LOCAL NEWS

ഇരുവഞ്ഞിപ്പുഴയിലേക്ക് കോഴിയറവുമാലിന്യം തള്ളി

മുക്കം : മലയോരമേഖലയുടെ പ്രധാന ജലസ്രോതസ്സായ ഇരുവഴിഞ്ഞിപ്പുഴയിലേക്ക് സമൂഹവിരുദ്ധർ അറവുമാലിന്യം തള്ളി. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ, മുക്കം പാലത്തിനു സമീപത്തുനിന്ന് ചോണാടേക്കുപോവുന്ന റോഡരികിൽനിന്നാണ് രാത്രിയുടെമറവിൽ പെട്ടികണക്കിന് കോഴിയുടെ പഴകിയ അറവുമാലിന്യം തള്ളിയത്.

ഒട്ടേറെപ്പേർ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുടിവെള്ളപദ്ധതിയുടെ പമ്പ് ഹൗസിനുസമീപമാണ് മാലിന്യംതള്ളിയത്. പുഴയിലെ വെള്ളത്തിൽ മാലിന്യം പരന്നുകിടക്കുന്നനിലയിലാണ്.

അസഹ്യമായ ദുർഗന്ധംകാരണം തൊട്ടടുത്ത വീട്ടുകാർക്ക് വീടുകളിൽ നിൽക്കാനോ യാത്രക്കാർക്ക് ഇതുവഴി യാത്രചെയ്യാനോ കഴിയാത്ത അവസ്ഥയാണ്. നാട്ടുകാരുടെ നേതൃത്വത്തിൽനടത്തിയ പരിശോധനയിൽ മാലിന്യംകൊണ്ടുവന്ന വാഹനത്തിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ഒരു സ്ത്രീയും പുരുഷനും സ്കൂട്ടറിൽ മുക്കം പാലത്തിന്‌ സമീപമെത്തുന്നതും തൊട്ടുപുറകേ മാലിന്യവുമായി ഒരു ലോറിവരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സ്ത്രീയെ അവിടെനിർത്തി സ്കൂട്ടറിൽവന്ന ആൾ മാലിന്യവുമായിവന്ന ലോറിയിൽ കയറിപ്പോയി മാലിന്യംതട്ടിയതിനുശേഷം നാലരയോടെ തിരിച്ചുവന്ന് സ്കൂട്ടറിൽ കയറിപ്പോവുന്നതും ദൃശ്യങ്ങളിലുണ്ട്. മുക്കം പോലീസ്, കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി എന്നിവർ സ്ഥലത്തെത്തി പരിശോധിച്ച് മാലിന്യംതള്ളിയവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com