
എന്റെ ഭ്രാന്തൻ ചിന്തകൾ…35.
യുദ്ധം.. ബോംബും മിസൈലും പീരങ്കിയും തോക്കും ഉപയോഗിച്ച് ആരൊക്കെയോ കൊല്ലുന്നു.. വീടും വസ്തുവകകളും ആ നാടും നശിപ്പിക്കുന്നു?.. ആ കൊല്ലപ്പെട്ടവരും നഷ്ടപ്പെട്ടവരും എല്ലാവരും നിങ്ങളുടെ ശത്രുക്കളാണോ?. അഞ്ചോ പത്തോ ശതമാനം വരുന്ന മതതീവ്രതികളും തീവ്ര രാഷ്ട്രീയവാദികളും ഫാസിസ്റ്റുകളും, അവരുടെയൊക്കെ ഇഷ്ടങ്ങൾക്കും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി ബഹുഭൂരിപക്ഷം വരുന്ന കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളും ഉൾപ്പെടെ നിഷ്കളങ്കരും നിരാലംബരുമായ ആളുകളുടെ ജീവനും സ്ഥലജംഗമവസ്തുക്കളും നശിപ്പിച്ച് ജീവിതം നരകതുല്യമാക്കുന്ന ഈ യുദ്ധങ്ങളൊക്കെ എങ്ങനെയാണ് ശരിയുടെ പക്ഷത്ത് വരുന്നത്?..
അവരുടെയൊക്കെ സ്വാർത്ഥത കൊണ്ട് അപരന്റേത് തട്ടിയെടുക്കാനോ, മറ്റെന്തെങ്കിലും കച്ചവട ലക്ഷ്യം മുന്നിൽകണ്ടോ നടത്തുന്ന കൊടും പാതകത്തിന് ബഹുഭാരിപക്ഷം സാധാരണക്കാരെ ശിക്ഷിക്കുന്നതിൽ എന്ത് ശരിയാണുള്ളത്?.. യുദ്ധം കൊണ്ട് സാധാരണക്കാർക്കല്ലാതെ ഇപ്പറഞ്ഞ കൂട്ടർക്ക് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടില്ല. നേട്ടങ്ങളെയൊള്ളൂ .. ആയുധക്കച്ചവടമോ, അല്ലെങ്കിൽ പെട്ടെന്നാർക്കും മനസ്സിലാക്കാൻ കഴിയാത്ത വല്ല ലക്ഷ്യമോ, മറ്റെന്തെങ്കിലും കച്ചവടമോ ലക്ഷ്യം വെച്ച് ചെയ്യുന്ന ഈ കൊടുംക്രൂരത കൊണ്ട് നേടുന്നതിനെ, അതെന്തായാലും എങ്ങിനെ ഒരു നാടിന് നന്മയാകും?..
എന്നെ കളിയാക്കി, എന്നെ ബഹുമാനിച്ചില്ല, എന്റെ തന്തയ്ക്ക് വിളിച്ചു, എന്നൊക്കെ പറഞ്ഞ് വളരെ നിസ്സാര കാര്യങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്തിട്ടുണ്ട് പഴയകാലത്ത് ചില ചക്രവർത്തിമാരും രാജാക്കന്മാരും.. സൗകര്യങ്ങളും ടെക്നോളജിയും മനഷ്യ ചിന്തയും ഇത്രയും വികാസം പ്രാപിച്ച ഈ ആധുനിക കാലഘട്ടത്തിലും ഒരു യുദ്ധത്തിനായി അവർ നിരത്തുന്ന കാരണങ്ങളിൽ പലതും ലജ്ജാവഹമാണ്.. സഹപാഠി തന്റെ മൂക്കിന് നേരെ വിരൽചൂണ്ടി എന്ന് പറഞ്ഞ് വഴക്കിടുന്ന എൽപി സ്കൂൾ വിദ്യാർത്ഥികളെ പോലെ.. നിഗൂഢ ലക്ഷ്യങ്ങൾക്കാണ് പ്രാധാന്യം. മനുഷ്യനോ മനുഷ്യജീവനോ അല്ല..
അമേരിക്ക ഇറാക്കിൽ ബോംബിട്ടപ്പോഴും ബിൻലാദനെ പോലെയുള്ള മതതീവ്രവാദികൾ വേൾഡ് സെന്റർ ആക്രമിച്ചപ്പോഴും മരിച്ചുവീഴുന്ന വരെ പത്രത്തിലും ടിവിയിലും കണ്ട് “ആ മരിച്ചുവീഴുന്നവരെല്ലാം നമ്മളെപ്പോലെ പാവങ്ങളല്ലേ” എന്ന് സങ്കടപ്പെട്ട എന്റെ ഉമ്മയെ എനിക്കിപ്പോഴും ഓർമ്മയുണ്ട്.. സിനിമയിൽ പോലും വയലൻസ് ഇഷ്ടപ്പെടാത്ത എന്റെ ഉമ്മയെ പോലെയുള്ള അനേകം അമ്മമാരും സഹോദരിമാരും കുട്ടികളും ഒരു തെറ്റും ചെയ്യാതെ ആ കൊടും ക്രൂരതയ്ക്ക് ഇരയാകുന്നു.. പുരുഷാധിപത്യവും യുദ്ധത്തിന് ഒരു കാരണമായി വരാറുണ്ട്.. യുദ്ധം, എല്ലാ അർത്ഥത്തിലും മനുഷ്യനും മനുഷ്യകുലത്തിനും നാശം തന്നെയാണ്..Sidhique Patta..



