
കൊടിയത്തൂരിൽ
സോളാർ ഫെൻസിങ് പദ്ധതിക്ക് തുടക്കം
മുക്കം: കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗശല്യം മൂലം കർഷകർ ദുരിതമനുഭവിക്കുമ്പോൾ അവർക്കാശ്വാസമായി കെടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ സോളാർ ഫെൻസിംഗ് പദ്ധതിക്ക് തുടക്കം.
ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വാർഷിക ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
5 ലക്ഷം രൂപയാണ് പഞ്ചായത്ത് പദ്ധതി വിഹിതമായി വെച്ചിരിക്കുന്നത്. സോളാർ ഫെൻസിങ് നിർമാണത്തിന്റെ ആകെ ചിലവിന്റെ 50% പഞ്ചായത്ത് വഹിക്കും. ബാക്കി 50% ഗുണഭോക്താക്കളാണ് വഹിക്കേണ്ടത്.മുൻവർഷങ്ങളിലും പദ്ധതിയിൽ ഉൾപ്പെടുത്തി സോളാർ ഫെൻസിംഗ് സ്ഥാപിച്ചിരുന്നു.
നേരത്തെ കാട്ടുപന്നി ശല്യത്തിൽ നിന്ന് കർഷകരേയും കാർഷിക വിളകളേയും രക്ഷിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ നായാട്ട് സംഘടിപ്പിക്കുകയും നിരവധി പന്നികളെ കൊല്ലുകയും ചെയ്തിരുന്നു.
തോട്ടുമുക്കത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു സോളാർ ഫെൻസിംഗ് ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



