
കോഴിക്കോട്: പത്തര അടിയോളം ഉയരത്തിൽ ചെവിയാട്ടി കുമ്പകുലുക്കി നിൽക്കുന്ന ഫൈബർ കൊമ്പന് ജീവനില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ജീവനുള്ള ആനയുടെ അതേ ഗാംഭീര്യം, തലയെടുപ്പ്, നിരയൊത്ത കൊമ്പുകളും തുമ്പിക്കൈയും. പക്ഷേ, പേടി ഒട്ടും വേണ്ട. തുമ്പിക്കൈയിൽ പിടിക്കുകയോ പുറത്തുകയറിയിരിക്കുകയോ ചെയ്യാം. ആന ഇടയുമെന്നോ കുത്തുമെന്നോ പേടി വേണ്ട. മേളക്കാരനായ ശബരീഷും അഷ്ടപദി ഗായകനായ പ്രശോഭും ചേർന്നാണ് കോഴിക്കോട്ടേക്ക് ഇങ്ങനെയൊരു ഫൈബർ കൊമ്പനെ കൊണ്ടുവന്നിരിക്കുന്നത്. പറവൂരിലെ ആനമേക്കറാണ് ഫൈബർ ആനയെ നിർമിച്ചത്. തെച്ചിക്കോട്ടുകാവ് ശിവസുന്ദറിന്റെ അതേ ഗാംഭീര്യത്തോടെയും ആകാരവടിവോടെയും നിർമിച്ച ആനയുടെ പേര് പയ്യങ്കോടുപുരം ശ്രീമുരുകൻ എന്നാണ്.



