പുല്ലൂരാംപാറ ഇരവഞ്ഞിപ്പുഴയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു.

പുല്ലൂരാംപാറ: ഇരവഞ്ഞിപ്പുഴയിലെ പുല്ലൂരാംപാറ കുമ്പിടാൻ കയത്തിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. കോയമ്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് നൗഫൽ (20), രാമേശ്വരം സ്വദേശി മൻസൂർ (21) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. ഇൻസ്റ്റാഗ്രാം റീൽസ് കണ്ട് വിനോദസഞ്ചാരത്തിനായി തമിഴ്നാട്ടിൽ നിന്നും എത്തിയ നാലംഗ സംഘത്തിലെ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയോടെ കയത്തിൽ കുളിക്കാനിറങ്ങിയ ഇരുവരും അപ്രതീക്ഷിതമായി മുങ്ങിത്താഴുകയായിരുന്നു.ഒപ്പമുണ്ടായിരുന്നവർ ബഹളം വെച്ചതിനെത്തുടർന്ന് ഓടിക്കൂടിയ പരിസരവാസികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നാട്ടുകാരുടെ ശ്രമഫലമായി ഇരുവരെയും കയത്തിൽ നിന്നും പുറത്തെടുത്ത് ഉടൻ തന്നെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടങ്ങൾ പതിവാകുന്ന കുമ്പിടാൻ കയത്തിൽ വീണ്ടും ജീവനുകൾ പൊലിഞ്ഞത് പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. തിരുവമ്പാടി സ്വകാര്യ ആശുപത്രിയിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.



