ദേശീയ ചലച്ചിത്ര പുരസ്കാര തിളക്കത്തിൽ വീണ്ടും പുല്ലൂരാംപാറ; ജോഷി ബെനഡിക്റ്റിന് രണ്ടാം അംഗീകാരം

തിരുവമ്പാടി: രണ്ടാം തവണയും ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി നാടിന്റെ അഭിമാനമായി മാറി പുല്ലൂരാംപാറ ആക്കാട്ടമുണ്ടക്കൽ കുടുംബവും ചിത്രകാരനും ഗ്രാഫിക് നോവലിസ്റ്റുമായ ജോഷി ബെനഡിക്റ്റും. അദ്ദേഹത്തിന്റെ ‘ടച്ച്ഡ് ആസ് വാട്ടർ’ (Touched as Water) എന്ന അനിമേഷൻ ചിത്രത്തിനാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.ഗ്രാമീണ കേരളത്തിന്റെ പശ്ചാത്തലത്തിൽ സ്നേഹം, നഷ്ടം, പരിവർത്തനം എന്നീ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന രണ്ട് സഹോദരങ്ങളുടെ കഥയാണ് ചിത്രം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നത്. ലളിതമായ അവതരണശൈലിയും ശക്തമായ വികാരപ്രകടനവും കൊണ്ട് പ്രേക്ഷകരുമായി ആത്മബന്ധം സ്ഥാപിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.നേരത്തെ, 2024-ൽ ജോഷി ബെനഡിക്റ്റ് സംവിധാനം ചെയ്ത ‘എ കോക്കനട്ട് ട്രീ’ (A Coconut Tree) എന്ന ചിത്രത്തിനും മികച്ച അനിമേഷൻ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. തുടർച്ചയായി രണ്ടുതവണ ദേശീയ പുരസ്കാരം നേടി മലയാള അനിമേഷൻ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് ഈ കലാകാരൻ.



