
തിരുവമ്പാടി: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സാമ്പത്തികം സമാഹരിക്കാൻ മലയോരനാട് ഒരുമിച്ചത് മികവേറി. ജൂലൈ 11 ന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അഡ്വ. ഷമീർ കുന്ദമംഗലത്തിൻ്റെ നേതൃത്വത്തിലാരംഭിച്ച ചികിൽസ സഹായ സമാഹരണം 22 ദിവസത്തോടെ അവസാനിപ്പിച്ച് സമാപന പ്രഖ്യാപനം തിരുവമ്പാടിയിൽ നടത്തി. 60 ലക്ഷം സമാഹരിക്കാമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച സഹായ ഫണ്ടിലേക്ക് സുമനസുകളുടെ അകമഴിഞ്ഞ സഹായത്താൽ സ്വാമിജിക്കായി വന്നത് 61,69,384 രൂപയാണ്.
മലയോര മേഖലയിലെ രാഷ്ട്രീയ സംഘടനകൾ, മത സംഘടനകൾ – സ്ഥാപനങ്ങൾ, വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, സാമുഹ്യസാംസ്കാരിക പ്രസ്ഥാനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവരെല്ലാം സഹായ പദ്ധതിയിൽ ഒരുമിച്ച് നിന്നും പ്രവർത്തിച്ചും പങ്കാളികളായി. പ്രഖ്യാപിച്ച തുക ലഭ്യമാക്കാൻ നേതൃത്വം നൽകിയ ജീവകാരുണ്യ പ്രവർത്തകൻ അഡ്വ. ഷമീർ കുന്ദമംഗലത്തെ ചികിൽ സഹായ സമിതി രക്ഷാധികാരിയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ബിന്ദു ജോൺസൺ നാടിൻ്റെ ഉപഹാരം നൽകി അഭിനന്ദിച്ചു. ചികിൽസ സഹായ സമിതി ഭാരവാഹികളായ അബൂബക്കർ മൗലവി, ബാബു,കെ. പൈക്കാട്ടിൽ, സുന്ദരൻ എ പ്രണവം എന്നിവരൊരുമിച്ച് പൊന്നാട അണിയിച്ചു.



