
വയനാട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരിയുടെ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പര്യടനത്തിന് വെള്ളിയാഴ്ച തുടക്കമായി.നിയോജകമണ്ഡലത്തിലെ പ്രഥമ പര്യടനത്തിന് ജില്ലാ അതിർത്തി പട്ടണമായ അടിവാരത്ത് രാവിലെ ഒൻപതോടെ എത്തിച്ചേർന്ന സ്ഥാനാർഥിയെ ലിന്റോ ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ എൽ.ഡി.എഫ്. പ്രവർത്തകർ വരവേറ്റു
സി.പി.എം. താമരശ്ശേരി ഏരിയാകമ്മിറ്റിയംഗം കെ.സി. വേലായുധൻ ഷാളണിയിച്ച് സ്വീകരിച്ചു. വിനോദ് കിഴക്കയിൽ, പി.കെ. നാസർ, എം.ഇ. ജലീൽ തുടങ്ങിയവർ സന്നിഹിതരായി. വ്യാഴാഴ്ച മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ച അടിവാരം പൊട്ടിക്കൈ സ്വദേശിനി ഷജീനയുടെ വീട് സന്ദർശിച്ചു. തുടർന്ന് കൈതപ്പൊയിൽ ലിസ കോളേജിലെത്തി വിദ്യാർഥികളുമായി സംവദിച്ചു.പുതുപ്പാടിയിലെ സർക്കാർ വിത്തുത്പാദനകേന്ദ്രം, 26-ാം മൈൽ അങ്ങാടി, ഓട്ടോസ്റ്റാൻഡ്, വെസ്റ്റ് കൈതപ്പൊയിൽ, കബനി സോപ്പ് കമ്പനി, മലപുറം ജി.എം.എൽ.പി. സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലെ സന്ദർശനത്തിനുശേഷം കോടഞ്ചേരി പഞ്ചായത്ത് പരിധിയിലേക്ക് പ്രവേശിച്ചു.കണ്ണോത്ത്, നെല്ലിപ്പൊയിൽ, കോടഞ്ചേരി ടൗൺ, കോടഞ്ചേരി ഗവ.കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഉച്ചയ്ക്കുശേഷം തിരുവമ്പാടി പഞ്ചായത്തിലായിരുന്നു പര്യടനം. പിന്നീട് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിലെ നിയോജകമണ്ഡലം എൽ.ഡി.എഫ്. കൺവൻഷനിലും റാലിയിലും പങ്കെടുത്തു. അതിനുപിന്നാലെ കൂടരഞ്ഞി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി ജനങ്ങളോട് വോട്ടഭ്യർഥിച്ചു



