പൊതുജനം ഉപയോഗിച്ചിരുന്ന വഴി കെഎസ്ഇബി ഗേറ്റ് വെച്ച് അടച്ചു; ജനപ്രതിനിധികളുടെ ഇടപെടലിൽ വഴി തുറന്നുകൊടുത്തു

പുന്നക്കൽ:പുന്നക്കൽ ഉറുമിയിൽ കഴിഞ്ഞ 39 വർഷമായി പ്രദേശവാസികളും, പൊതുജനങ്ങളും ഉപയോഗിച്ചുവന്നിരുന്ന വഴി കെഎസ്ഇബി ഗേറ്റ് സ്ഥാപിച്ച് അടച്ച നടപടിയിൽ ജനപ്രതിനിധികളുടെയും ഭരണാധികാരികളുടെയും ശക്തമായ ഇടപെടൽ. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ പ്രത്യേക ഉത്തരവിനെത്തുടർന്ന്, കെഎസ്ഇബി ഡയറക്ടർ രാജൻ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി അടച്ച ഗേറ്റ് തുറന്ന് പൊതുജനങ്ങൾക്ക് പാത പുനഃസ്ഥാപിച്ചു നൽകി.
വർഷങ്ങളായി നാട്ടുകാർ ആശ്രയിച്ചിരുന്ന സഞ്ചാരപാത പെട്ടെന്ന് ഗേറ്റ് വെച്ച് അടച്ചതോടെ വലിയ ജനരോഷമാണ് പ്രദേശത്ത് ഉയർന്നത്. യാത്രാതടസ്സം നേരിട്ടതോടെ ജനപ്രതിനിധികൾ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയുമായിരുന്നു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, യുഡിഎഫ് ജില്ലാ ചെയർമാൻ വി.ഡി. ജോസഫ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് വാഴെപ്പറമ്പിൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കത്തെരുവിൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ജനങ്ങൾക്ക് വഴി തുറന്നുകൊടുത്തത്. പൊതുജനങ്ങളുടെ യാത്രാസ്വാതന്ത്ര്യം ഉറപ്പുവരുത്തിയ നടപടിയിൽ പ്രദേശവാസികൾ സന്തോഷവും നന്ദിയും അറിയിച്ചു.


