ENTERTAINMENT

സിദ്ദീഖ് എഴുതുന്നു….എന്റെ ഭ്രാന്തൻ ചിന്തകൾ

ഇഷ്ടങ്ങളും അനിഷ്ടങ്ങളും…പ്രശസ്തനായ ഏതോ ഒരു സാഹിത്യകാരൻ തന്റെ ഭാര്യയുടെ വിയർപ്പ് നാറ്റം ഇഷ്ടമായതുകൊണ്ട് അവളെ കുളിക്കാൻ അനുവദിക്കില്ലായിരുന്നുവെന്ന് എവിടെയോ വച്ച് ഞാൻ കേട്ടിട്ടുണ്ട്.. കുറച്ച് കാലം മുമ്പ് ഗൾഫിൽ ബിസിനസും ഉയർന്ന ജോലിയുമുള്ള ഒരു കൂട്ടുകാരൻ ഞങ്ങൾ അഞ്ചാറു പേർക്ക് ഒരു പാർട്ടി തരാൻ തീരുമാനിച്ചു.. തുഷാരഗിരി എന്റെ മറ്റൊരു സുഹൃത്തിന്റെ പരിചയത്തിലുള്ള ഒരു റിസോർട്ടിൽ വെച്ചായിരുന്നു പാർട്ടി.. ലിറ്ററിന് പന്ത്രണ്ടായിരവും പതിമുവ്വായിരവും വില വരുന്ന രണ്ടുമൂന്ന് ബോട്ടിൽ സ്കൊച്ചു വിസ്കിയായിരുന്നു പാർട്ടിയുടെ ഹൈലൈറ്റ്.. മട്ടനും ചിക്കനും ബീഫും അത് വേറെയും.. ഞങ്ങൾക്ക് സഹായത്തിനായി ആ റിസോർട്ട് ഉടമ ഒരാളെ നിയമിച്ചിരുന്നു.. ഞങ്ങൾക്ക് വേണ്ട സാധനങ്ങളും മറ്റും വാങ്ങിക്കൊണ്ട് വരാനും താഴെത്തെ വീട്ടിൽ കുക്ക് ചെയ്യാൻ ഏൽപ്പിച്ച ഭക്ഷണത്തിന് വേണ്ട സാധനങ്ങൾ എത്തിച്ചു കൊടുക്കാനും അറുപതോളം വയസ്സ് പ്രായമുള്ള അലക്ഷ്യമായി വസ്ത്രധാരണം ചെയ്തിരുന്ന അയാളെയാണ് ഏൽപ്പിച്ചിരുന്നത്..

സ്ഥിര മദ്യപാനിയായ അയാൾക്കും ഞങ്ങൾ മദ്യം ഒഴിച്ചു കൊടുത്തു.. വെള്ളം പോലും ഒഴിക്കാതെ മദ്യം കഴിച്ചിരുന്ന അയാൾക്ക് ഞങ്ങൾ ഒഴിച്ചു കൊടുത്ത വിലകൂടിയ ആ മദ്യം കഴിക്കാനൊരു ബുദ്ധിമുട്ട്.. അയാളുടെ ആ അസ്വസ്ഥത മനസ്സിലാക്കിയ ഞാൻ അയാളോട് ചോദിച്ചു..”എന്തുപറ്റി?, നിങ്ങൾ മദ്യം കഴിക്കാറില്ലേ?”.. അയാൾ പറഞ്ഞു..”ഞാൻ സ്ഥിരമായിട്ട് മദ്യം കഴിക്കാറുള്ള ഒരാളാണ്. ഒരു കുത്തലോ ചവർപ്പോ ഇല്ലാത്ത ഈ മദ്യം എനിക്ക് ശരിയാവില്ല”.. ഞാൻ മുൻകൈ എടുത്ത് അയാൾക്ക് വേണ്ട മദ്യം ( നമ്മളിൽ പലരും അത് ലോക്കലാണ് എന്ന് പറയുമെങ്കിലും) വാങ്ങിക്കൊടുത്തു.. ഞങ്ങളെല്ലാവരും ആവേശത്തോടെ നുണഞ്ഞിരുന്ന ആ വില കൂടിയ മദ്യം ഒരു സ്ഥിരം മദ്യപാനിയായ അയാൾക്ക് ഇഷ്ടമായില്ല.. ലോകസുന്ദരി തന്റെ മുമ്പിൽ നഗ്നയായി പ്രത്യക്ഷപ്പെട്ടാൽ പോലും കാമോദ്ധീപനം നടക്കാത്ത കുടുംബസ്ഥനായ, സ്വവർഗനുരാഗിയോ മറ്റോ അല്ലാത്ത തണ്ടും തടിയുമുള്ള പുരുഷകേസരികളും ഉണ്ട് നമ്മുടെ ഇടയിൽ.. നമ്മൾ ഓരോരുത്തർക്കും വ്യത്യസ്ത ഇഷ്ടങ്ങളും അഭിരുചികളുമാണ്.. എനിക്ക് മട്ടൻ ബിരിയാണി ഇഷ്ടമാണ്. അതുകൊണ്ട് നിങ്ങൾക്കെല്ലാവർക്കും അത് ഇഷ്ടമാകണമെന്നുണ്ടോ?.. കവിത കേൾക്കുന്നത് എനിക്ക് ഇഷ്ടമാണ്. അതിനർത്ഥം നിങ്ങൾക്കും അത് ഇഷ്ടമാണ് എന്നല്ലല്ലോ?.. മീൻ പൊരിച്ചതിനേക്കാൾ എനിക്കിഷ്ടം മീൻ കറി വച്ചതാണ്.

പാവയ്ക്ക തേങ്ങയോ സവോളയോ ഇടാതെ പകുതി വേവിൽ കയ്പ്പോടെ കഴിക്കുന്നതും എനിക്ക് ഇഷ്ടമാണ്.. തറവാട്ടിലായിരുന്നപ്പോൾ കട നടത്തിയിരുന്ന ഞാൻ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരുമ്പോൾ ചില ദിവസങ്ങളിൽ രണ്ടു മണി 3 മണിയാകും.. എപ്പോഴും ഒന്നോ രണ്ടോ ആളുകൾ അധികം ഭക്ഷണം കഴിക്കാൻ ഉണ്ടായിരുന്നതിനാൽ ചില ദിവസങ്ങളിൽ കറി തീർന്ന് പോകും.. ആ സമയങ്ങളിൽ എന്റെ ഉമ്മ തക്കാളി താളിച്ചതും കോഴിമുട്ട പൊരിച്ചതും എനിക്കായി തയ്യാറാക്കി തരും.. ആ ഒരു കോമ്പിനേഷൻ ഞാനിപ്പോഴും ഇഷ്ടപ്പെടുന്നു.. മീൻ പിടിക്കുന്നതും ചീട്ട് കളിക്കുന്നതും ക്യാരംസ് കളിക്കുന്നതും ചെസ്സ് കളിക്കുന്നതും സിനിമ കാണുന്നതും പുസ്തകങ്ങൾ വായിക്കുന്നതും ആഴ്ചയിലോ മാസത്തിലോ രണ്ടെണ്ണം അടിക്കുന്നതും ആളുകളോട് സംസാരിച്ചിരിക്കുന്നതും സംസാരിക്കുന്നതിനേക്കാൾ കൂടുതൽ മറ്റുള്ളവർ പറയുന്നത് കേട്ടുകൊണ്ടിരിക്കുന്നതും എനിക്ക് ഇഷ്ടമാണ്..വൃത്തികെട്ട സിഗരറ്റ് വലിയും ഞാനെന്റെ ഇഷ്ടമായി കൂടെ കൊണ്ട് നടക്കുന്നു..ഞാനിപ്പറഞ്ഞ പലതരം ഇഷ്ടങ്ങളും എല്ലാവരുടെയും പൊതുവായ ഇഷ്ടങ്ങളല്ല.. ഭാര്യയെ കുളിക്കാൻ അനുവദിക്കാത്ത സാഹിത്യകാരന്റെ ആ ഇഷ്ടം നമ്മൾക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെങ്കിലും. അത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്.. ആ മദ്യപാനിയുടെ മദ്യത്തിന്റെ രുചിയോടുള്ള ( ചവർപ്പ് ) ഇഷ്ടം എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുമോ എന്നറിയില്ല, എങ്കിലും അത് അയാൾക്കിഷ്ടമാണ്.. എന്റെയായിഷ്ടങ്ങൾ ചിലതൊക്കെ നിങ്ങൾക്ക് ഇഷ്ടമായിരിക്കാം, ചിലത് വെറുപ്പായിരിക്കാം, മറ്റു ചിലത് അംഗീകരിക്കാൻ കഴിയാത്തതുമായിരിക്കാം, എങ്കിലും അതെല്ലാം എന്റെ ഇഷ്ടങ്ങളാണ്.. എതിർക്കപ്പെടേണ്ട ഒരു ഇഷ്ടമായിട്ട് എനിക്ക് തോന്നിയത് സാഡിസമാണ്..

സ്വയം വേദനിപ്പിച്ച് സന്തോഷമടയുന്നതും മറ്റുള്ളവരെ വേദനിപ്പിച്ച് സന്തോഷം കണ്ടെത്തുന്നതുമാണത്..ഇതുവരെ നമ്മളിൽ പലരും ചിന്തിക്കാത്ത ഒരു കാര്യമാണ്, നമ്മളിലെ ഈ ഇഷ്ടങ്ങളാണ് ലോകത്തിലെ എല്ലാ സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും മൂല കാരണം എന്ന്.. തനിക്കിഷ്ടമുള്ളത് മറ്റുള്ളവന് ഇഷ്ടമാവണമെന്നില്ല എന്ന തിരിച്ചറിവ് ബന്ധങ്ങളെ ദൃഢമായി നിലനിർത്തും..ചില ഇഷ്ടങ്ങൾ മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെക്കുന്നത് സന്തോഷത്തെ നൽകും.. നമ്മുടെ ചില അനിഷ്ടങ്ങൾ മറ്റുള്ളവരുടെ ഇഷ്ടങ്ങളാണെങ്കിൽ, അത് മറ്റുള്ളവർക്ക് ഒരു തരത്തിലും ദ്രോഹം വരുത്തുന്നില്ലെങ്കിൽ അവരുടെ ആ ഇഷ്ടത്തെ നമ്മളുടെ ആ അനിഷ്ടത്തെ അംഗീകരിക്കുന്നതും കണ്ടില്ലെന്നു നടിക്കുന്നതും പരസ്പര സ്നേഹവും ബഹുമാനവും വളർത്തും.. നമ്മുടെ ആ അനിഷ്ടങ്ങളാണ്, അവന്റെ ആ ഇഷ്ടങ്ങളാണ് നമുക്ക് അവനിൽ കുറ്റമായി തോന്നുന്നത്.. ഇവിടെ പ്രശ്നക്കാരാവുന്നത് സാഡിസ്റ്റുകളാണ്.. സ്വയം നശിച്ചും സ്വയം മുറിവേൽപ്പിച്ചും ആനന്ദം കണ്ടെത്തുന്ന ഒരു വിഭാഗവും, മറ്റുള്ളവരുടെ നാശത്തിൽ ആനന്ദം കണ്ടെത്തുന്ന മറ്റൊരു വിഭാഗവും, തന്റെ ഇഷ്ടങ്ങൾ സംരക്ഷിക്കാൻ മറ്റുള്ളവരുടെ ഇഷ്ടങ്ങളെ ഹനിക്കുന്നതും സാഡിസത്തിന്റെ ഓരോ രൂപങ്ങളാണ്.. ആക്രമണങ്ങളും കൊല്ലും കൊലയും അതിന്റെ സൃഷ്ടികളാണ്..

ഫാസിസം അതിന്റെ മറ്റൊരു പതിപ്പാണ്..തന്റെ ഇഷ്ടത്തെ, ശരിയെ, ഊന്നി പിടിച്ചുകൊണ്ട് മറ്റുള്ളവരുടെ സന്തോഷത്തെ അല്ലെങ്കിൽ ഇഷ്ടങ്ങളെ തള്ളിപ്പറയുകയാണ് കോപപ്പെടുമ്പോൾ ഒരു വ്യക്തി ചെയ്യുന്നത് .. കോപവും സാഡിസത്തിന്റെ ഒരു നേർത്തെ രൂപമാണ്.. സ്വയം ജീവിക്കുക മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക. അതാവട്ടെ ഇന്നിന്റെ മുദ്രാവാക്യം..Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com