
കോഴിക്കോട് : നഗരത്തിൽ ആരംഭിക്കുന്ന ലുലു ബിസിനസ് മാളിലേയ്ക്ക് ഇന്നലെ ആരംഭിച്ച അഭിമുഖത്തിനായി തൊഴിൽ തേടി എത്തിയവർ അരലക്ഷത്തോളം പേർ. കൂടുതലും യുവാക്കൾ. പൊള്ളുന്ന ചൂടിനെ വകവയ്ക്കാതെയാണ് തൊഴിൽ പ്രതീക്ഷയുമായി സ്ത്രീകൾ ഉൾപ്പെടെ എത്തിയത്. കല്ലായി റോഡിൽ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് സ്ഥാപനത്തിലെ 16 വിവിധ വിഭാഗങ്ങളിലേക്കായി അഭിമുഖം നടന്നത്.
സാമൂഹിക മാധ്യമങ്ങൾ വഴി വിവരം അറിഞ്ഞു സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നു യുവാക്കളും യുവതികളും എത്തിയിരുന്നു. എന്നാൽ കോഴിക്കോട്ടെ സ്ഥാപനത്തിനു മാത്രമാണ് ഇത്രയും ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതെന്നു സ്ഥാപന അധികൃതർ പറഞ്ഞു. കൂടുതൽ ഉദ്യോഗാർഥികൾ എത്തുമെന്നതിനാൽ ആംബുലൻസ്, കുടിവെള്ളം മറ്റു സൗകര്യങ്ങളും സുരക്ഷയും അധികൃതർ ഒരുക്കിയിരുന്നു. ഇന്നും അഭിമുഖം തുടരും. ഇരുചക്ര വാഹനം ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ എത്തിയതോടെ പൊലീസ് ഗതാഗതം നിയന്ത്രിച്ചു



