കൊടിയത്തൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആൾക്കുവേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

മുക്കം: കൊടിയത്തൂർ തെയ്യത്തും കടവ് പാലത്തിനു സമീപം ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ സ്വദേശിക്കായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിച്ചു വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും മൂലം തിരച്ചിൽ തുടരാൻ പറ്റാത്ത സാഹചര്യത്തിലാണിത്. നാളെ രാവിലെ ഏഴുമണിക്ക് തിരച്ചിൽ പുനരാരംഭിക്കുമെന്ന് മുക്കം ഫയർ ഓഫീസർ എം എ ഗഫൂർ അറിയിച്ചു.
ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് ചാത്തപ്പറമ്പ് ഹുസൈൻ കുട്ടി എന്നയാളെ ഒഴുക്കിൽപ്പെട്ട് കാണാതായത്. തുടർന്ന് മുക്കം ഫയർഫോഴ്സും കോഴിക്കോട് നിന്ന് എത്തിയ മുങ്ങൽ വിദഗ്ധരും വിവിധ സന്നദ്ധസേന പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രതിനിധികളും മുക്കം പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിരുന്നു.



