കൗൺസിലറെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധവുമായി മുക്കം നഗരസഭ ചെയർപേഴ്സൺ.

മുക്കം: മുക്കം നഗരസഭ കൗൺസിലർ ഷെരീഫ് വെണ്ണക്കോടിനെതിരെ ഒരു കൂട്ടം ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അക്രമത്തിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാതെയാണ് ബസ് സ്റ്റാൻഡിൽ വെച്ച് കൗൺസിലർ ക്രൂരമായ മർദ്ദനത്തിനിരയായതെന്ന് ചെയർപേഴ്സൺ പറഞ്ഞു.
മുക്കം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ബസ് ജീവനക്കാർ തമ്മിലുള്ള കൈയാങ്കാളികളും ലഹരിസംഘങ്ങളുടെ അഴിഞ്ഞാട്ടവും കാരണം പൊതുജനങ്ങളുടെ സ്വൈര്യജീവിതം കടുത്ത ഭീഷണിയിലാണ്. പ്രദേശത്ത് ലഹരി സംഘങ്ങൾക്കെതിരെയും അക്രമികൾക്കെതിരെയും ശക്തമായ പോലീസ് നടപടി വേണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു.
ബസ് സ്റ്റാൻഡിൽ നഗരസഭ മുൻകൈയെടുത്ത് പോലീസ് ഔട്ട്പോസ്റ്റ് സജ്ജീകരിച്ചിട്ടുണ്ടെങ്കിലും അവിടെ ആവശ്യത്തിന് പോലീസുകാരുടെ സാന്നിധ്യമില്ലാത്തത് സ്ഥിതിഗതികൾ വഷളാക്കുന്നുണ്ട്. ഇത് ടൗണിലെ ട്രാഫിക് നിയന്ത്രണത്തെയും ബാധിക്കുന്നു. മുക്കം പോലീസ് സ്റ്റേഷനിൽ ആവശ്യത്തിന് പോലീസുകാരില്ലാത്തത് ക്രമസമാധാന പാലനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.
മുക്കം സ്റ്റേഷനിൽ കൂടുതൽ പോലീസുകാരെ അടിയന്തരമായി നിയമിക്കണമെന്നും നഗരസഭ കൗൺസിലറെ ആക്രമിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും അഡ്വ. കെ.പി. ചാന്ദ്നി ആവശ്യപ്പെട്ടു.



