ചാലിയാർ തീരത്ത് വേറിട്ട അധ്യാപകദിനാഘോഷം; 20 അധ്യാപകർക്ക് ആദരമൊരുക്കി പഞ്ചായത്തംഗം എസ് എ നാസർ

മുക്കം: അധ്യാപകദിനത്തിൽ ചാലിയാർ തീരത്ത് സൊറ പറഞ്ഞും ഓർമകളും അനുഭവങ്ങളും പങ്കുവെച്ചും വേറിട്ടൊരു അധ്യാപകദിനാഘോഷം. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറുവാടി കടവിൽ പഞ്ചായത്തംഗം എസ്.എ. നാസറിന്റെ നേതൃത്വത്തിലാണ് അധ്യാപകദിനാഘോഷവും ആദരവും സംഘടിപ്പിച്ചത്.
രാവിലെ ചാലിയാറിന്റെ തീരത്തെ പ്രകൃതിഭംഗി ആസ്വദിച്ചും സൗഹൃദസംഭാഷണങ്ങളിലൂടെയും പഴയകാല അധ്യാപനാനുഭവങ്ങൾ പങ്കുവെച്ചും നടന്ന പരിപാടി അധ്യാപകർക്കും കാഴ്ചക്കാർക്കും വേറിട്ട അനുഭവമായി. സർവീസിലുള്ളവരും വിരമിച്ചവരുമായ വാർഡിലെ 20-ഓളം അധ്യാപകരെയാണ് ചടങ്ങിൽ ആദരിച്ചത്.
പഴയകാല അധ്യാപകരും പുതുതലമുറയിലെ അധ്യാപകരും ഒരുമിച്ചുകൂടിയ സംഗമം കൂടിയായി ചടങ്ങ് മാറി. അധ്യാപനരംഗത്തെ മാറ്റങ്ങളും പഴയകാല അനുഭവങ്ങളും ഓർമകളും പങ്കുവെച്ചത് പരിപാടിക്ക് കൂടുതൽ മികവേകി.
അധ്യാപകദിനാചരണവും ആദരിക്കൽ ചടങ്ങും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.എ. നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ബൽക്കീസ് മുഖ്യാതിഥിയായി. ജില്ല പഞ്ചായത്തംഗം പി.ജി മുഹമ്മദ്,
ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ്, ഷാബൂസ് അഹമ്മദ്, എൻ. ജമാൽ, കണ്ണൻ ചെറുവാടി,
പി.സി. മൊയ്തീൻകുട്ടി, മുഹമ്മദ് കക്കാട്, നസീർ ചെറുവാടി, കെ.കെ. ഫിറോസ്, സുഹറ വെള്ളങ്ങോട്ട്, ജബ്ബാർ പുത്തലത്ത്, മൊയ്തീൻ പുത്തലത്ത്, എസ്. കുട്ടി ഹസ്സൻ, മുഹമ്മദ് കുറുവാടങ്ങൽ തുടങ്ങിയവർ സംസാരിച്ചു.



