ലോക നാളികേര ദിനം: മുക്കം കൃഷിഭവനിൽ നാളികേര കർഷകരുമായി മുഖാമുഖവും ക്ലാസും സെപ്റ്റംബർ 2-ന്.

മുക്കം: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി മുക്കം നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ നാളികേര കർഷകർക്കായി പ്രത്യേക ബോധവൽക്കരണ പരിപാടികളും മുഖാമുഖവും സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 02 ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന് മുക്കം കൃഷിഭവനിൽ വെച്ചാണ് പരിപാടി നടക്കുക. തെങ്ങ് കൃഷിരംഗത്ത് മികച്ച വിജയം കൈവരിച്ച പ്രമുഖ കർഷകൻ ഡോമിനിക് മണ്ണ് കുശുമ്പിൽ കർഷകരുമായി സംവദിക്കുകയും ക്ലാസെടുക്കുകയും ചെയ്യും.
കേന്ദ്ര നാളികേര വികസന ബോർഡിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച നാളികേര കർഷകനുള്ള അവാർഡ്, സംസ്ഥാന സർക്കാരിന്റെ കേര കേസരി അവാർഡ്, മികച്ച സമ്മിശ്ര കർഷകനുള്ള കർഷകോത്തമ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള വ്യക്തിയാണ് ഡോമിനിക്.
തെങ്ങിൻ തൈ ഉൽപ്പാദനം, ലാഭകരമായ തെങ്ങ് കൃഷി രീതികൾ, ജൈവകൃഷി പരിപാലന മുറകൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ അദ്ദേഹം അനുഭവസമ്പത്ത് പങ്കുവെക്കും. പ്രദേശത്തെ മുഴുവൻ നാളികേര കർഷകരും പരിപാടിയിൽ പങ്കാളികളാകണമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു.



