Uncategorized

ട്രാക്കിലാകാതെ വെസ്റ്റ് മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം .

മുക്കം: മലയോരമേഖലയിലെ കായികതാരങ്ങളും കായികപ്രേമികളും പ്രതീക്ഷയോടെ കാത്തിരുന്ന മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയ നിർമാണം നിലച്ചിട്ട് ഒന്നര വർഷം. ഇതോടെ സ്റ്റേഡിയം കാടുമൂടി നശിക്കുകയാണ്. സ്റ്റേഡിയം നിർമാണത്തിന്റെ ഭാഗമായി നിർമിച്ച കെട്ടിടത്തിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും അതിരൂക്ഷമായി. സംസ്ഥാന സ്കൂൾ കായികമേളക്ക് എൻ.ഐ.ടി മൈതാനം വേദിയാകുമ്പോൾ, ഇവിടെ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ഈ സ്റ്റേഡിയം അധികൃതരുടെ കനിവ് കാക്കുകയാണ്.കിഫ്‌ബിയുടെ ധനസഹായത്തോടെ സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റിന് കീഴിൽ പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോ നിർവഹണ ഏജൻസിയായാണ് നിർമാണം ആരംഭിച്ചത്. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്കായിരുന്നു ആദ്യഘട്ട നിർമാണപ്രവൃത്തിയുടെ ചുമതല. രണ്ടേക്കറോളം വരുന്ന മൈതാനത്ത് ടർഫ് ഫുട്ബാൾ മൈതാനം, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, വോളിബാൾ കോർട്ട്, ഗാലറി, ഡ്രസ് ചേയ്ഞ്ചിങ് റൂം, ആധുനിക ജിംനേഷ്യം, ജംപിങ് പിറ്റുകൾ, എന്നിവ നിർമിക്കുന്നതാണ് പദ്ധതി.നാല് വർഷം മുമ്പ് ആരംഭിച്ച നിർമാണപ്രവൃത്തി പാതിവഴിയിൽ നിലച്ചതോടെ, കായികതാരങ്ങളും കായികപ്രേമികളും ദുരിതത്തിലാണ്. പദ്ധതിയുടെ സ്പെഷൽ പർപ്പസ് വെഹിക്കിളായിരുന്ന കിറ്റ്കോ, നിർമാണപ്രവർത്തനങ്ങൾക്ക് നിർദേശം നൽകാതായതോടെയാണ് സ്റ്റേഡിയം നിർമാണം നിലച്ചത്. മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ ആറര കോടിയോളം രൂപ ചെലവിലാണ് അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം ആരംഭിച്ചത്.സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന കായിക താരങ്ങളുശട താമസത്തിനും മറ്റും പ്രദേശത്തെ വിദ്യാലങ്ങളിലാണ് സൗകര്യമൊരുക്കുന്നത്. വെസ്റ്റ് മാമ്പറ്റ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പൂർത്തിയായിരുന്നുവെങ്കിൽ മത്സരങ്ങൾക്ക് വേദിയാക്കാനും താരങ്ങളുടെ പരിശീലനത്തിനും ഈ മൈതാനം ഉപയോഗപ്പെടുത്താമായിരുന്നു. നിലവിൽ കാടുകയറിയ മൈതാനത്തിലൂടെ നടക്കാൻ പോലും പ്രയാസമാണ്. 2021 ഫെബ്രുവരിയിൽ ആരംഭിച്ച നിർമാണം ഇഴയുന്നതിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു. പ്രവൃത്തി പുനരാരംഭിച്ച് എത്രയും പെട്ടെന്ന് സ്റ്റേഡിയം യാഥാർഥ്യമാക്കണമെന്നാണ് കായികതാരങ്ങളുടെയും കായികപ്രേമികളുടെയും ആവശ്യം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com