ഈച്ച കൊതുക് തുടങ്ങിയവ പെരുകുന്നതിനും ഇത് കാരണമാകുന്നു.
ഇതിന്റെ രൂക്ഷഗന്ധം മൂലം കാൽനടയാത്രക്കാർക്കും അതുപോലെ വാഹന യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെ നായകൾ, പന്നികൾ എന്നിവയുടെ ശല്ല്യം ഈ ഭാഗങ്ങളിൽ കൂടിയിരിക്കുകയാണ്. ഇതിനെതിരെ തൊണ്ടിമ്മലിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഓൾ ഫ്രണ്ട്സ് തൊണ്ടിമ്മൽ ബോർഡ് സ്ഥാപിക്കുകയും സംഘാംഗങ്ങൾ രാത്രിയിലും പകലുമെന്നോണം പലതവണ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടുദിവസം മുമ്പേ സ്ഥാപിച്ച ബോർഡിന്റെ താഴെ മാലിന്യങ്ങൾ തള്ളിയവരെ കണ്ടെത്തുകയും അവരെക്കൊണ്ടു തന്നെ അത് അവിടെനിന്ന് വാരിക്കുകയും ചെയ്തുകൊണ്ട് ഓൾ ഫ്രണ്ട്സ് തൊണ്ടിമ്മൽ സമൂഹത്തിന് ഉത്തമ മാതൃക ആയിരിക്കുകയാണ്. ഇവരുടെ ശക്തമായ സാന്നിധ്യം ഈ മേഖലയിൽ തുടർന്നും ഉണ്ടായിരിക്കും. കൂടാതെ പോലീസിന്റെ ശക്തമായ സാന്നിധ്യം ഈ മേഖലയിൽ ഉണ്ടായിരിക്കണമെന്ന് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായവും ഉയർന്നിട്ടുണ്ട്.



