LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കാപ്പുമല വളവിൽ പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട്ലെറ്റിന് ലൈസൻസ് പുതുക്കി നൽകാനുള്ള “അജണ്ട” പ്രതിപക്ഷ പ്രതിഷേധത്തിൽ പിൻവലിച്ച് മുക്കം നഗരസഭ.

മുക്കം : സംസ്ഥാന പാതയോരത്ത് മുക്കം കാപ്പുമല വളവിൽ പ്രവർത്തിക്കുന്ന ബീവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റിന് ലൈസൻസ് പുതുക്കി നൽകാനുള്ള അജണ്ട ഭരണ സമിതി യോഗത്തിൽ നിന്ന് പിൻവലിച്ചു.യു.ഡി.എഫ് – വെൽഫെയർ പാർട്ടി കൗൺസിലർമാരുടെ പ്രതിഷേധത്തെ തുടർന്നാണ് അജണ്ട പിൻവലിച്ചത്.ഔട്ട് ലെറ്റിന് 2026 മാർച്ച് മാസം വരെയാണ് എക്സൈസ് വകുപ്പിന്റെ ലൈസൻസ് പ്രാബല്യത്തിലുള്ളത്.അതേസമയം, മുക്കം നഗരസഭ നൽകിയിരിക്കുന്ന നിലവിലെ ലൈസൻസ് 2026 ആഗസ്റ്റ് മാസം വരെയുമുണ്ട്.ഇത്തരമൊരു സാഹചര്യത്തിൽ കാലാവധി തീരാൻ മാസങ്ങൾ ബാക്കിയിരിക്കെ ലൈസൻസ് പുതുക്കാൻ ഇത്രയും തിടുക്കം കാണിച്ചതിന് പിന്നിലെ ദുരൂഹത ഭരണസമിതി ജനങ്ങളോട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.നഗരസഭ നേരിടുന്ന വികസന-ക്ഷേമ വിഷയങ്ങൾ അനവധിയുണ്ടായിരിക്കെ,ബീവറേജ് ഔട്ട്‌ലെറ്റിന്റെ ലൈസൻസ് പുതുക്കലിന് മുൻഗണന നൽകിയത് ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായ നടപടിയാണ്.

ജനങ്ങളുടെ ആരോഗ്യവും സാമൂഹിക സുരക്ഷയും ബാധിക്കുന്ന വിഷയത്തിൽ പൊതുജനാഭിപ്രായം പോലും തേടാതെ മുന്നോട്ട് പോകാനുള്ള ശ്രമം അംഗീകരിക്കാനാവില്ലന്നും മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഭരണസമിതി സ്വീകരിക്കുന്നതെന്ന ഗുരുതരമായ സംശയം ഈ നടപടിയിലൂടെ ശക്തിപ്പെടുന്നതായും പ്രതിപക്ഷം ആരോപിച്ചു.സമൂഹത്തിൽ മദ്യാസക്തി വർധിപ്പിക്കുന്ന നയങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഒരു തീരുമാനവും മുക്കം നഗരസഭയിൽ നടപ്പാക്കാൻ അനുവദിക്കില്ലന്നും യു.ഡി.എഫ് -വെൽഫെയർ പാർട്ടി കൗൺസിലർമാരുടെ ശക്തമായ ഇടപെടലും പ്രതിഷേധവും മൂലമാണ് അജണ്ട മാറ്റിവെക്കാൻ ഭരണസമിതി നിർബന്ധിതമായതെന്നും കൗൺസിലർമാർ അവകാശപ്പെട്ടു. ജനവിരുദ്ധവും സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമായ ഏതൊരു തീരുമാനത്തെയും ശക്തമായി എതിർക്കുമെന്നും, ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ യു.ഡി.എഫും വെൽഫെയർ പാർട്ടിയും എല്ലാ ജനാധിപത്യ മാർഗങ്ങളും സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.പ്രതിഷേധത്തിന് യു.ഡി.എഫ് വെൽഫെയർ പാർട്ടി കൗൺസിലർമാരായ വി.അബ്ദുള്ളക്കുട്ടി ,ശരീഫ് വെണ്ണക്കോട്, ഷെഫീഖ് മാടായി, മുനീർ മുത്താലം, എ.പി നസീം,ഹനീഫ് മുഹമ്മദ്, വി.എം റഹ്മത്ത്, ജിജി ജയരാജ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com