
മുക്കം : കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമയ്ക്കായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് നിർമിച്ച ബഷീർ സ്ക്വയർ നാടിന് സമർപ്പിച്ചു. ‘ബഷീർ സ്മൃതിയിടം’ എന്നപേരിൽ നിർമിച്ച പാർക്ക് ബഷീറിന്റെ മകൾ ഷാഹിന ബഷീർ ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ ഓർമകളുടെ ഇടം എന്ന നിലയിലാണ് സ്ക്വയർ രൂപകല്പന ചെയ്തിരിക്കുന്നത്.
വിദ്യാലയത്തിന്റെ പടിഞ്ഞാറുഭാഗത്ത് പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് സ്മൃതി കേന്ദ്രം നിർമിച്ചത്. ബഷീറിന് ഏറെ ഇഷ്ടപ്പെട്ട മാങ്കോസ്റ്റിൻ മരങ്ങളും ചാമ്പമരവും സ്മൃതിയിടത്തിൽ ഒരുക്കിയിട്ടുണ്ട്.
ബഷീർസ്ക്വയറിന്റെ ചുവരിൽ ബഷീറിന്റെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെയും ചിത്രങ്ങളും വരച്ചിരിക്കുന്നത് പ്രദേശത്തെ ചിത്രകാരന്മാരായ പ്രണവം ബാബുവും വിനു കൈപ്പടയും ചേർന്നാണ്. ബഷീർ സ്ക്വയറിൽ സ്ഥാപിക്കുന്ന ഫലകത്തിലെ ബഷീറിന്റെ ചിത്രം വരച്ചിരിക്കുന്നത് ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ അറബിക്ക് അധ്യാപകനായ ഡോ.വി. അബ്ദുൽ ജലീലും.
വിദ്യാലയത്തിൽ വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലത്താണ് എൻ.എസ്.എസ്. വിദ്യാർഥികൾ ബഷീറിനായി സമൃതിയിടം ഒരുക്കിയത്. ഇതേ സ്കൂളിലെ പൂർവവിദ്യാർഥി മുർഷാദ് കാരാട്ടാണ് ബഷീർസ്ക്വയർ രൂപകല്പന ചെയ്തിരിക്കുന്നത്.
പുതിയതലമുറയ്ക്ക് ബഷീറിനെയും ബഷീർ സാഹിത്യത്തെയും പരിചയപ്പെടുത്താനും സ്മൃതിയിടം വഴിയൊരുക്കും.
75000 രൂപ ചെലവിലാണ് സ്മൃതിയിടം നിർമിച്ചിരിക്കുന്നത്. മുപ്പത്തിഏഴായിരത്തോളം രൂപ വൊളന്റിയർമാർ സ്ക്രാപ്പ് ചലഞ്ചിലൂടെ സമാഹരിച്ചു.
സ്കൂൾമാനേജർ സുബൈർ കൊടപ്പന അധ്യക്ഷനായി. ഒ. അബ്ദുറഹിമാൻ മുഖ്യാതിഥിയായി. മുർഷാദ് കാരാട്ട്, സക്കരിയ പാണക്കോട്ടിൽ എന്നിവർക്ക് നഗരസഭ കൗൺസിലർ സാറ കൂടാരം ഉപഹാരം കൈമാറി. എൻ.എസ്.എസ്. ജില്ലാ കോ-ഓർഡിനേറ്റർ എം.കെ. ഫൈസൽ പദ്ധതി വിശദീകരിച്ചു. ബന്ന ചേന്ദമംഗല്ലൂർ ബഷീർ അനുസ്മരണം നടത്തി. എൻ.എസ്.എസ്. പ്രോഗ്രാംഓഫീസർ എൻ.കെ. സലീം റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ, നഗരസഭ കൗൺസിലർ എ. അബ്ദുൽ ഗഫൂർ, പി.ടി.എ. പ്രസിഡന്റ് കെ.പി.യു. അലി, സില്ലി ബി. കൃഷ്ണൻ, പി.കെ. അബ്ദുറസാഖ്, ടി. അബ്ദുല്ല, പി.ടി. കുഞ്ഞാലി തുടങ്ങിയവർ സംസാരിച്ചു. ചേന്ദമംഗല്ലൂർ യു.പി. സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥികളുടെ കൂട്ടായ്മയായ മഞ്ചാടിയിലെ കുരുന്നുകൾ പാത്തുമ്മയുടെ വേഷമിട്ട് ചടങ്ങിനെത്തിയത് മാറ്റുകൂട്ടി. ബഷീറിന്റെ കൃതികളുടെ പ്രദർശനവും നടന്നു. സ്കൂളിൽ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്. നേരത്തെ എട്ടരലക്ഷം രൂപ ചെലവിൽ സ്കൂളിൽ ഓപ്പൺ സ്റ്റേജ് ആൻഡ് ഓഡിറ്റോറിയം നിർമിച്ചിരുന്നു.



