
- ഒരു ചെറിയ അശ്രദ്ധ..
ഖത്തറിൽ ബിസിനസിന്റെ നല്ല കാലം.. ഞങ്ങൾ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ആ ട്രേഡിങ് ബിസിനെസ്സിൽ എല്ലാവരും എല്ലാ ജോലികളും ചെയ്യേണ്ടിയിരുന്നു. സെയിൽസും പർച്ചേസും അക്കൗണ്ട്സും അഡ്മിനും ഡ്രൈവിംഗും ലോഡിങ്ങും അണ്‍ലോഡിങ്ങും അങ്ങിനെ എല്ലാം..ഞാൻ ഫിനാൻസ് കൈകാര്യം ചെയ്തിരുന്ന സമയം, ദോഹയിലെ പ്രശസ്ത ഇന്റർനാഷണൽ കമ്പനിയുടെ റിസപ്ഷനിലേക്ക് ഫോൺ ചെയ്തു..
ഞങ്ങൾ പരസ്പരം അഭിവാദ്യമർപ്പിച്ചതിനു ശേഷം അവൾ വിനയത്തോടെ ആവശ്യം ആരാഞ്ഞു..എനിക്ക് നിങ്ങളുടെ അക്കൗണ്ട് സെക്ഷനുമായി ഒന്ന് കണക്ട് ചെയ്തു തരണം”..സെക്കൻഡുകൾക്കുള്ളിൽ ആ ഫിലിപ്പൈനി വനിത ( പിന്നീട് മനസ്സിലായത്) അക്കൗണ്ട് സെക്ഷനിലേക്ക് കണക്ട് ചെയ്തു..ഞാൻ എന്നെയും എന്റെ കമ്പനിയെയും പരിചയപ്പെടുത്തിയിട്ട് പറഞ്ഞു,”സർ, നാളത്തെ ഡേറ്റ് ഉള്ള 47000 റിയാലിന്റെ ഞങ്ങളുടെ ഒരു ചെക്ക് നിങ്ങളുടെ അടുത്തുണ്ട്. നാളെ അക്കൗണ്ടിൽ അത്രയും കാശ് ഉണ്ടാകില്ല. അത് ഒരു ദിവസത്തേക്ക് നീട്ടിവെക്കാൻ കഴിയുമോ?”..
“ചെക്ക് എല്ലാം പി ആർ ഓയുടെ അടുത്ത് കൊടുത്തു വിട്ടല്ലോ. അയാൾ പോകുകയും ചെയ്തു”..അയാളോട് ഒന്ന് വിളിച്ചു പറയാമോ?”..ഞാൻ അയാളോട് അപേക്ഷിച്ചു..”ക്ഷമിക്കണം സുഹൃത്തേ, എനിക്കൊന്നും ചെയ്യാൻ കഴിയില്ല. സി എഫ് ഒ യെ വിളിച്ചാൽ മതി”..അവൻ ഫോൺ കട്ട് ചെയ്തു..
ഞങ്ങളുടെ ആറേഴുവർഷമായുള്ള ഒരു കസ്റ്റമറാണ് അൽ സയ്യിദ് ക്ലീനിങ് കമ്പനി..ഒരു മാസം എഴുപതിനായിരവും ഒരു ലക്ഷവുമൊക്കെ അവിടെനിന്ന് ബില്ല് ഉണ്ടാകും..എല്ലാ മാസവും ഒന്നാം തീയതിയുടെയും അഞ്ചാം തീയതിയുടെയും ഇടയ്ക്ക് ഞങ്ങളെ വിളിച്ച് നിങ്ങളുടെ ചെക്ക് റെഡിയാണ് വന്നു കൊണ്ട് പൊക്കോളൂ എന്ന് പറയുന്ന ഒരു കമ്പനിയാണത്..രാവിലെയാണ് ആ കമ്പനിയുടെ അക്കൗണ്ട്സ് ഹെഡ് ആയ സമാന്ത ( ആണാണ് കേട്ടോ ) എന്നെ വിളിച്ച് അവരുടെ 68000 റിയാലിന്റെ ചെക്ക് ഇന്ന് ഡിപ്പോസിറ്റ് ചെയ്യരുത് രണ്ടുദിവസം കഴിഞ്ഞേ ഡിപ്പോസിറ്റ് ചെയ്യാവൂ എന്ന് പറഞ്ഞത്..ഞാൻ എന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ഇന്ന് ഡിപ്പോസിറ്റ് ചെയ്താൽ അക്കൗണ്ടിൽ കാശ് ഉണ്ടാകില്ല എന്നവൻ തീർത്ത് പറഞ്ഞു..ഞങ്ങളുടെ കമ്പനിയുടെ നെടുംതൂണാണ് ആ കസ്റ്റമർ. മറിച്ചൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല..സലാം ബോണിയന്റെ ചെക്ക് അല്ലാതെ ഒന്ന് രണ്ട് ചെക്കുകൾ വേറെയും നാളെ പോകാനുണ്ട്..
അതിനുള്ള കാശ് അക്കൗണ്ടിൽ ഉണ്ട്..ഞങ്ങളുടെ 47000 ത്തിന്റെ ചെക്ക് നാളെ അവർ ഡിപ്പോസിറ്റ് ചെയ്താൽ, ചെക്ക് ബൗൺസ് ആകും. 500 റിയാൽ ഫൈനും വരും..ആറേഴു വർഷമായിട്ട് ഒരു പിഴവും വരാതെ കൊണ്ടുനടന്നിരുന്ന ബാങ്കിംഗിൽ ഒരു ബ്ലാക്ക് മാർക്ക് വീഴുന്നതിൽ ആയിരുന്നു ഞാൻ ഏറെ ആകുലതപ്പെട്ടത്..ഞാൻ വീണ്ടും റിസപ്ഷനിലേക്ക് വിളിച്ചു..ആ മാന്യ വനിതയോട് എന്റെ ആവശ്യം പറഞ്ഞു..അവൾ മറ്റൊരു ഫോണിൽ സി എഫ് ഒ യെ വിളിച്ച് അയാളുടെ സൗകര്യമാരാഞ്ഞു.. ആ ഫോൺ കട്ട് ചെയ്തിട്ട് എന്നോട് പറഞ്ഞു, ഒരു പത്തുമിനിറ്റിന് ശേഷം വിളിക്കാൻ..കമ്പനിയുടെ എല്ലാ കാര്യങ്ങളും നടന്നിരുന്നത് ബാങ്ക് വഴിയാണ്. വീടിന്റെ വാടകയായും ഓഫീസിന്റെ വാടകയായും സ്റ്റോറിന്റെ വാടകയായും വണ്ടികളുടെ അടവായും (E M I ) മറ്റ് പല ആവശ്യങ്ങൾക്കായും നൂറോളം പോസ്റ്റ് ഡേറ്റ്ഡ് ചെക്ക് (P D C ) പലർക്കുമായി കൊടുത്തിട്ടുണ്ട്..അതെല്ലാം അതാത് ദിവസങ്ങളിൽ അവർ ഡിപ്പോസിറ്റ് ചെയ്യുകയും ചെയ്യും..
അങ്ങനെയുള്ള ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം ബാങ്ക് സ്റ്റേറ്റ്മെന്റിൽ ഒരു ബ്ലാക്ക് മാർക്ക് വീഴുക എന്നത് വലിയ കുറച്ചിൽ തന്നെയാണ്..പത്ത് മിനിറ്റിനു ശേഷം ഞാൻ സി ഫ് ഓയെ വീണ്ടും വിളിച്ചു..കിളി നാദത്തിന് ഉടമയായ ആ മഹതി സി എഫ് ഓക്ക് കണക്ട് ചെയ്തു..ഫോൺ റിങ്ങ് അടിക്കുന്നത് ഈ നിമിഷം നിൽക്കുമല്ലോ എന്ന് ശങ്കിച്ചു നിൽക്കെ അവസാന നിമിഷമാണ് അയാൾ ഫോണെടുത്തത്..ഞാൻ അയാളോട് കാര്യങ്ങൾ അവതരിപ്പിച്ചു. ഒരു ദിവസം തള്ളി ചെക്ക് ഡിപ്പോസിറ്റ് ചെയ്യാൻ അപേക്ഷിച്ചു.. “അതൊന്നും ശരിയാകില്ല, ആ പൈസക്ക് മറ്റേതെങ്കിലും പെയ്മെന്റ് നിശ്ചയിച്ചിട്ടുണ്ടാവും”..അയാൾ അലസമായി മറുപടി പറഞ്ഞു..അൽ സയ്യിദിന്റെ കാശ് കിട്ടിയിട്ട് സലാം ബോണിയെന്റെ കാശ് കൊടുക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നത് പോലെ അവരും ഞങ്ങൾ കൊടുക്കാനുള്ള പൈസയ്ക്ക് മറ്റേതെങ്കിലും പെയ്മെന്റ് തീരുമാനിച്ചിരിക്കും..
നാളെ ബാങ്കിൽ കാശുണ്ടാകില്ല എന്ന് ഞാൻ അവനെ മിനിറ്റുകളോളം സംസാരിച്ച് ബോധ്യപ്പെടുത്തി..അവൻ പറഞ്ഞു, അവനൊന്നും ചെയ്യാൻ കഴിയില്ല എം ഡിയെ വിളിച്ചു സമ്മതം വാങ്ങാൻ..നിങ്ങളുടെ എം ടിയെ എനിക്കറിയാം. ഒന്ന് രണ്ടുവട്ടം ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുണ്ട് എന്നൊക്കെ ഞാൻ അവനോട് പറഞ്ഞു..എം ഡി ഓഫീസിൽ എത്തിയിട്ടില്ല എന്ന് അവന്റെ സംസാരത്തിൽ നിന്ന് മനസ്സിലാക്കിയത് കൊണ്ട് ഞാൻ എംഡിയുടെ നമ്പർ തരാൻ ആവശ്യപ്പെട്ടു..എനിക്ക് അദ്ദേഹത്തെ അറിയാം ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞതുകൊണ്ടാവാം അവൻ അയാളുടെ നമ്പർ പറഞ്ഞു..
ഞാൻ മൊബൈലിൽ അവനോട് സംസാരിച്ചിരിക്കെ അവൻ പറഞ്ഞ നമ്പർ ഡയൽ ചെയ്തു..ഫോൺ കട്ടായി..കോൾ കട്ടായ ഉടനെ ഞാൻ അയാൾ പറഞ്ഞ നമ്പറിൽ വിളിക്കാനായി തുടങ്ങിയപ്പോൾ മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഓഫ് ആയി. വീണ്ടും ഓണാക്കിയപ്പോൾ ആ നമ്പർ നഷ്ടപ്പെട്ടിരുന്നു..
ഞാൻ ഒരിക്കൽ കൂടി സി എഫ് ഒയെ വിളിച്ചെങ്കിലും,”M D is here, come and meet him”, എന്ന് പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു..ഞങ്ങൾ അടുത്ത ദിവസങ്ങളിൽ ചെയ്യേണ്ട ജോലികൾ ഒരു ഡയറിയിൽ കുറിക്കാറുണ്ട്..എനിക്ക് രണ്ട് ക്ലൈന്റിനെ വിസിറ്റ് ചെയ്യാനുണ്ട്. ഒരിടത്ത് നിന്ന് ചെക്ക് കളക്ട് ചെയ്യാനുണ്ട്. പുതിയ ഒരു ക്ലൈന്റിനെ കാണാനുള്ള അപ്പോയിൻമെന്റ് ലഭിച്ചിട്ടുണ്ട്. പുറമേ മറ്റേതെങ്കിലും പുതിയ കസ്റ്റമറെ കണ്ടെത്തുകയും വേണം..എട്ടു പത്തു മണിക്കൂറോളം ചെയ്യാനുള്ള ജോലി ഇതുതന്നെയുണ്ട്..ഈ ജോലികളേക്കാളൊക്കെ അപ്പോൾ മുൻഗണന ആ ചെക്ക് നാളെ ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യിപ്പിക്കാതിരിക്കുക എന്നതിനായിരുന്നു..
ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ആ നമ്പർ നഷ്ടപ്പെട്ടത് കാരണം എനിക്ക് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ട് ചില്ലറയൊന്നുമല്ല..ഞാൻ കാറെടുത്ത് അവരുടെ ഓഫീസിലേക്ക് പുറപ്പെട്ടു..ഖത്തറിൽ എല്ലായിടത്തും റോഡ് പണിയും പാലം പണിയും തകൃതിയായി നടക്കുന്ന സമയമാണ്. ഇൻഡസ്ട്രിയിൽ ഏരിയയിൽ നിന്ന് അഞ്ചോ ആറോ മിനിറ്റ് കൊണ്ട് മറികടക്കാവുന്ന സൽവാ റോഡ്, റോഡ് പണി കാരണം ഒന്നര മണിക്കൂറെടുത്തു..
ഞാൻ അവിടെ അവരുടെ ഓഫീസിൽ എത്തി അന്വേഷിച്ചപ്പോൾ എംഡി പുറത്തുപോയിരുന്നു..ഞാൻ സിഎഫ് ഓയെ കാണാൻ അനുവാദം വാങ്ങി, അയാളെ കണ്ട് എംഡിയുടെ നമ്പർ വാങ്ങി..അവിടുന്ന് എംഡിയെ വിളിച്ച് അദ്ദേഹത്തിനോട് സമ്മതവും വാങ്ങി.. ഞാനപ്പോഴും എന്റെ ആ ഒരു നിമിഷത്തെ അശ്രദ്ധയെ പഴിക്കുകയായിരുന്നു..
Sidhique Patta..



