
മുക്കം നഗരസഭ ഏർപ്പെടുത്തിയ നഗരസഭയിലെ മികച്ച അധ്യാപകർക്കുള്ള പുരസ്കാരം അധ്യാപകദിനത്തോടനുബന്ധിച്ച് ചേർന്ന അധ്യാപകസംഗമത്തിൽ വെച്ച് വിതരണം ചെയ്തു. നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് നിർദ്ദേശിക്കപ്പെട്ട 25 അധ്യാപകരിൽ നിന്നും ആറംഗങ്ങളടങ്ങിയ ജൂറി നടത്തിയ പരിശോധനക്കൊടുവിലാണ് എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ മികച്ച അധ്യാപകരെ കണ്ടെത്തിയത്. എൽ.പി വിഭാഗത്തിൽ താഴക്കോട് എൽ.പി സ്കൂളിലെ മീന ജോസഫ്, യു.പി വിഭാഗത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ളവർ സ്കൂൾ പ്രാധാനധ്യാപകനും ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ജെയിംസ് ജോഷി, ഹൈസ്കൂൾ വിഭാഗത്തിൽ ചേന്നമംഗലൂർ ഹയർ സെക്കന്ററി സ്കൂളിലെ അൻവർ സാദത്ത്, ഹയർ സെക്കന്ററി വിഭാഗത്തിൽ മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ റോബിൻ ഇബ്രാഹിം എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. മണാശ്ശേരി ഗവ.യു.പി സ്കൂൾ അധ്യാപകൻ ഷിജി ജോസ്, മുക്കം എം.കെ.എച്ച്.എം.എം.ഒ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂൾ അധ്യാപകൻ മുർഷിദ് ഒ.പി എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി. പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ട 25 അധ്യാപകരേയും നഗരസഭ ഉപഹാരം നൽകി ആദരിച്ചു.
മുക്കം സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ അഡ്വ.കെ.പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർ പേഴ്സൺ സി.എ പ്രദീപ് കുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ പ്രവർത്തകനും അധ്യാപക അവാർഡ് ജേതാവുമായ കെ.ടി. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ ജെയിംസ് ജോഷി, ബിന്ദു ജയകുമാർ എന്നിവരെയും നഗരസഭയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന വെറ്ററിനറി ഓഫീസർ മിഥുല റോയ്, മുത്താലം വെൽനസ് സെന്റർ മെഡിക്കൽ ഓഫീസർ ധനിഷ , ശുചിത്വമിഷൻ വൈ.പി നയന ശിവദാസ്, യൂനിവേഴ്സിറ്റി ബി.എ മലയാളം ഒന്നാം റാങ്ക് ജേതാവ് ജ്യുതി എന്നിവരേയും ചടങ്ങിൽ ആദരിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ബിന്ദു.കെ.പി, ഭവന വിനോദ്, റാഷിദ് കുന്നത്ത് നഗരസഭാ കൗൺസിലർമാരായ അബ്ദുള്ളക്കുട്ടി, ഷഫീഖ് മാടായി, ഗിരിജ. വി, ബബിത മനോജ്, മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ്തി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ് മനീഷ ഉള്ളാട്ടിൽ സ്വാഗതവും വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അബ്ദുൾ അസീസ് വാർപ്പിൽ നന്ദിയും പറഞ്ഞു.


