LOCAL NEWS

വോട്ടെടുപ്പിന് ജില്ല സജ്ജം; വോട്ട് ചെയ്യാന്‍ 26,68,817 പേർ

* 13 മണ്ഡലങ്ങളിലും മാതൃക പോളിങ് സ്റ്റേഷനുകളും 67 പിങ്ക് പോളിങ് സ്റ്റേഷനുകളും

* വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ

കോഴിക്കോട് :ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ജില്ല പൂര്‍ണ സജ്ജമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചു. ജില്ലയില്‍ വോട്ടെടുപ്പ് വന്‍ വിജയമാക്കാന്‍ മുഴുവന്‍ ജനങ്ങളോടും കലക്ടര്‍ അഭ്യര്‍ഥിച്ചു.

ജില്ലയില്‍ 13,04,604 പുരുഷന്മാരും 13,64,182 സ്ത്രീകളും 31 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ 26,68,817 വോട്ടര്‍മാരാണുള്ളത്. ഇവര്‍ക്ക് വോട്ട് ചെയ്യുന്നതിനായി 2,837 പോളിങ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഓരോ മാതൃകാ പോളിങ് സ്റ്റേഷനുകളും പോളിങ് ഉദ്യോഗസ്ഥരായി വനിതകള്‍ മാത്രമുള്ള 67 പിങ്ക് പോളിങ് സ്റ്റേഷനുകളുമുണ്ടാകും. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ കാരപ്പറമ്പ് ഹൈസ്‌കൂളിലെ 48ാം നമ്പര്‍ ബൂത്ത് ഭിന്നശേഷിക്കാര്‍ നിയന്ത്രിക്കുന്ന ഏക പോളിങ് സ്റ്റേഷനാണ്. വോട്ടിങ് മെഷീന്‍ അടക്കമുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ എട്ടിന് രാവിലെ എട്ട് മുതല്‍ നിയോജക മണ്ഡലംതല കേന്ദ്രങ്ങളില്‍ നടക്കും.

വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപരവുമാക്കുന്നതിന് ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായും കലക്ടര്‍ അറിയിച്ചു. ജില്ലയിലെ 351 പ്രശ്നസാധ്യതാ ബൂത്തുകളിലും പ്രത്യേക സുരക്ഷയുണ്ടാകും. കോഴിക്കോട് റൂറല്‍ പരിധിയില്‍ മാത്രം 1,600 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇതിനുപുറമെ ആയിരത്തിലധികം കേന്ദ്ര സേനാംഗങ്ങളും സുരക്ഷാ ചുമതലയിലുണ്ടാകും. പൊലീസിന് പുറമെ മൈക്രോ ഒബ്സര്‍വര്‍മാരെയും പ്രശ്നബാധിത ബൂത്തുകളില്‍ നിയോഗിക്കും.

പോളിങ് ഡ്യൂട്ടിക്കായി 13,218 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. മൂന്നാം റാന്‍ഡമൈസേഷന് ശേഷം ഉദ്യോഗസ്ഥരുടെ ഫോണുകളിലേക്ക് ഡ്യൂട്ടിക്കായി നിയോഗിക്കുന്ന പോളിങ് സ്റ്റേഷന്റെ വിവരം ലഭ്യമാകും. പോളിങ് ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുറമെ 1,217 സ്വകാര്യ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസുകാരെ എത്തിക്കുന്നതിനായി 306 സ്വകാര്യ വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

പോളിങ് ചുമതലയുള്ള ജീവനക്കാര്‍ക്ക് അവര്‍ ജോലിചെയ്യുന്ന നിയോജകമണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ 14 വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളും (വി.എഫ്.സി) അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വന്തം നിയോജകമണ്ഡലങ്ങളില്‍ച്ചെന്ന് വോട്ടുചെയ്യാന്‍ 14 പോസ്റ്റല്‍ വോട്ടിങ് സെന്ററുകളും (പി.വി.സി) പോളിങ് ഡ്യൂട്ടി ഇല്ലാത്ത മറ്റ് തിരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യുന്നതിനായി ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഡെസിഗ്‌നേറ്റഡ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററും ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ ഉദ്യോഗസ്ഥരുടെയും വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്നും കലക്ടര്‍ പറഞ്ഞു.

കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ളവ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും അകത്തും പുറത്തും വെബ്കാസ്റ്റിങ് സംവിധാനം ഉണ്ടാകും. വോട്ട് ചെയ്യാനെത്തുന്നയാള്‍ ബൂത്തില്‍ പ്രവേശിക്കുന്നത് മുതല്‍ പുറത്തിറങ്ങുന്നത് വരെയുള്ള വോട്ടെടുപ്പിന്റെ മുഴുവന്‍ ദൃശ്യങ്ങളും സി.സി.ടി.വി ക്യാമറ വഴി കണ്‍ട്രോള്‍ റൂമില്‍നിന്ന് തത്സമയം നിരീക്ഷിക്കും. ഇതിനായി വിപുലമായ സംവിധാനങ്ങള്‍ കലക്ടറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ട് ചെയ്യുന്ന സമയത്ത് വോട്ടര്‍മാര്‍ക്ക് തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സുരക്ഷിതമായി വെക്കാന്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളില്‍ ഒരുക്കും. വോട്ടര്‍മാരെ സഹായിക്കാന്‍ എന്‍.എസ്.എസ്, എന്‍.സി.സി സന്നദ്ധപ്രവര്‍ത്തകരും പോളിങ് സ്റ്റേഷനുകളിലുണ്ടാകും.

വോട്ടെടുപ്പിന് ശേഷം വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകള്‍ മടപ്പള്ളി ഗവ. കോളേജിലും തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിലേത് കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസിലും സജ്ജമാക്കിയ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. ബാക്കി മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകള്‍ വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്‌ലാം സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. മടപ്പള്ളി ഗവ. കോളേജ്, കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ്, വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്‌ലാം എന്നിവയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ഏപ്രില്‍ ഏഴിന് വൈകീട്ട് ആറു മണി മുതല്‍ ഏപ്രില്‍ ഒമ്പതിന് ആറു മണി വരെ ജില്ലയില്‍ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126(1) (ബി) പ്രകാരം 48 മണിക്കൂര്‍ നിശബ്ദ പ്രചാരണം മാത്രമേ പാടുള്ളൂ. നിശബ്ദ പ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി സുപിന്‍, റൂറല്‍ എസ്.പി ടി ഫറാഷ് എന്നിവരും പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com