
തിരുവമ്പാടി : കാട്ടുപന്നി ബൈക്കിനു കുറുകെ ച്ചാടി യുവാവിന് സാരമായ പരിക്ക്. കൂടരഞ്ഞി മുക്കം റോഡിൽ കൂടരഞ്ഞി അങ്ങാടിക്ക് സമീപം ഇന്നലെ വൈകീട്ട് എഴു മണിയോടെയാണ് സംഭവം. പരിക്കേറ്റ മുക്കം എസ്ബിഐ ജീവനക്കാരൻ കൂടരഞ്ഞി പ്ലാംപറമ്പിൽ ഗോഡിൽ ജോസഫ് (34)നെ മുക്കം അഗസ്ത്യൻമുഴി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ നിന്നും വീണാണ് പരിക്ക്. കൈക്ക് ഉൾപ്പെടെ പലഭാഗങ്ങളിലും പൊട്ടലുണ്ട്.
കാട്ടുപന്നികളെ നിയന്ത്രിക്കാൻ അടിയന്തരനടപടി വേണമെന്നും നഷ്ടപരിഹാരത്തുക അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ചികിത്സയിലുള്ള യുവാവിനെ വിൽസൺ പുല്ലുവേലിൽ, പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ, സിൽവിൻ ജോസഫ്, സുബിൻ പൂക്കുളം, മാത്യു വർഗീസ് എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു.



