
തിരുവമ്പാടി : തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ കക്കുണ്ട് തോടിന്റെ സംരക്ഷണ ഭിത്തി ഉടൻ പുനർനിർമിക്കുമെന്ന് സ്ഥലം സന്ദർശിച്ച ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. ഡിപിആർ പ്രകാരമുള്ള പ്രവൃത്തികൾ ഉടൻ നടത്താനും ഇളകിനിൽക്കുന്ന സംരക്ഷണഭിത്തി പൊളിച്ച് പുതുതായി പണിയാനും പിഡബ്ല്യുഡി അധികൃതർക്കും കരാറുകാരനും നിർദേശം നൽകി. മഹാപ്രളയത്തിൽ ഇടിഞ്ഞ സംരക്ഷണഭിത്തി ആറ് വർഷമായിട്ടും പുനർനിർമിക്കാത്തത് ഗതാഗതഭീഷണി ഉയർത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു.
ഇടിഞ്ഞ കലുങ്ക് ഏതാനും മാസംമുൻപ് പുനർനിർമിച്ചെങ്കിലും ഫണ്ടിന്റെ അഭാവത്താൽ തോടിന്റെ ഭിത്തി പുനർനിർമാണത്തിന് കാലതാമസം നേരിടുകയാണ്. തിരുവമ്പാടിമുതൽ ചവലപ്പാറ വരെ 2.5 കിലോമീറ്റർ റോഡ് നവീകരിക്കാൻ മൂന്ന് കോടി 30 ലക്ഷം രൂപയാണ് അനുവദിച്ചത്. റോഡ് നവീകരണത്തിനുമുൻപ് ഡിപിആർ തയ്യാറാക്കി എസ്റ്റിമേറ്റ് ഉണ്ടാക്കി പ്രവൃത്തി ടെൻഡർ ചെയ്താണ് റോഡ് നവീകരിക്കാറുള്ളത്.
എന്നാൽ, ഇവിടെ ഫണ്ടിന്റെ കാര്യം പരിശോധിച്ചശേഷം സംരക്ഷണഭിത്തിയുടെ കാര്യം പരിഗണിക്കാമെന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടേത്.
കക്കുണ്ട് കലുങ്കിനോടുചേർന്ന് തോടിന്റെ 200 മീറ്ററിലധികം ദൂരത്തിൽ സംരക്ഷണഭിത്തി ഇളകിനിൽക്കുകയാണ്. ഈഭാഗം മുഴുവൻ പുനർനിർമിക്കേണ്ടതുണ്ട്.



